ഇവിടെയുണ്ടൊരു ഫാൽക്കൺ ആശുപത്രി
text_fieldsദോഹ: ഫാൽക്കൺ എന്ന പക്ഷി അപരിചിതമായ നാട്ടുകാർക്ക് ഏറെ കൗതുകമുള്ള കാര്യമാണ് ഇവയുടെ ചികിത്സകൾക്കായി പ്രത്യേക ആശുപത്രി പ്രവർത്തിക്കുന്നു എന്നത്.
ഫാൽക്കൺ പ്രിയർ ഏറെയുള്ള ഖത്തറിൽ അവയുടെ ആരോഗ്യ പരിചരണത്തിനായാണ് സൂഖ് വാഖിഫിലെ ഫാൽക്കൺ ആശുപത്രി പ്രവർത്തിക്കുന്നത്. സീസണിൽ പ്രതിദിനം 150 ഫാൽക്കണുകൾ വരെ ഇവിടെ ചികിത്സതേടുന്നുണ്ട്. സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള കാലയളവാണ് പ്രധാനമായും ഫാൽക്കൺ സീസണായി കണക്കാക്കുന്നത്.
ഏറ്റവും മികച്ച സേവനങ്ങളാണ് ഫാൽക്കൺ ആശുപത്രിയിൽനിന്ന് ലഭിക്കുന്നതെന്നും അറബ് ലോകത്ത് ഫാൽക്കണിനുള്ള പ്രാധാന്യം കാരണം ആശുപത്രി ഫാൽക്കണുകളുടെ ചികിത്സക്കാണ് പ്രാമുഖ്യം നൽകുന്നതെന്നും ഫാൽക്കൺ ഉടമയായ അലി അൽ മർരി പറയുന്നു. ശസ്ത്രക്രിയ മുതൽ പക്ഷികൾക്കാവശ്യമായ ഐഡിയും പാസ്പോർട്ടുകളും നൽകുന്നത് വരെയുള്ള വ്യത്യസ്ത സേവനങ്ങൾ ഫാൽക്കണുകൾക്കായി ആശുപത്രിയിൽ ലഭ്യമാകുന്നുണ്ടെന്ന് ആശുപത്രി വെബ്സൈറ്റിൽ പറയുന്നുണ്ട്. കിടത്തിച്ചികിത്സ, എൻഡോസ്കോപ്പി, എക്സ്റേ, പ്രിലിമിനറി ലബോറട്ടറി എന്നിവ ഉൾപ്പെടുന്ന പ്രധാന ക്ലിനിക്ക്, ഐഡി റൂം (ഫാൽക്കൺ റിങ്–ഐഡി), ഓപറേഷൻ തിയറ്റർ, മോളിക്യുലാർ ബയോളജി, ക്ലിനിക്കൽ പാത്തോളജി തുടങ്ങി 13 വിഭാഗങ്ങളാണ് ആശുപത്രിയിലുള്ളത്.
സാധാരണ ചികിത്സകൾക്ക് പുറമേ, വൈറോളജി, ടിഷ്യൂ, ഇമ്യൂണോളജി, ഹിസ്റ്റോപാത്തോളജി, ഫാർമകോളജി, ടോക്സിക്കോളജി, ഓട്ടോപ്സി, തൂവൽ മാറ്റിവെക്കൽ, സൗന്ദര്യവർധക സേവനം, മൈേക്രാ ബയോളജി, ക്വാറൻറീൻ എന്നീ സേവനങ്ങളും ആശുപത്രി നൽകുന്നു.
ഒരേസമയം 30ലധികം ഫാൽക്കണുകളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യം ആശുപത്രിയിലുണ്ട്. മൈക്രോ ചിപ്പുകൾ, ഫാൽക്കൺ ലെഗ് റിങുകൾ, ഐഡി കാർഡ് എന്നിവയാണ് ഐഡി റൂമിൽനിന്നുള്ള സേവനങ്ങൾ.
ഐഡി കാർഡിൽ ഉടമയുടെ പേര്, ഫോൺ നമ്പർ, വർഗം, മൈേക്രാ ചിപ്പ്നമ്പർ, വാക്സിൻ വിവരങ്ങൾ എന്നിവയുണ്ടാകും. മുനിസിപ്പാലിറ്റി മന്ത്രാലയത്തിൽനിന്നും പക്ഷികൾക്കുള്ള പാസ്പോർട്ട ലഭിക്കണമെങ്കിൽ ഫാൽക്കൺ ആശുപത്രിയിൽനിന്നുള്ള ഐഡി കാർഡ് നിർബന്ധമായും ഉണ്ടായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.