ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല
text_fieldsദോഹ: രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും പ്രാദേശികാടിസ്ഥാനത്തിൽ വ്യാപാരം ചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രാദേശിക വിപണികളിൽ നിരീക്ഷണം ശക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. ഈ വർഷം ആദ്യ പകുതിയിൽ ഇറക്കുമതി ചെയ്ത ഭക്ഷ്യ വസ്തുക്കളുടെ 60,520 ഷിപ്പ്മെന്റുകൾ സുരക്ഷാ, സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ മന്ത്രാലയം പരിശോധന നടത്തി.
ഇക്കാലയളവിൽ 116 കോടി കിലോ ഭക്ഷ്യവസ്തുക്കളാണ് രാജ്യത്തെത്തിയത്. ഇതിൽ 985,676 കിലോഗ്രാം ഭക്ഷ്യ വസ്തുക്കൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് നശിപ്പിച്ചതായും 211 ഷിപ്പ്മെന്റുകൾ തിരിച്ചയച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ആറ് മാസത്തിനിടെ കയറ്റുമതി, പുനർ കയറ്റുമതി വിഭാഗത്തിലായി 155 സർട്ടിഫിക്കറ്റുകളും, 104 ഭക്ഷ്യ നശീകരണ സർട്ടിഫിക്കറ്റുകളും 48 ഫുഡ് റീ ഇൻസ്പെക്ഷൻ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ഭക്ഷ്യ വസ്തുക്കൾ നശിപ്പിക്കാൻ 625 അപേക്ഷകളും പുനപരിശോധിക്കാൻ 102 അപേക്ഷകളും മന്ത്രാലയത്തിനു മുന്നിലെത്തി. ഉൽപന്നങ്ങളുടെ അന്തിമ ക്ലിയറൻസിനായി 3119 അപേക്ഷകളിൽ മന്ത്രാലയം തുടർനടപടികൾ സ്വീകരിച്ചു. ഭക്ഷ്യ ഉൽപാദകർക്ക് ആരോഗ്യ മന്ത്രാലയം നൽകുന്ന സേവനങ്ങളിൽ ഈ വർഷം ആദ്യ പകുതിയിൽ 1279 ഉൽപാദകർ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.
ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്കായി 1734 സർട്ടിഫിക്കറ്റുകളും, ഫുഡ് ഹാൻഡ്ലർ വിഭാഗത്തിലായി 766 പെർമിറ്റുകളും മന്ത്രാലയം അനുവദിച്ചു.
രാജ്യത്തെ ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ നിയമ, നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആറ് മാസത്തിനിടെ 3221 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. തുറമുഖങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളിൽ 7022 സാമ്പിളുകൾ പരിശോധനക്കയച്ചു. സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിൽ പ്രാദേശിക ഭക്ഷ്യ വിപണികളിൽ നിന്നായി 10064 സാമ്പിളുകളും മന്ത്രാലയം പരിശോധിച്ചു.
വാഥെക് ഇലക്ട്രോണിക് ഭക്ഷ്യസുരക്ഷ സേവനം വഴി 21457 ഭക്ഷ്യ ഉൽപന്നങ്ങൾക്ക് അംഗീകാരം നൽകിയതായും മന്ത്രാലയം അറിയിച്ചു. വാഥെക് സേവനത്തിൽ ഇതുവരെ 883 ഭക്ഷ്യ സ്ഥാപനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.