അവരെല്ലാവരും ഇവിടെ സഹോദരങ്ങളാണ്
text_fields നാസി ചമ്മനൂർ
ദോഹ: ഇഷ്ടപ്പെട്ടാൽ സ്നേഹം വാരിക്കോരി നൽകുകയെന്നതാണ് അറബികളുടെ പാരമ്പര്യം. തങ്ങളുടെ വീട്ടിലെയും സ്ഥാപനങ്ങളിലെയും ജോലിക്കാരായെത്തുന്ന പ്രവാസികൾ വഴി അവർ നൽകിയ സ്നേഹം ആവോളം അനുഭവിച്ചവരാണ് മലയാളികൾ. അങ്ങനെ നമ്മുടെ നാട്ടിൽ ഉയർന്ന സ്ഥാപനങ്ങൾ മുതൽ ലഭ്യമായ സഹായങ്ങളും നിരവധിയാണ്. അത്തരമൊരു സ്നേഹബന്ധത്തിന്റെ അപൂർവമായൊരു കഥയാണ് ഖത്തറിലെ കർത്തിയാത്തിലെ സ്വദേശി വീടും അവിടത്തെ ജോലിക്കാരായ തൃശൂർ പുന്നയൂർക്കുളം സ്വദേശികളായ ബക്കർ-ശരീഫ് സഹോദരങ്ങളുടെ സുഹൃത്തുക്കളും തമ്മിലേത്. 30 വർഷം മുമ്പാണ് ബക്കറും ശരീഫുമെല്ലാം സ്വദേശി വീട്ടിൽ ജോലിക്കാരായെത്തുന്നത്. 17 വർഷം മുമ്പ് ബക്കർ മരിച്ചു. ശരീഫും സഹോദരൻ ഫൈസലും ബന്ധുവായ ആഷിക്കുമെല്ലാം ഈ വീട്ടിൽ തന്നെ ജോലിക്കാരായെത്തി.
എന്നാൽ, ഇവർ മാത്രമല്ല പുന്നയൂർക്കുളത്തെ ആറ്റുപുറം-പരൂർ സ്വദേശികളായ ഇവരുടെ സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം ഈ അറബ് വീടിന് പ്രിയപ്പെട്ടവരാണ്. കഴിഞ്ഞ 10 വർഷത്തോളമായി ശരീഫിന്റെയും ഫൈസലിന്റെയും നാട്ടുകാരായ സുഹൃത്തുക്കളെ റമദാനിൽ നോമ്പുതുറക്കായി തങ്ങളുടെ വീട്ടിലെ മജ്ലിസിലെത്തിച്ച് നോമ്പുതുറയൊരുക്കിയാണ് അവർ ആത്മബന്ധം സജീവമാക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കോവിഡ് മുടങ്ങിയപ്പോൾ, ഇക്കുറി അത് വീട്ടിലെ മജ്ലിസ് വിട്ട് റയ്യാൻ പാർക്കിലെ പുൽത്തകിടിയിലേക്ക് മാറ്റി. ആറ്റുപുറം-പരൂർ സ്വദേശികളായ 60ഓളം പേർ പങ്കെടുത്ത നോമ്പുതുറക്ക് വിഭവങ്ങളെല്ലാം എത്തിയത് ഈ സ്വദേശി വീട്ടിൽനിന്നായിരുന്നു.
ഇവരുടെ നാട്ടിലെ കായിക-സാംസ്കാരിക സംഘടനയായ കാസ്കോയുടെ ഖത്തർ ചാപ്റ്റര്‍ അംഗങ്ങളാണ് നോമ്പുതുറ ഏകോപിപ്പിച്ചത്. വീട്ടിലെ ജീവനക്കാരനായിരുന്ന ബക്കര്‍ മരിച്ചെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തെ ഇപ്പോഴും അവർ അവശ്യ സന്ദർഭങ്ങളിലെല്ലാം പരിഗണിക്കുന്നു. ശരീഫ് കോവിഡിനുശേഷം നാട്ടിലാണ്. മജ്ബൂസ്, അരീസ്, ഫത്തായിര്, ഗീമാസ് തുടങ്ങി അറബി വിഭവങ്ങൾ ഉൾപ്പെടുത്തിയായിരുന്നു വിശാലമായ പാർക്കിൽ ഇവർ ശരീഫിന്റെയും ഫൈസലിന്റെയും നാട്ടുകാർക്കായി ഇഫ്താർ ഒരുക്കിയത്. കാസ്കോ ഖത്തർ ചാപ്റ്റർ പ്രതിനിധികളായ സി.പി. സുബൈർ, ഷാഫി, റൗഫ്, ഫൈസൽ, ആഷിഫ്, ഫാസിൽ എന്നിവർ നേതൃത്വം നൽകി. ബക്കറിന്റെ സഹോദരങ്ങൾ റമദാനിലെ മുഴുവൻ ദിവസവും കർത്തിയാത്തിലെ വീട്ടിലെത്തി ഭക്ഷണങ്ങൾ സ്വീകരിക്കണമെന്നത് ഇപ്പോഴും സ്വദേശി കുടുംബത്തിന് നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.