അവർ പറന്നുനടന്നു, ഭാവനയുടെ അതിരില്ലാആകാശത്ത്...
text_fieldsദോഹ: അതിരുകളില്ലാത്ത ഭാവനയുടെ ആകാശത്ത് കൊച്ചുകുട്ടികൾ പറന്നുനടന്നു, ചുരുങ്ങിയ സമയത്ത് അവർ വ്യത്യസ്ത വിഷയങ്ങളിലുള്ള നൂറുകണക്കിന് ചിത്രങ്ങൾക്ക് നിറംപകർന്നു. കുട്ടികളുടെ മനസിനിണങ്ങിയ ചേരുവകളാൽ സമൃദ്ധമായ 'ഗൾഫ്മാധ്യമം' ഓൺലൈൻ തൽസമയ പെയിൻറിങ് മൽസരം ശരിക്കും 'കളറാ'യി. വെള്ളിയാഴ്ച സൂമിലൂടെ നടത്തിയ മൽസരം ഖത്തർ ഏറ്റെടുക്കുകയായിരുന്നു. കോവിഡ്കാലത്ത് പാഠ്യേതരപ്രവർത്തനങ്ങളിൽ സജീവമാകാൻ കഴിയാത്ത കുട്ടികൾക്ക് മൽസരം ഏറെ അനുഗ്രഹമായി.
പ്രായമനുസരിച്ച് മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മൽസരത്തിൽ വിവിധ രാജ്യക്കാരായ നൂറുകണക്കിന് കുട്ടികളാണ് പങ്കെടുത്തത്. ആയിരത്തോളം പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ചെസ്റ്റ് നമ്പറും സ്റ്റാമ്പ് ചെയ്ത ഡ്രോയിങ് പേപ്പറുകളും നേരിട്ട് കൈപ്പറ്റിയവരെയാണ് പങ്കെടുക്കാൻ അനുവദിച്ചത്. ക്രയോൺസ് വിഭാഗത്തിൽ മൂന്ന് മുതൽ അഞ്ചുവയസുവരെയുള്ളവരുടെ മൽസരം രാവിലെ ഒമ്പതുമുൽ പത്തുവരെയായിരുന്നു. ഇവർക്ക് 'ഡ്രീം ഹോം' എന്നതായിരുന്നു വിഷയം. ആറുമുതൽ പത്ത് വയസുവരെയുള്ളവർ 10.15 മുതൽ 11.15 വരെ സ്കെച്ച് പെൻ വിഭാഗത്തിൽ വർണക്കൂട്ടുകൾ ഒരുക്കി. 'ഹാപ്പി ഫാമിലി' എന്നതായിരുന്നു ഇവരുടെ വിഷയം. വാട്ടർ കളർ വിഭാഗത്തിൽ 11 മുതൽ 15 വയസുവരെയുള്ളവർ 'ഫെസ്റ്റിവെൽ' വിഷയത്തിൽ ഉച്ചക്ക് ഒന്നുമുതൽ രണ്ട്മണി വരെ മൽസരിച്ചു.
നേരത്തേ തന്നെ സൂം ലിങ്ക് വാട്സ്ആപ്പിൽ അയച്ചുകൊടുക്കുകയായിരുന്നു. ഇതുവഴി ചിത്രം വരക്കുന്നത് മുടങ്ങാതെ തൽസമയം സംഘാടകർ നിരീക്ഷിച്ചു.ആർ.ജെ. പാർവതിയാണ് മൽസരം നിയന്ത്രിച്ചത്. ഉദ്ഘാടന ചടങ്ങിൽ ഗൾഫ്മാധ്യമം- മീഡിയാവൺ എക്സിക്യുട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, ഐ.സി.ബി.എഫ് പ്രസിഡൻറ് പി.എൻ. ബാബുരാജൻ, ചിത്രകാരൻ ബാസിത് ഖാൻ, മീഡിയാവൺ മിഡിൽ ഈസ്റ്റ് ഹെഡ് എം.സി.എ നാസർ എന്നിവർ പങ്കെടുത്തു. സമാപനചടങ്ങിൽ റഹീം ഓമശ്ശേരി, മാർക്കറ്റിങ് ആൻറ് അഡ്മിൻ മാനേജർ ആർ.വി. റഫീക്ക്, അക്കൗണ്ട്സ് ഹെഡ് പി. അമീർ അലി, ബ്യൂറോ ചീഫ് ഒ. മുസ്തഫ എന്നിവർ പങ്കെടുത്തു.
മൽസരഫലം 15ന് പുറത്തുവിടും
ഓൺലൈൻ പെയിൻറിങ് മൽസരത്തിൻെറ വിജയികളുെട വിവരങ്ങൾ ഒക്ടോബർ 15ന് പുറത്തുവിടും. പ്രമുഖ ചിത്രകാരൻമാരാണ് ജഡ്ജിങ് പാനലിൽ ഉള്ളത്. വരച്ച ചിത്രങ്ങൾ ഒക്ടോബർ 12നുള്ളിൽ ഗൾഫ് സിനിമ സിഗ്നലിലുള്ള ഗൾഫ്മാധ്യമം ഓഫിസിൽ നേരിെട്ടത്തിക്കണം. വിവരങ്ങൾക്ക് 55091170 നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.