മാതൃകയാണ് ഈ മനുഷ്യത്വം
text_fieldsദോഹ: കണ്ടുശീലിച്ച അഭയാർഥി ക്യാമ്പുകളുടെ ദൃശ്യങ്ങളൊന്നുമല്ല ഇവിടെ.
അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതോടെ, പിറന്ന മണ്ണ് വിട്ട് പലായനം ചെയ്യാൻ നിർബന്ധിക്കപ്പെട്ട ജനങ്ങളെ ഹൃദയത്തോട് ചേർത്ത് വരവേൽക്കുകയാണ് ഖത്തർ. കഴിഞ്ഞ ഒരാഴ്ചയിലേറെ നീണ്ട ഒഴിപ്പിക്കലിൻെറ ഭാഗമായി അമേരിക്കൻ സേന, നാറ്റോ സഖ്യസേന, ഖത്തർ അമിരി എയർഫോഴ്സ് എന്നിവർ ചേർന്ന് ഒഴിപ്പിച്ച് ഖത്തറിലെത്തിച്ച അഫ്ഗാനികൾക്ക് ഹൃദ്യമായ താമസസംവിധാനമാണ് അധികൃതർ ഒരുക്കിയത്.
ഹൗസിങ് വില്ലയിൽ ആധുനിക സജ്ജീകരണങ്ങളോടെയുള്ള താമസസൗകര്യങ്ങൾ വെളിപ്പെടുത്തുന്ന വിഡിയോ ദൃശ്യം കഴിഞ്ഞ ദിവസം ഖത്തർ ഗവ. കമ്യൂണിക്കേഷൻ ഓഫിസ് പുറത്തുവിട്ടു. അഫ്ഗാൻ പൗരന്മാർ, മാധ്യമപ്രവർത്തകർ, വിവിധ രാജ്യാന്തര സംഘടനകളുടെ ജീവനക്കാർ തുടങ്ങി ഏഴായിരത്തിലേറെ പേരാണ് ഇടത്താവളമെന്ന നിലയിൽ ഖത്തറിൽ കഴിയുന്നത്. ഇവർക്ക് മികച്ച നിലവാരത്തിലുള്ള താമസസൗകര്യമാണ് ഒരുക്കിയത്.
ബഹുനിലകളിലായുള്ള കെട്ടിടത്തിൽ ക്ലിനിക്കുകൾ, കുട്ടികൾക്കുള്ള വിനോദകേന്ദ്രങ്ങൾ, ഭക്ഷ്യ ഔട്ലെറ്റുകൾ എന്നിവ തയാറാക്കിയിട്ടുണ്ട്. ഇതിനു പുറമെ കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ, പഠന ഉപകരണങ്ങൾ എന്നിവ സമ്മാനമായും നൽകി.
ഖത്തർ അമിരി ഫോഴ്സിൻെറ സ്നേഹോഷ്മളമായ സ്വീകരണവും പെരുമാറ്റവും പങ്കുവെക്കുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
കാബൂളിലെ വിമാനത്താവളത്തിൽ മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും നൽകിയും താലോലിച്ചും സൈനികർ അവരെ സ്വീകരിച്ചത് ഹൃദ്യമായ കാഴ്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.