ഇത് കൂട്ടവംശഹത്യ; വെടിനിർത്തലിന് ഗൗരവ ഇടപെടൽ വേണം -ഖത്തർ അമീർ
text_fieldsദോഹ: ഗസ്സക്കു പിറകെ ലബനാനിലേക്കും ഇസ്രായേൽ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ മേഖലയിലെ യുദ്ധവ്യാപന ആശങ്കകൾ പങ്കുവെച്ച് ഏഷ്യൻ കോഓപറേഷൻ രാജ്യങ്ങളുടെ ദോഹ ഉച്ചകോടി.
ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങൾ പങ്കെടുക്കുന്ന ഏഷ്യൻ സഹകരണ ഉച്ചകോടിയുടെ (എ.സി.ഡി) ഉദ്ഘാടന ചടങ്ങിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇസ്രായേലിനും അന്താരാഷ്ട്ര സമൂഹത്തിനുമെതിരെ രൂക്ഷവിമർശനമുന്നയിച്ചു.
ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളെ കൂട്ട വംശഹത്യയെന്ന് ആവർത്തിച്ച ഖത്തർ അമീർ, ഗസ്സയെ മനുഷ്യ വാസയോഗ്യമല്ലാത്ത മണ്ണാക്കി മാറ്റുന്നതിനുള്ള കൂട്ടക്കശാപ്പാണ് നടക്കുന്നതെന്നും വ്യക്തമാക്കി. കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ മേഖലയിൽ ശാശ്വത സമാധാനമോ സുരക്ഷിതത്വമോ കൈവരിക്കാൻ കഴിയില്ലെന്നും അമീർ പറഞ്ഞു.
ഗസ്സക്കു പിറകെ ലബനാനിലെ നിരപരാധികളെയും കൊന്നൊടുക്കുന്ന അധിനിവേശ സേനയുടെ വ്യോമാക്രമണങ്ങളെ അമീർ അപലപിച്ചു. നൂറുകണക്കിനുപേരെ കൊന്നൊടുക്കുകയും ദശലക്ഷങ്ങളെ അഭയാർഥികളാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച നിഷ്ഠുര ആക്രമണങ്ങളിൽനിന്നും ഇസ്രായേലിനെ പിന്തിരിപ്പിക്കാനോ, യുദ്ധം അവസാനിപ്പിക്കാനോ കഴിയാത്ത അന്താരാഷ്ട്ര ഏജൻസികളുടെയും ലോകരാജ്യങ്ങളുടെയും പരാജയത്തെയും അമീർ വിമർശിച്ചു. ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾക്കെതിരായ അന്താരാഷ്ട്ര പ്രമേയങ്ങൾ നടപ്പാക്കാൻ വിസമ്മതിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് നേരത്തേതന്നെ ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു.
തുടരുന്ന അധിനിവേശവും, മനുശ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചോദ്യം ചെയ്യപ്പെടാതിരിക്കുന്നത് ആക്രമണം വ്യാപിപ്പിക്കാൻ അവർക്കുള്ള സ്വാതന്ത്ര്യമാവുന്നു. എല്ലാ നിയമങ്ങളെയും അവഗണിച്ച് ഫലസ്തീനിലും, പിന്നാലെ ലബനാനിലും മനുഷ്യരെ കൊന്നൊടുക്കുന്നു.
യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തലിനും ഗൗരവപരമായ നടപടികൾ ഇനിയും വൈകിക്കൂടാ -അമീർ പറഞ്ഞു. ഉച്ചകോടിയിൽ സംസാരിച്ച കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹും അന്താരാഷ്ട്ര സമൂഹത്തിന്റെ നിശ്ശബ്ദതയെ വിമർശിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഉത്കണ്ഠ പ്രകടിപ്പിച്ചു. സംയമനം പാലിക്കാനും ചർച്ചകളിലും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാനും ശ്രമിക്കണമെന്നും ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം ആഹ്വാനം ചെയ്തു.
അന്താരാഷ്ട്ര നിയമങ്ങൾ നടപ്പാക്കുന്നതിലും മനുഷ്യാവകാശം സംരക്ഷിക്കുന്നതിലുമുള്ള ലോകത്തിന്റെ ഇരട്ടത്താപ്പാണ് ഗസ്സയിലൂടെ വ്യക്തമാവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീൻ പ്രശ്നം ഏഷ്യൻ വൻകരയെ തന്നെ വേട്ടയാടുന്ന വേദനയാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, തജികിസ്താൻ പ്രസിഡന്റ് ഇമാമലി റഹ്മാൻ, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, തായ്ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്ര, ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല എന്നിവർ ഉൾപ്പെടെ 35 രാഷ്ട്രപ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.