'അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ നിരാശപ്പെടുത്തുന്നതാണ്' -ഹസൻ അൽ തവാദി
text_fieldsദോഹ: ഒറ്റപ്പെട്ടുയരുന്ന വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും മറുപടി നൽകുന്നതായിരുന്നു സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദിയുടെ പ്രസംഗം. '12 വർഷം ആത്മാർഥയോടെയും സമർപ്പണത്തോടെയുമുള്ള ഒരുക്കങ്ങളിലൂടെയാണ് മേഖലയുടെ ചരിത്രമാവാനൊരുങ്ങുന്ന ലോകകപ്പിനായി ഞങ്ങൾ തയാറെടുക്കുന്നത്. അറബ് മേഖലയിലേക്ക് ആദ്യമായി വിരുന്നെത്തുന്ന ഫുട്ബാൾ ടൂർണമെൻറ് എന്ന നിലയിൽ ഈ ലോകകപ്പ് ചരിത്ര നിമിഷമാണ്.
ഞങ്ങളുടെ സംസ്കാരവും, പൈതൃകവും രീതികളും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താനും അറബ് മേഖലയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യാനുമുള്ള അവസരമാണ് ഈ ലോകകപ്പ്' -ഹസൻ അൽ തവാദി പറഞ്ഞു.
ലോകകപ്പ് പോലൊരു വിശ്വപോരാട്ടത്തിന് വേദിയൊരുക്കപ്പെടുമ്പോൾ രാജ്യാന്തര ശ്രദ്ധ ഞങ്ങളിലെത്തുമെന്ന് അറിയാവുന്നതാണ്. ഫുട്ബാൾ എന്ന ആവേശത്തിൽ, തുറന്ന സംവാദങ്ങളിലൂടെയും ആശയ വിനിമയത്തിലൂടെയും എല്ലാം മനസ്സിലാക്കാനും അറിയാനും ലോകത്തെ സ്വാഗതം ചെയ്യുന്നു. ഈ ലോകകപ്പ് വെറുമൊരു ഫുട്ബാൾ മത്സരത്തിനപ്പുറമാണ് ഞങ്ങൾക്ക്. അറബ് മേഖലയും സംസ്കാരവും ലോകത്തിന് കൂടുതൽ അറിയാനും പരിചയപ്പെടുത്താനുമുള്ള അവസരവുമാണിത് -തവാദി പറഞ്ഞു. ഖത്തറിനും ഫിഫക്കുമെതിരെ വിമർശനമുന്നയിച്ച നോർവീജിയൻ ഫുട്ബാൾ പ്രസിഡന്റിന്റെ ആക്ഷേപങ്ങൾക്കും അദ്ദേഹം മറുപടി നൽകി. 'അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ നിരാശപ്പെടുത്തുന്നതാണ്. ഞങ്ങളുടെ രാജ്യം സന്ദർശിച്ചെങ്കിലും ഒരു കൂടിക്കാഴ്ചക്കോ, വിവരങ്ങൾ ചോദിച്ചറിയാനോ, ആശങ്കകൾ പങ്കുവെക്കാനോ ഒന്നും അവർ ശ്രമിച്ചില്ല. ചർച്ചകൾക്കും സംവാദങ്ങൾക്കുമെല്ലാം ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുമെല്ലാം എപ്പോഴും ഞങ്ങൾ തയാറാണ്. ആരുടെയും അഭിപ്രായങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഞങ്ങൾ തയാറാണ്. ക്രിയാത്മക വിമർശനങ്ങളെയും സ്വാഗതം ചെയ്യുന്നു. കാര്യങ്ങൾ മനസ്സിലാക്കാനും ചർച്ച ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് മുന്നിൽ ഞങ്ങളുടെ വാതിലുകൾ തുറന്നു തന്നെ കിടക്കും. മുൻവിധിയോടെ തീരുമാനമെടുക്കും മുമ്പ് വസ്തുനിഷ്ഠമായി കാര്യങ്ങൾ അറിയണമെന്ന് അഭ്യർഥിക്കുന്നു.
കളിയിൽ മാത്രമല്ല, എല്ലാ അർഥത്തിലും 'ലെഗസി'യാണ് ഈ ലോകകപ്പിന്റെ മുഖമുദ്ര. തൊഴിൽ നിയമങ്ങളിലും സുരക്ഷിതത്ത്വത്തിലും രാജ്യാന്തര തൊഴിൽ ഓർഗനൈസേഷൻ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രശംസ നേടിയാണ് ഖത്തർ ലോകകപ്പിലേക്ക് ഒരുങ്ങുന്നത്' -ലോകമെങ്ങുമുള്ള ഫുട്ബാൾ സംഘാടകരെയും താരങ്ങളെയും സാക്ഷിയാക്കി ഹസൻ അൽ തവാദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.