ബിർള സ്കൂളിൽ മൂന്ന് ക്ലാസുകൾ രണ്ടാം ഷിഫ്റ്റിലേക്ക്
text_fieldsദോഹ: ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളായ ബിർള പബ്ലിക് സ്കൂളിലെ ഒരു വിഭാഗം ക്ലാസുകൾ വീണ്ടും ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക്. ജനുവരി 15 മുതൽ തെരഞ്ഞെടുത്ത ക്ലാസുകൾ രണ്ടാം ഷിഫ്റ്റിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ബിർള പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. ആനന്ദ് ആർ. നായർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് പുതിയ മാറ്റം.
സ്കൂളിന് ഉൾക്കൊള്ളാനാവുന്നതിലും കൂടുതൽ വിദ്യാർഥികൾ പഠനം നടത്തുന്നതിനാലാണ് മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ഏതാനും ക്ലാസുകൾ ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചത്. കെ.ജി വൺ, ഗ്രേഡ് വൺ, ഗ്രേഡ് അഞ്ച് തുടങ്ങിയ ഡിവിഷനുകളാണ് പുതിയ മാറ്റപ്രകാരം രണ്ടാം ഷിഫ്റ്റിൽ പ്രവർത്തിക്കുക. കെ.ജി വൺ രാവിലെ 11.30 മുതൽ 3.30 വരെയും ഗ്രേഡ് ഒന്ന്, ഗ്രേഡ് അഞ്ച് ക്ലാസുകൾ ഉച്ച ഒരു മണി മുതൽ വൈകീട്ട് ആറ് മണിവരെയും പ്രവർത്തിക്കും.
അബൂഹമൂറിലെ മെയിൻ കാമ്പസിലായിരിക്കും ഈ ക്ലാസുകൾ നടക്കുകയെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. മറ്റു ക്ലാസുകൾ നിലവിലെ സമയ പ്രകാരംതന്നെ തുടരും. മൂന്ന് കാമ്പസുകളിലായി 7000ത്തോളം വിദ്യാർഥികൾ പഠിക്കുന്ന ബിർള സ്കൂളിൽ പുതിയ മാറ്റം 1200ന് മുകളിൽ വിദ്യാർഥികൾക്ക് ബാധകമാവും.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കിയും പരമാവധി എളുപ്പമാക്കിയുമാണ് പുതിയ ഷിഫ്റ്റിലേക്കുള്ള മാറ്റമെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാർഥികൾക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങൾ സ്കൂൾ മാനേജ്മെന്റ് നേതൃത്വത്തിൽ തയാറാക്കും. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ രക്ഷിതാക്കളെ നേരിട്ട് അറിയിക്കും.
കഴിഞ്ഞ സെപ്റ്റംബർ ആദ്യവാരത്തിൽ സ്കൂൾ ഷിഫ്റ്റ് മാറ്റം നടപ്പാക്കാനുള്ള തീരുമാനം രക്ഷിതാക്കളിൽനിന്ന് ശക്തമായ എതിർപ്പിന് വഴിവെച്ചിരുന്നു. കെ.ജി, ഗ്രേഡ് അഞ്ച് മുതൽ 12 വരെ ക്ലാസുകളായിരുന്നു താൽക്കാലികമായി ഷിഫ്റ്റിലേക്ക് മാറ്റിയത്. എന്നാൽ, വിവിധ സമയങ്ങളിൽ ക്ലാസുകൾ ആയതോടെ ജോലിക്ക് പോവുന്ന പ്രവാസി രക്ഷിതാക്കൾ ഉൾപ്പെടെ എതിർപ്പുമായി രംഗത്തെത്തി.
ഒപ്പുശേഖരണം നടത്തി സ്കൂൾ മാനേജ്മെന്റിന് പരാതിയും നൽകിയിരുന്നു. ഇതിനു പിന്നാലെ ദിവസങ്ങൾക്കുള്ളിൽതന്നെ തീരുമാനം മാറ്റുകയും സാധാരണ നിലയിലേക്ക് മാറുകയും ചെയ്തു. ഖത്തറിലെ വിദ്യാഭ്യാസ രീതി അനുസരിച്ച് സ്കൂൾ കെട്ടിടത്തിന് ഉൾക്കൊള്ളാവുന്ന കുട്ടികളുടെ പരമാവധി എണ്ണം വിദ്യാഭ്യാസ മന്ത്രാലയമാണ് നിശ്ചയിക്കുക. സുരക്ഷ കണക്കിലെടുത്ത് മുഴുവൻ കുട്ടികൾക്കും ഒരേസമയം സ്കൂൾ പഠനം ഉറപ്പാക്കാൻ കഴിയില്ലെന്നതിനാലാണ് മന്ത്രാലയം നിർദേശ പ്രകാരം ഒരു വിഭാഗം ക്ലാസുകൾ വീണ്ടും ഷിഫ്റ്റിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
സി.ബി.എസ്.ഇ പാഠ്യപദ്ധതി അനുസരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂളുകളിൽ അധ്യയന വർഷം മുക്കാൽ ഭാഗവും ഇതിനകം പൂർത്തിയായിട്ടുണ്ട്. ക്രിസ്മസ് അവധി കഴിഞ്ഞ് വിദ്യാർഥികൾ വാർഷിക പരീക്ഷയുടെ തിരക്കിലേക്ക് നീങ്ങുന്നതിനാൽ ഈ വർഷത്തിൽ കൂടുതൽ ദിനങ്ങൾ ക്ലാസുകളില്ല എന്നതാണ് രക്ഷിതാക്കൾക്കും ആശ്വാസമാവുന്നത്. അടുത്ത വർഷമാവുമ്പോഴേക്കും കാര്യങ്ങൾ പരിഹരിച്ച് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും കൂടുതൽ സൗകര്യപ്രദമായ സാഹചര്യങ്ങളിലേക്ക് നീങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ മാനേജ്മെന്റ്.
ഖത്തറിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് ആവശ്യമായ സീറ്റുകളുടെ പരിമിതി കാരണം കഴിഞ്ഞ നവംബർ ആദ്യവാരത്തിൽ നാല് സ്കൂളുകളിൽ മന്ത്രാലയം അനുമതിയോടെ ഡബ്ൾ ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചിരുന്നു. നിലവിൽ സ്കൂൾ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർഥികൾക്ക് മാത്രമായിരുന്നു ഈ സൗകര്യം അനുവദിച്ചത്. ഇതുപ്രകാരം എം.ഇ.എസ് ഇന്ത്യൻ സ്കൂൾ, ഐഡിയൽ, ശാന്തിനികേതൻ, ഡി.എം.ഐ.എസ് തുടങ്ങിയ സ്കൂളുകളിലാണ് ഈ ഡബ്ൾ ഷിഫ്റ്റ് നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.