കണ്ണീരണിഞ്ഞ വെള്ളി
text_fieldsദോഹ: മക്കയിലെത്തി ഉംറ നിർവഹിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പാലക്കാട് പുതുക്കോട്ട് തെക്കേത്തെരുവിൽ അബ്ദുൽ ഖാദറും ഭാര്യ സാബിറയും ഖത്തറിൽ മകളുടെയും മരുമകന്റെയും അരികിലെത്തിയത്. ഒരാഴ്ച മുമ്പ് ദോഹയിലെ വീട്ടിലെത്തി മകൾക്കും പേരക്കുട്ടികൾക്കുമൊപ്പം സന്തോഷത്തോടെ കഴിഞ്ഞ ദിവസങ്ങൾക്കൊടുവിൽ വ്യാഴാഴ്ചയായിരുന്നു മരുമകൻ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിനൊപ്പം ദോഹയിൽനിന്ന് അബൂ സംറ അതിർത്തി കടന്ന് മക്കയിലേക്ക് റോഡ് മാർഗം യാത്ര പുറപ്പെട്ടത്.
എന്നാൽ, യാത്ര മണിക്കൂറുകൾ പിന്നിട്ടശേഷം വെള്ളിയാഴ്ച പുലർച്ചയോടെ ഖത്തറിലെ സുഹൃത്തുക്കളെയും ബന്ധുക്കളെയും തേടിയെത്തിയത് ദുരന്തവാർത്തയായിരുന്നു. മക്കയിലേക്കുള്ള വഴിയിൽ ത്വാഇഫിൽ എത്താൻ 73 കിലോമീറ്റർ ബാക്കിനിൽക്കെ സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ അത്വീഫിൽ വെച്ചാണ് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞത്. ഉംറ സംഘം അപകടത്തിൽപെട്ട്, ഫൈസലിന്റെ രണ്ടു മക്കളും ഭാര്യാമാതാവും മരിച്ച വാർത്ത അറിഞ്ഞ ഞെട്ടലിലായിരുന്നു ദോഹയിലുള്ള ബന്ധുക്കൾ. ഒരു കുടുംബത്തിലെ രണ്ടു മക്കളും അവരുടെ വല്യുമ്മയും വിധിക്ക് കീഴടങ്ങിയ വാർത്തയുടെ ഞെട്ടലിലായിരുന്നു പ്രവാസികളും ഉറക്കമുണർന്നത്.
ഹമദ് മെഡിക്കൽ കോർപറേഷനിൽ നഴ്സായി ജോലി ചെയ്യുന്ന ഫൈസൽ രണ്ടു വർഷം മുമ്പ് മാത്രമാണ് ഖത്തറിലെത്തുന്നത്. നേരത്തേ വർഷങ്ങളോളം മക്കയിൽ തന്നെ നഴ്സായി ജോലി ചെയ്യുകയായിരുന്നു. ഫൈസൽ, ഭാര്യ സുമയ്യ, മക്കളായ അഭിയാൻ (ഏഴ്), അഹിയാൻ (നാല്), ഭാര്യയുടെ മാതാപിതാക്കൾ എന്നിങ്ങനെ ആറുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ദോഹയിൽനിന്ന് പുറപ്പെട്ട കാർ ഡ്രൈവ് ചെയ്തത് ഫൈസലായിരുന്നു.
പുലർച്ചയോടെ സുബ്ഹി നമസ്കാരം നിർവഹിച്ചശേഷം തുടർന്നുള്ള യാത്രക്കിടയിലായിരുന്നു അപകടമെന്നാണ് സൂചന. ദീർഘകാലം സൗദിയിൽ ജോലി ചെയ്തതിന്റെ പരിചയത്തിലായിരുന്നു ഭാര്യയുടെ മാതാപിതാക്കളും രണ്ടു മക്കളും ഉൾപ്പെടുന്ന കുടുംബവുമായി ഫൈസൽ ദോഹയിൽനിന്ന് യാത്ര പുറപ്പെട്ടത്. ഫൈസൽ, ഭാര്യ സുമയ്യ, ഭാര്യാപിതാവ് അബ്ദുൽ ഖാദർ എന്നിവരുടെ പരിക്ക് ഗുരുതരമല്ല.
ഹയാ സന്ദർശന വിസയിലായിരുന്നു അബ്ദുൽ ഖാദറും സാബിറയും ഖത്തറിലെത്തിയത്. ഒരാഴ്ച മുമ്പ് വല്യുപ്പയും വല്യുമ്മയും എത്തിയതിന്റെ കളിചിരി ആഘോഷങ്ങളിലായിരുന്നു കുടുംബം. ദുരന്തമറിഞ്ഞ് സാബിറയുടെ മക്കയിലുള്ള സഹോദരങ്ങളും ഫൈസലിന്റെ ബന്ധുക്കളും ആശുപത്രിയിൽ എത്തിയിരുന്നു. ഷബ്ന, സബീല, സുമയ്യ, ആയിഷ, ഷിബിൽ (യു.എ.ഇ) എന്നിവരാണ് സാബിറയുടെ മക്കൾ. ഫൈസൽ (തൃശൂർ), റഊഫ്( യു.എ.ഇ), ഫൈസൽ (ഹമദ് ആശുപത്രി), റിഷാദ് (ആലത്തൂർ) എന്നിവർ മരുമക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.