ലക്ഷദ്വീപിനു നേരെ നടക്കുന്നത് ത്രിമുഖ ആക്രമണം –നിയമസഭ സ്പീക്കർ
text_fieldsദോഹ: ലക്ഷദ്വീപിനു നേരെ നടക്കുന്നത് ത്രിമുഖ ആക്രമണമാണെന്ന് കേരള നിയമസഭ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായി ദ്വീപ് ജനതയെ കീഴ്പെടുത്തി ദ്വീപ് വൻകിട കുത്തകകൾക്ക് കൈമാറാനുള്ള ശ്രമങ്ങളാണ് പുതിയ പരിഷ്ക്കാരങ്ങൾക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 'ലക്ഷദ്വീപ്, സമാധാനത്തിലൂടെ സമഗ്ര വികസനം' എന്ന വിഷയത്തിൽ ഖത്തറിലെ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോഒാഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒാരോ ജനതക്കും വേണ്ട വികസനവും പുരോഗതിയും അവർക്കു കൂടി ബോധ്യപ്പെടുന്നതും തീരുമാനത്തിൽ അവർക്കു കൂടി പങ്കാളിത്തം ഉള്ളതുമായിരിക്കണം. എന്നാൽ ഉപജീവന മാർഗങ്ങളും ജനാധിപത്യ അവകാശങ്ങളും കവർന്നെടുത്ത് ജനങ്ങളെ നിരായുധീകരിച്ച് ദ്വീപിൽ കോർപറേറ്റ് താൽപര്യം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.
ഒരു ഭരണകൂടത്തിെൻറ ജനാധിപത്യവിരുദ്ധ നിലപാടാണ് ഇന്ന് ലക്ഷദ്വീപ് ജനത അനുഭവിക്കുന്നതെന്ന് മുഖ്യാതിഥിയായി സംസാരിച്ച കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ദ്വീപിൽ നടക്കുന്നത് സാംസ്കാരിക അധിനിവേശം തന്നെയാണ്. സാധാരണക്കാരുടെ ജീവിതത്തിന് ഭരണകൂടം തടസ്സമുണ്ടാക്കിയും ഭരണഘടനപരമായ അവകാശങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്നു.
ലക്ഷദ്വീപിൽ നടക്കുന്നത് ഒരു പരീക്ഷണമാണെന്നും നാളെ ഇത് മറ്റു സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് മുൻ അഡ്മിനിസ്ട്രേറ്റർ ഒമേഷ് സൈഗാൾ മുഖ്യപ്രഭാഷണം നടത്തി. ഭൂമിശാസ്ത്രവും പരിസ്ഥിതിയും പരിഗണിച്ചുകൊണ്ടുള്ള വികസനം മാത്രമേ ലക്ഷദ്വീപിൽ നടപ്പാക്കാവൂ എന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക ജനതയുടെ അഭിരുചിയും കഴിവും പരിഗണിച്ച് വികസനത്തിെൻറ മുഖ്യഗുണഭോക്താക്കൾ ദ്വീപു ജനതയാകുന്ന വികസന നയമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ, അഡ്വ. ഫസീല ഇബ്രാഹിം, ലക്ഷദ്വീപ് വെൽഫെയർ അസോസിയേഷൻ ഖത്തർ പ്രസിഡൻറ് ഡോ. ലിയാഖത്തലി എന്നിവർ സംസാരിച്ചു. അഫ്ത്താഫ് ബഷീർ, ആയിഷ ഫാത്തിമ എന്നിവർ ദേശീയഗാനമാലപിച്ചു. പ്രവാസി കോഒാഡിനേഷൻ ചെയർമാൻ അഡ്വ. നിസാർ കൊച്ചേരി ആമുഖപ്രഭാഷണം നടത്തി.
മഞ്ജു മനോജായിരുന്നു പരിപാടിയുടെ അവതാരക. വി.സി. മശ്ഹൂദ്, എസ്.എ.എം. ബഷീർ, കെ.സി. അബ്ദുല്ലത്തീഫ്, എ. സുനിൽ കുമാർ, സമീൽ അബ്ദുൽ വാഹിദ് ചാലിയം, റഊഫ് കൊണ്ടോട്ടി, സാദിഖ് ചെന്നാടൻ, മുഹമ്മദ് ഫൈസൽ, അഡ്വ. ജാഫർ ഖാൻ, ഉമ്മർ ശരീഫ് ലക്ഷദ്വീപ് തുടങ്ങിയവർ നേതൃത്വം നൽകി.കൺവീനർ ജോപ്പച്ചൻ തെക്കേക്കൂറ്റ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.