ലാസ്റ്റ് മിനിറ്റിൽ ത്രില്ലർ ജയം
text_fieldsദോഹ: സമനില ഉറപ്പിച്ച മത്സരത്തിന്റെ അവസാന മിനിറ്റിൽ പിറന്ന തകർപ്പൻ ഗോളിലൂടെ ലോകകപ്പ് യോഗ്യത റൗണ്ടിൽ മിന്നും ജയവുമായി ഖത്തർ. കരുത്തരായ ഉസ്ബകിസ്താനെതിരെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 3-2നായിരുന്നു ഖത്തറിന്റെ ഉശിരൻ ജയം. 101ാം മിനിറ്റിലേക്ക് നീങ്ങിയ ഇഞ്ചുറി ടൈമിൽ 2-2 സമനില ഉറപ്പിച്ചിരിക്കെയാണ് ഖത്തറിന് അനുകൂലമായി പിറന്ന ഫ്രീകിക്കിനെ പ്രതിരോധ താരം ലൂകാസ് മെൻഡിസ് ഗോളാക്കിയത്.
അക്രം അഫീഫ് മധ്യവരക്കരികിൽനിന്നും തൊടുന്ന ഫ്രീകിക്ക്, പോസ്റ്റിന് ഇടതു മൂലയിൽ നിന്ന ബൗലം ഖൗകി ഹെഡ് ചെയ്ത് നൽകിയപ്പോൾ, മാർക്ക് ചെയ്യപ്പെടാതെനിന്ന മെൻഡിസ് മനോഹരമായി വലയിലേക്ക് അടിച്ചു കയറ്റി അവസാന മിനിറ്റിൽ വിജയം സമ്മാനിച്ചു.
കളിയുടെ ആദ്യ പകുതി ഉജിജ്വല നീക്കങ്ങളിലൂടെ തങ്ങളുടേതാക്കിയ ഖത്തർ രണ്ടാം പകുതിയിലാണ് പ്രതിരോധത്തിലായത്. അക്രം അഫീഫ് നായകത്വം വഹിച്ച നീക്കങ്ങൾക്കൊടുവിൽ അൽ മുഈസ് അലിയായിരുന്നു കളിയുടെ 25, 41 മിനിറ്റുകളിൽ ഖത്തറിനെ മുന്നിലെത്തിച്ചത്.
മധ്യനിരയും മുന്നേറ്റവും മികച്ച ഏകോപനത്തോടെ കളിച്ച മത്സരത്തിൽ ഉസ്ബകിസ്താന്റെ യുവനിരയെ ഖത്തർ തളച്ചു. ഗോൾ കീപ്പർ മിഷാൽ ബർഷിം മിന്നുന്ന സേവുകളുമായി കളവും നിറഞ്ഞു. എന്നാൽ, രണ്ടാം പകുതിയിൽ 75,80 മിനിറ്റുകളിലായി യുവതാരം അബ്ബാസ്ബെക് ഫൈസലേവ് ഉസ്ബകിസ്താനെ ഒപ്പമെത്തിച്ചു.
രണ്ട് ഗോൾ ലീഡ് നേടിയശേഷം സമനിലയിലേക്ക് നീങ്ങിയ ഖത്തറിന്റെ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു ഈ നിമിഷങ്ങൾ. ഒടുവിൽ നീണ്ടു പോയ ഇഞ്ചുറി ടൈം ആരാധകരുടെ മിന്നും വിജയമെന്ന സ്വപ്നം കാത്തു. രണ്ടാം ജയത്തോടെ ഖത്തറിന് ഏഴ് പോയന്റായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.