തലസ്ഥാന നഗരിയിലെ യുദ്ധ സ്മാരകത്തിലൂടെ...
text_fieldsഇന്ത്യയെ കച്ചവടക്കണ്ണോടെ നോക്കി പിന്നീട് ആധിപത്യം സ്ഥാപിച്ച ബ്രിട്ടനുവേണ്ടി, ജീവൻ ബലികൊടുക്കേണ്ടി വന്ന ഇന്ത്യൻ സൈനികരുടെ ഓർമകൾക്കു മുന്നിൽ ഞങ്ങളുടെ യാത്രാസംഘമെത്തുമ്പോൾ അസ്തമയശോഭ മാഞ്ഞിരുന്നു. ഓരോന്നിനുമെന്നപോലെ ഇന്ത്യ ഗേറ്റിനുമുണ്ട് കഥകളുടെ കെട്ടുറപ്പ്. രാഷ്ട്രപതി ഭവനെ നോക്കിനിൽക്കുന്ന ഇന്ത്യ ഗേറ്റിന്റെ നിർമാണഘട്ടത്തിൽ അതിനു സ്ഥാനനിർണയം നടത്താൻ സഹായിച്ചത് മഴപെയ്തൊഴിഞ്ഞൊരു പകലായിരുന്നത്രേ. ആധുനിക ഡൽഹിയുടെ മുഖഛായ മാറ്റിയ വാസ്തുശിൽപി എഡ്വിൻ ലട്യൻസിന്റെ സഹായി ഹെർബർട്ട് ബേക്കർ രാഷ്ട്രപതി ഭവൻ നിലകൊള്ളുന്ന റയ്സിന കുന്നിൽനിന്നു മഴ ആസ്വദിക്കുകയായിരുന്നു. മഴ തോർന്ന നേരം ആകാശത്തു മഴവില്ലു തെളിഞ്ഞുവന്ന സ്ഥലമാണ് ഇന്ത്യ ഗേറ്റിനായി തിരഞ്ഞെടുത്തതെന്നത് അതിലൊരു കഥ.
ഇന്ത്യ ഗേറ്റിനു മുന്നിൽ നിന്നു നോക്കിയാൽ കാണാവുന്ന വിധം, കിഴക്കു ഭാഗത്തൊരു പീഠവും അതിനു ചന്തം നൽകി ഒരു കൂറ്റൻ മേലാപ്പും വിദ്യാർഥികളിൽ കൗതുകമുയർത്തി. ആധുനിക ഡൽഹിയുടെ ചരിത്രത്തിലേക്ക് കിരീടം െവച്ചെത്തിയ ജോർജ് അഞ്ചാമന്റെ മരണശേഷം 1936ലാണ് കാനപ്പിക്കുള്ളിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടത്. എന്നാൽ, സ്വാതന്ത്ര്യാനന്തരം സാമ്രാജ്യത്വ അടയാളങ്ങൾ, പ്രത്യേകിച്ച് രാജാധികാരത്തിന്റെ ശേഷിപ്പുകൾ മാറ്റണമെന്ന ആവശ്യം പതിയെ ഒരു മുന്നേറ്റമായി മാറി.
1965 ആഗസ്റ്റിലെ ഒരു സംഭവം അവയിൽ പ്രധാനമാണ്. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരിൽ ചിലർ പുലർകാല ഇരുട്ടിൽ, ആളൊഴിഞ്ഞ ഡൽഹി തെരുവുകളിൽ നിറഞ്ഞാടി. കൈയിൽ ചുറ്റികയും ഉളിയും ഏണിയും ടാറുമെല്ലാമുണ്ടായിരുന്നു. ഇന്ത്യ ഗേറ്റിനു സമീപത്തെ കാനപ്പിയിൽ സ്ഥാപിച്ചിരുന്ന 70 അടി പൊക്കമുള്ള മാർബിൾ പ്രതിമയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ‘ജോർജ് അഞ്ചാമനു’ മേൽ ഏണി ചാരി സംഘം പണി തുടങ്ങിയപ്പോഴേക്ക് രണ്ടു പൊലീസുകാരെത്തി. അങ്ങോട്ടുമിങ്ങോട്ടും ഉന്തും തള്ളുമായി. ആൾബലം കൂടുതലുണ്ടായിരുന്ന പ്രതിഷേധക്കാർ പൊലീസുകാരെ തറയിലിട്ടു ചവിട്ടി. ഒരാൾ അബോധാവസ്ഥയിലായി. കൂടുതൽ ധൈര്യം സംഭരിച്ചു പ്രതിഷേധക്കാർ ജോർജ് അഞ്ചാമന്റെ പ്രതിമക്ക് മേൽ ടാറൊഴിച്ചു. മൂക്കരിഞ്ഞു, ചെവി തകർത്തു. കിരീടത്തിനും കേടുപാടുകൾ വരുത്തി. കൂടുതൽ പൊലീസുകാരെത്തുമെന്ന സൂചന കിട്ടിയപ്പോൾ ഇവർ ഇരുട്ടിലേക്കു മറഞ്ഞു. പിന്നീട് ഇന്ത്യ ഗേറ്റ് പരിസരത്തു നിന്നു നോർത്ത് ഡൽഹി ബുറാറിയിലെ കൊറനേഷൻ പാർക്കിലേക്കായിരുന്നു ജോർജ് അഞ്ചാമൻ പ്രതിമയുടെ സ്ഥാനമാറ്റം. ഇന്നത് അർധ സൈനിക വിഭാഗങ്ങളുടെ ക്യാമ്പായി മാറി. പൊലീസ് യൂനിഫോമുകൾ ഉണങ്ങാനിട്ടിരിക്കുന്നു; പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കിയിരിക്കുന്നു.
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു കുറെ വർഷങ്ങൾക്കുശേഷമാണ് ജോർജ് അഞ്ചാമൻ ഇന്ത്യ ഗേറ്റ് പരിസരത്തെ കനോപ്പി വിട്ടൊഴിഞ്ഞത്. അതിൽ പിന്നെ, അവിടെ മറ്റൊരു പ്രതിമയും ഉയർന്നിട്ടില്ല. അവിടെ പകരം പ്രതിമ സ്ഥാപിക്കാനുള്ള ശ്രമം പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കാലത്താണ് തുടങ്ങിയത്. ആരുടെ പ്രതിമ സ്ഥാപിക്കുമെന്ന കാര്യത്തിൽ അന്നാർക്കും സംശയമുണ്ടായില്ല -മഹാത്മാഗാന്ധി!
“ധ്യാനത്തിലാണ്ടിരിക്കുന്ന ഗാന്ധി” യെ ഇന്ത്യ ഗേറ്റ് പരിസരത്തു നിർമിക്കാമെന്ന തീർപ്പുവന്നു. പ്രതിമ നിർമാണം മുന്നോട്ടുപോയി. സർക്കാറുകൾക്കൊപ്പം വിവാദങ്ങളും പലതു വന്നു. ഇന്ത്യ ഗേറ്റ് പരിസരമാണെങ്കിലും ഗാന്ധിയെ വഴിയിലിരുത്തുന്നതു ശരിയല്ലെന്ന വിമർശനം ഉയർന്നതോടെ ധ്യാനനിമഗ്നനായി ഇരിക്കുന്ന ഗാന്ധി ഇന്ത്യ ഗേറ്റ് പരിസരം കാണാതെപോയി. കാനപ്പിയിലേക്ക് നിർമിച്ച ‘ധ്യാനത്തിലിരിക്കുന്ന ഗാന്ധി പ്രതിമ’ പിന്നീടു പാർലമെന്റ് വളപ്പിലെത്തിയതു മറ്റൊരു ചരിത്രം.
ഈ വിവരങ്ങളെല്ലാം വിദ്യാർഥികളുമായി പങ്കു വെക്കുന്നതിനിടയിൽ ഒരു കുട്ടി ചോദിച്ചു: ‘ഈ ഗാന്ധി പ്രതിമ എത്രകാലം പാർലമെന്റിൽ ഉണ്ടാകും? നാളെകൾ ഉത്തരം പറയേണ്ട ചോദ്യങ്ങളുടെ എണ്ണം നീളുകയാണ്. എന്ന ആത്മഗതത്തോടെ ആ ചർച്ചക്ക് വിരാമമിട്ടു.
ഇഷ്ടികകൊണ്ട് നിർമിച്ച അത്ഭുതം
കത്തുന്ന വെയിലിൽ ഞങ്ങൾ വിസ്മയിപ്പിക്കുന്ന കുത്തബ് മിനാറിലേക്ക് ചുവടുവെച്ചു. പകൽ ചൂടുള്ളതായിരിക്കാം പക്ഷേ, വിദ്യാർഥികളുടെ ചരിത്രത്തെ പുണരാനുള്ള ആഗ്രഹം ഓരോ ചുവടും മൂല്യവത്താക്കി. അതിന്റെ വൈദഗ്ധ്യമായ കൊത്തുപണികൾക്കും ഗംഭീരമായ ഉയരത്തിനും ഉള്ളിൽ കിടക്കുന്ന കഥകളുടെ ചുരുളഴിയാൻ അവരുടെ ഹൃദയങ്ങൾ ആകാംക്ഷയോടെ കൊതിച്ചു.
1199ൽ ഡൽഹി സുൽത്താനായിരുന്ന ഖുത്ബ്ദീൻ ഐബക് ആയിരുന്നു ഈ മിനാറിന്റെ ആദ്യ നില പണിതത്. സുൽത്താൻ ഇൽത്തുമിഷ്, 1229ഓടെ മറ്റു നാലുനിലകൾ പണി പൂർത്തീകരിച്ചു ഗോറി സാമ്രാജ്യത്തിന്റെ കാലത്ത് അഫ്ഗാനിസ്താനിൽ പലയിടത്തും ഇത്തരത്തിലുള്ള ഗോപുരങ്ങൾ നിർമിക്കപ്പെട്ടിട്ടുണ്ട്. ഇതിൽനിന്നും ആശയം ഉൾക്കൊണ്ടാണ് ഗോറികളുടെ അടിമയായിരുന്ന ഖുത്ബ്ദീൻ ഈ ഗോപുരം നിർമിച്ചത്. ഇടിമിന്നൽ മൂലവും ഭൂകമ്പം മൂലവും മിനാറിന് പലപ്പോഴും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 1980-ൽ വൈദ്യുതിത്തകരാറിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 കുട്ടികൾ മിനാറിനുള്ളിൽ മരിച്ചതിനെത്തുടർന്ന് ഇപ്പോൾ മിനാറിനകത്തേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല. ഞങ്ങൾ സമുച്ചയത്തിന്റെ കൂടുതൽ ആഴത്തിൽ ഇറങ്ങിയപ്പോൾ, ഖുർആനിലെ വാക്യങ്ങളും മനോഹരമായ കാലിഗ്രഫിയും കൊണ്ട് അലങ്കരിച്ച മിനാരം ഉയർന്നുനിന്നു. തീക്ഷ്ണതയോടെയും അഭിമാനത്തോടെയും വിജയ ഗോപുരത്തിന്റെ ചരിത്രം വിദ്യാർഥികളുമായി പങ്കുവെച്ചു. പുരാതന ഇന്ത്യയുടെ ലോഹനിർമാണ വൈദഗ്ധ്യത്തിന്റെ തെളിവായി ഇരുമ്പ് തൂൺ നിലകൊള്ളുന്ന തൊട്ടടുത്തുള്ള ഖുവ്വത്ത്-ഉൽ-ഇസ്ലാം മസ്ജിദിലൂടെ മുന്നോട്ടു നടന്നു. നൂറ്റാണ്ടുകളായി അതിന്റെ തുരുമ്പിനെതിരായ പ്രതിരോധം, കഴിഞ്ഞ കാലങ്ങളിൽ കൈവരിച്ച ശാസ്ത്രീയ പുരോഗതികളിൽ ഞങ്ങളെ വിസ്മയിപ്പിച്ചു. മുന്നോട്ടു പോകും തോറും, ഈ നിർമിതികളെ ചുറ്റിപ്പറ്റി ഈയിടെ ഉയർന്നുവന്ന വിവാദങ്ങൾ അപ്രസക്തമാണെന്ന് തോന്നി. അതിന്റെ ചുവരുകളിൽ പ്രതിധ്വനിച്ച ഭക്തിയുടെയും സാംസ്കാരിക സൗഹാർദത്തിന്റെയും കഥകൾ നമ്മുടെ ഹൃദയങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ചു.
തെറ്റായ വിവരങ്ങളാൽ സത്യത്തെ മറയ്ക്കാൻ കഴിയുന്ന ഒരു ലോകത്ത്, കുത്തബ് മിനാറിലേക്കുള്ള ഞങ്ങളുടെ യാത്ര, അറിവ് തേടേണ്ടതിന്റെയും വൈവിധ്യത്തെ ഉൾക്കൊള്ളുന്നതിന്റെയും നമ്മുടെ ലോകത്തെ രൂപപ്പെടുത്തിയ പൈതൃകങ്ങളെ വിലമതിക്കുന്നതിന്റെയും പ്രാധാന്യത്തിന്റെ ഉജ്ജ്വലമായ ഓർമപ്പെടുത്തലായി മാറി. അതിമനോഹരമായ മിനാരത്തോട് ഞങ്ങൾ വിടപറയുമ്പോൾ, ചരിത്രത്തിന്റെ പാഠങ്ങളും നമ്മുടെ ഭൂതകാലവുമായി നമ്മെ ബന്ധിപ്പിക്കുന്ന സ്മാരകങ്ങളും സംരക്ഷിക്കുമെന്ന വാഗ്ദാനവും ഞങ്ങൾക്കൊപ്പം കൊണ്ടുപോയി.
ശേഷം, ജമാ മസ്ജിദിലേക്ക്. തണുത്ത മാർബിൾ മുറ്റത്തേക്ക് ഞങ്ങൾ കാലുകുത്തുമ്പോൾ, പുരാതന മിനാരങ്ങൾ ഭൂതകാലത്തിന്റെ കഥകൾ മന്ത്രിച്ചു. മസ്ജിദിന്റെ മഹത്ത്വം ഞങ്ങളെ ആശ്ലേഷിക്കുന്നതായി തോന്നി. മുഗൾ സംസ്കാരത്തിന്റെ ശേഷിപ്പുകളും പ്രൗഢിയുമൊക്കെ ചുമലിലേറ്റി നിൽക്കുന്ന ഈ മസ്ജിദിന് പറയാനുള്ളത് നിരവധി ചരിത്രങ്ങളാണ്.
അയ്യായിരത്തോളം പേരടങ്ങുന്ന ഇന്ത്യക്കാരും അറബികളും യൂറോപ്യന്മാരും അടങ്ങുന്ന തൊഴിലാളികളാണ് ആർക്കിടെക്ട് ഉസ്താദ് ഖലീലിന്റെ കീഴിൽ ഈ പള്ളി നിർമിച്ചത്. 25,000 പേർക്ക് നമസ്കരിക്കാൻ കഴിയുന്ന ഈ പള്ളി ഉസ്ബകിസ്താനിലെ ബുക്കാറയിൽനിന്നുള്ള പ്രശസ്ത പണ്ഡിതൻ അബ്ദുൽ ഗഫൂർ ഷാ ബുഖാരിയെ കൊണ്ട് ഷാജഹാൻ ചക്രവർത്തി ഉദ്ഘാടനം നിർവഹിപ്പിച്ചു.
1803 ൽ ഷാജഹാനാബാദിന്റെ നിയന്ത്രണം ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽ വന്നു, എന്നിരുന്നാലും പള്ളി ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ സാമൂഹിക കേന്ദ്രമായി തന്നെ തുടർന്നു. സ്വാതന്ത്ര്യ സമരങ്ങളുടെ പ്രധാനപ്പെട്ട ആലോചനകളും പ്രതിഷേധ സംഗമങ്ങളുമൊക്കെ രൂപം കൊണ്ടത് പള്ളികളുടെ അകത്തുനിന്നാണെന്ന് ബ്രിട്ടീഷ് അന്വേഷണ സമിതി കണ്ടെത്തുകയും അതിനെത്തുടർന്ന് ധാരാളം പള്ളികൾ പൊളിച്ച് കളയുകയും ചെയ്തു.1947 ൽ വിഭജന ഘട്ടത്തിൽ ഇന്ത്യയിൽ നിൽക്കാൻ തീരുമാനിച്ച മുസ്ലിംകളോട് ഇന്ത്യയുടെ ഭാഗദേയത്വത്തിൽ വളരെ നിർണായകമായ പങ്കുവഹിക്കാൻ പ്രചോദിപ്പിച്ച് മൗലാനാ ആസാദ് ജമാ മസ്ജിദിന്റെ മിമ്പറിൽ നിന്നും നടത്തിയ പ്രഭാഷണങ്ങൾ ഇന്നും ചരിത്രപ്രസിദ്ധമാണ്. 1992 ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് വളരെ സമാധാനപരമായ ഒട്ടനവധി പ്രതിഷേധങ്ങൾ ഇവിടെ നടന്നു. 2019ൽ പൗരത്വ സമരം കൊടുമ്പിരികൊള്ളുമ്പോൾ ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾക്ക് ജമാ മസ്ജിദ് വേദിയായി.
രാത്രിയുടെ ആഴം കൂടുമ്പോൾ, ഞങ്ങളുടെ കൊതി പള്ളിയോട് ചേർന്നുള്ള ഭക്ഷണ തെരുവിലേക്ക് നയിച്ചു. അസ്ലം ചിക്കന്റെ രുചികൾ ഞങ്ങളുടെ രസമുകുളങ്ങൾക്ക് ഉത്തേജനം നൽകി. ഖുറേഷി കബാബിന്റെ പെരുമയിൽ അലിഞ്ഞു ഹാജി അലിയുടെ സ്വാദിഷ്ടമായ ഫ്രൈഡ് ചിക്കൻ കൊണ്ട് മനസ്സും വയറും നിറച്ച് ഇന്ത്യയുടെ സമ്പന്നമായ “ഗ്യാസ്ട്രോണമിക് പൈതൃകത്ത” അനുഭവിച്ച് ഞങ്ങളവിടം വിട്ടു.
തലസ്ഥാന നഗരിയോട് വിടചൊല്ലാൻ സമയമായി. മൂന്നു ദിവസം കൊണ്ട് കണ്ട കാഴ്ചകളൊക്കെ ഓർമകളുടെ കാലിഡോസ്കോപ്പിൽ സൂക്ഷിച്ചുവെച്ചു. കത്ര എക്സ്പ്രസ് സ്റ്റേഷനിൽ പോകാൻ തയാറെടുത്തു. ഡൽഹിയുടെ കാഴ്ചകൾ അകലത്തേക്ക് മങ്ങി. ഇനി ഭൂമിയിലെ സ്വർഗത്തിന്റെ വിശേഷങ്ങളിലേക്ക്.
ദി ക്യൂരിയസ് ഡെസേർട്ട്
‘ദി ക്യുരിയസ് ഡെസേർട്ട്...’ ആ പേരിൽ തന്നെയുണ്ട് ഒളിഞ്ഞുനിൽക്കുന്ന ഏറെ ജിജ്ഞാസകൾ. ദോഹയിൽ നിന്നും 60 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചെത്തുന്ന അൽ ദഖീറയിലെ കണ്ടൽക്കാടും കടലും മരുഭൂമിയുമെല്ലാം നിറഞ്ഞൊരു സുന്ദര കാഴ്ചകൾക്കൊപ്പം കാത്തുവെച്ചൊരു പ്രദർശനമാണ് ‘ദി ക്യൂരിയസ് ഡെസേർട്ട്’. നിഗൂഢതയും അതിയശങ്ങളും സൗന്ദര്യവുമെല്ലാമുള്ള മരുഭൂമിയിൽ മനുഷ്യനിർമിതമായൊരു കലാസൃഷ്ടിയുടെ പ്രദർശനം. കഴിഞ്ഞ മാർച്ചിൽ ഖത്തർ മ്യൂസിയംസിനു കീഴിൽ ആരംഭിച്ച ലോക പ്രശസ്തനായ കലാകാരൻ ഒലാഫുർ എലിയാസണിന്റെ ഇൻസ്റ്റലേഷനുകൾ. മാർച്ച് 19ന് തുടങ്ങി ആഗസ്റ്റ് 15ന് അവസാനിക്കുമെന്ന് അറിയിച്ച ഈ കലാ പ്രകടനം രണ്ടു മാസത്തിലേറെ കാലത്തേക്ക് കൂടിയാണ് ഇപ്പോൾ ദീർഘിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനിപ്പിക്കേണ്ട പ്രദർശനം ഒക്ടേബാർ 28 വരെ ഇവിടെ തുടരുന്നുണ്ട്.
*** ***
ദീർഘയാത്രക്കൊടുവിൽ മരുഭൂമിയും വിജനമായ കാഴ്ചകളും കടലുമെല്ലാം ദൃശ്യമാവുന്നതിനൊപ്പമാണ് കാറ്റിൽ അലക്ഷ്യമായി തൂങ്ങിയാടുന്ന കറുപ്പിലും വെളുപ്പിലുമുള്ള തുണികളും, അവയോട് ചേർന്ന ചില്ലും, ഗോളവും റിങ്ങുമെല്ലാമായി വ്യത്യസ്തമായൊരു സൃഷ്ടി കണ്ണിലുടക്കുന്നത്. ദൂരെനിന്നുള്ള കാഴ്ചകളിൽ അലക്ഷ്യമായ സൃഷ്ടികളെങ്കിൽ അരികിലെത്തുമ്പോൾ ഓരോ കാഴ്ചയിലും പേരുപോലെ കലാകാരൻ കാഴ്ചക്കാരനിൽ ജിജ്ഞാസയുടെ കെട്ടഴിക്കുന്നു.
ഖത്തർ മ്യൂസിയംസിനു കീഴിലെ ഖത്തർ ക്രിയേറ്റ്സ് നേതൃത്വത്തിൽ ആരംഭിച്ച ‘ദി ക്യൂരിയസ് ഡെസേർട്ട്’ പ്രദർശനത്തിലേക്ക് ദിനംപ്രതി വിദേശികളും സ്വദേശികളും ഉൾപ്പെടെ നിരവധി പേരാണ് സന്ദർശകരായി എത്തുന്നത്. ഇൻസ്റ്റലേഷനുകളിൽ വെളിച്ചവും ജ്യാമിതീയ കണക്കുകളുമെല്ലാം സന്നിവേശിപ്പിക്കുമ്പോൾ അത്ഭുതകരമായ നിറങ്ങളും നിഴലുകളും കാഴ്ചക്കാരന് തിരികെ നൽകിയാണ് ഒലാഫുർ വിസ്മയിപ്പിക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനിയായിരുന്നു പ്രദർശനം ഉദ്ഘാടനം ചെയ്തത്. കലാസൃഷ്ടിക്കൊപ്പം പരിസ്ഥിതി അവബോധംകൂടി നൽകുന്നതാണ് ഒലാഫുറിന്റെ സൃഷ്ടികളെന്നായിരുന്നു അന്ന് ശൈഖ അൽമയാസന്വിശേഷിപ്പിച്ചത്.
എവിടെ?
ദോഹയിൽനിന്നും 60 കിലോമീറ്ററോളം ദൂരെ അൽ ദഖിറ കണ്ടൽമേഖലയിലാണ് 12 താൽക്കാലിക പവിലിയനിലായി ഒരു കൂട്ടം കലാസൃഷ്ടികൾ പ്രദർശിപ്പിച്ചത്. ഓലാഫുർ സ്ഥാപിച്ച ഇൻസ്റ്റലേഷനുകളിൽ സൂര്യനും ആകാശവും കാറ്റും കടലും ഉൾപ്പെടെ പ്രകൃതി കലാകാരനായി മാറുമ്പോൾ കാഴ്ചക്കാരനിൽ അവസാനിക്കാത്ത ‘ക്യൂരിയോസിറ്റി’യാണ് അവശേഷിപ്പിക്കുന്നത്. ഓരോ വളയങ്ങളായുള്ള പവിലിയനിലും നിലത്തുപതിച്ച പ്രിസം ഗ്ലാസിലെ ഓരോ കാഴ്ചകൾക്കുമുണ്ട് വൈവിധ്യങ്ങൾ. കാഴ്ചക്കാരൻ നിൽക്കുന്ന ദിശയിൽ നിന്നുള്ള പ്രതിഫലനങ്ങൾ ഒപ്പിയെടുത്ത് മഴവില്ലും, നിഴലും മാന്ത്രിക കണ്ണാടി കാഴ്ചകളുമെല്ലാം പകരുന്നു. കലാസൃഷ്ടികൾ ഒരുപാട് കാണുന്നവർ തീർച്ചയായും അനുഭവിച്ചറിയേണ്ട വിസ്മയം.
ഒലാഫുർ എലിയാസൺ
ഐസ്ലൻഡ്-ഡാനിഷ് കലാകാരനാണ് ലോകപ്രശസ്തനായ ഒലാഫുർ എലിയാസൺ. വെളിച്ചം, വെള്ളം, ചൂട് ഉൾപ്പെടെയുള്ളവയെ മാധ്യമങ്ങളാക്കി ഇദ്ദേഹം തീർക്കുന്ന കലാസൃഷ്ടികൾ ലോക പ്രശസ്തമാണ്. വിവിധ ഇൻസ്റ്റലേഷൻ പ്രൊജക്ടുകളിലൂടെ ശ്രദ്ധേയനായ ഒലാഫുറിന്റെ ഗൾഫ് മേഖലയിലെ ആദ്യ പ്രദർശനമാണ് ഖത്തറിൽ തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.