ലോകകപ്പ് പൈതൃക പദ്ധതി മൊറോക്കോയിലേക്കും
text_fieldsജനറേഷൻ അമേസിങ്ങും തിബു ആഫ്രിക്ക പ്രതിനിധിയും ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നു
ദോഹ: 2030 ലോകകപ്പിന്റെ സഹ-ആതിഥേയ രാജ്യമായ മൊറോക്കോയിലേക്ക് ഖത്തർ ലോകകപ്പ് 2022ന്റെ പൈതൃക പദ്ധതി വികസിപ്പിക്കാൻ ധാരണയിലെത്തി ജനറേഷൻ അമേസിങ്. സാമൂഹിക മാറ്റത്തിന് നേതൃത്വം നൽകാൻ കായിക മേഖലയെ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തി മിന മേഖലയിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് ഖത്തറിന്റെ ലോകകപ്പ് പൈതൃക പദ്ധതിയായ ജനറേഷൻ അമേസിങ്ങും ടിബു ആഫ്രിക്കയും ധാരണാപത്രം ഒപ്പുവെച്ചു.
ആഫ്രിക്കയിലെ എജുക്കേഷൻ ത്രൂ സ്പോർട്സ് ഉച്ചകോടിക്കിടെ തിബു ആഫ്രിക്കയുടെ സ്ഥാപകനും പ്രസിഡന്റുമായ മുഹമ്മദ് അമീൻ സരിയാതുമായുള്ള സഹകരണം ജനറേഷൻ അമേസിങ് ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ നാസർ അൽഖോരി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കായിക വിനോദങ്ങളിലൂടെ പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തെ ശാക്തീകരിക്കുന്നതിനും വിദ്യാഭ്യാസ മേഖലയിൽ ഉയർത്തിക്കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ട് മൊറോക്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒയായ തിബു ആഫ്രിക്കയാണ് കാസാബ്ലാങ്കയിൽ ഏപ്രിൽ ആദ്യവാരം ഉച്ചകോടി സംഘടിപ്പിച്ചത്.
മൊറോക്കോയിൽ നടന്ന ജനേറഷൻ അമേസിങ് എജുക്കേഷൻ ത്രൂ സ്പോർട്സ് ഉച്ചകോടിക്കിടെ
ഖത്തറിലൂടെ മിഡിലീസ്റ്റിൽ ആദ്യമായി ലോകകപ്പ് ഫുട്ബാൾ വേദിയെത്തിയപ്പോൾ സ്പോർട്സിലൂടെ സാമൂഹിക, യുവജന വികസനം എന്ന ലക്ഷ്യവുമായി ഖത്തറിന്റെ നേതൃത്വത്തിൽ 2010ൽ ആരംഭിച്ച ലെഗസി ഫൗണ്ടേഷനാണ് ജനേറഷൻ അമേസിങ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ 75 രാജ്യങ്ങളിലായി 10 ലക്ഷത്തോളം പേരാണ് ജനറേഷൻ അമേസിങ് പരിപാടികളുടെ ഗുണഭോക്താക്കളയാത്.
അതിന്റെ തുടർച്ചയാണ് 2030 ലോകകപ്പ് സഹആതിഥേയരായ മൊറോക്കോയിലൂടെ ആഫ്രിക്ക മിഡിൽ ഈസ്റ്റ് മേഖലയിലും വ്യാപിപ്പിക്കുന്നത്. ടിബു ആഫ്രിക്കയുമായുള്ള പങ്കാളിത്തത്തിലൂടെ 2030 ലോകകപ്പ് സഹ ആതിഥേയത്വ രാജ്യമായ മൊറോക്കോയിലും മിഡിൽഈസ്റ്റ്-നോർത്ത് ആഫ്രിക്ക (മിന) മേഖലയിലും യുവജന ശാക്തീകരണം, സാമൂഹിക പിന്തുണ, നേതൃ പരിശീലനം, ആരോഗ്യ പരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് ജനറേഷൻ അമേസിങ് തുടക്കം കുറിക്കും.
സാമൂഹിക പങ്കാളിത്തം, യുവജന വികസനം, സമൂഹ നിർമാണം എന്നിവക്കുള്ള ശക്തമായ ഇടമായി കായിക മേഖല തുടരുന്നുവെന്ന് ഉറച്ച് വിശ്വസിക്കുന്നതായി തിബു ആഫ്രിക്കയുടെ സരിയാത് പറഞ്ഞു. മൊറോക്കോയിലെ അഭയാർഥികൾക്കും കുടിയേറ്റക്കാർക്കുമുള്ള മാനസിക, സാമൂഹിക കായിക പാഠ്യപദ്ധതി, സംയുക്ത ബാസ്കറ്റ്ബാൾ പാഠ്യപദ്ധതി വികസനം, പൊതുജനാരോഗ്യ വിദ്യാഭ്യാസത്തിൽ കായിക വിനോദങ്ങളുടെ സംയോജനം തുടങ്ങിയ പരിപാടികളും ജനറേഷൻ അമേസിങ്-തിബു ആഫ്രിക്ക സഹകരണത്തിൽ ഉൾപ്പെടും. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ പി.എസ്.ജി ഫോർ കമ്യൂണിറ്റി, മൊറോക്കോൻ താരം അഷ്റഫ് ഹക്കീമിയുടെ ചാരിറ്റബിൾ ഫൗണ്ടേഷൻ എന്നിവയുമായും സഹകരിച്ച് പ്രവർത്തിക്കും.
2030ൽ സ്പെയിനിനും പോർച്ചുഗലിനുമൊപ്പമാണ് മൊറോക്കോ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.