ടിക്കറ്റുറപ്പിക്കാം, ചൂടോടെ
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിലെ ട്രയൽ റണ്ണായ ഫിഫ അറബ് കപ്പ് പോരാട്ടത്തിനുള്ള ടിക്കറ്റ് വിൽപന ചൊവ്വാഴ്ച മുതൽ തകൃതിയായി. ഫിഫ വെബ്സൈറ്റ് വഴി (fifa.com/tickets) ആരാധകർക്ക് ടിക്കറ്റുകൾ സ്വന്തമാക്കാം. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന നിലയിലാണ് ടിക്കറ്റുകൾ ലഭ്യമാവുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ ബുക്കിങ് ലിങ്ക് ഓപണായതിന് പിന്നാലെ ടിക്കറ്റ് സ്വന്തമാക്കാൻ ആരാധകരുടെ ഇടിയും തുടങ്ങി. നവംബർ 30നാണ് 16 അറബ് രാജ്യങ്ങൾ മാറ്റുരക്കുന്ന ഫിഫ ചാമ്പ്യൻഷിപ്പിന് അൽബെയ്ത് സ്റ്റേഡിയത്തിൽ കിക്കോഫ് കുറിക്കുന്നത്. ഡിസംബർ 18ന് ഫൈനലിനും അൽ ബെയ്ത് തന്നെ വേദിയാവും.
ലോകകപ്പിനായി സജ്ജമായ ഏഴ് സ്റ്റേഡിയങ്ങളുടെയും സാമ്പിൾ പൂരത്തിനാവും അറബ് കപ്പ് വേദിയൊരുക്കുന്നത്.
അൽബെയ്ത്, റാസ് അബൂ അബൂദ് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം കൂടിയാണ് ചാമ്പ്യൻഷിപ്. മറ്റൊരു വേദിയായ അൽ തുമാമ സ്റ്റേഡിയം ഒക്ടോബർ 22ന് അമീർ കപ്പ് ഫൈനലോടെ ഉദ്ഘാടനം ചെയ്യപ്പെടും. ലോകകപ്പിെൻറ ഫൈനൽ വേദിയായ ലുസൈൽ ഒഴികെ മുഴുവൻ വേദികളും ഒരുവർഷം മുെമ്പ വിശ്വമേളക്ക് സജ്ജമായി എന്ന് പ്രഖ്യാപിക്കാൻ കൂടിയുള്ള അവസരമാണ് ഖത്തറിന് ഇത്.
എങ്ങനെ ടിക്കറ്റ് സ്വന്തമാക്കാം?
fifa.com/tickets ലിങ്ക് വഴിയാണ് ടിക്കറ്റ് വിൽപന ആരംഭിച്ചത്. ഇ– മെയിൽ ഐഡി ഉപയോഗിച്ച് ഫിഫ ക്ലബ് അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം വ്യക്തിഗത വിവരങ്ങൾ, രാജ്യം, ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകണം. ഖത്തറിലുള്ളവർക്കും വിദേശത്തുള്ളവർക്കുമായി വ്യത്യസ്ത വിൻഡോകൾ വഴിയാണ് ബുക്കിങ്. രജിസ്ട്രേഷൻ/ ലോഗിൻ പൂർത്തിയായാൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള വിൻഡോയിലെത്താം. ഇവിടെ ഏതൊക്കെ മത്സരങ്ങൾ, ഏതെല്ലാം ദിവസങ്ങൾ, ഏത് കാറ്റഗറി ടിക്കറ്റുകൾ എന്നിവ തെരഞ്ഞെടുപ്പ് ബുക്ക് ചെയ്യാൻ കഴിയും.
ഗ്രൂപ് റൗണ്ട് മുതൽ ഫൈനൽ വരെയുള്ള മത്സരങ്ങളിൽ ടിക്കറ്റ് നിരക്കിലും മാറ്റമുണ്ട്. സ്റ്റേഡിയത്തിലെ ഇരിപ്പിടസൗകര്യമനുസരിച്ച് നാല് കാറ്റഗറിയിലാണ് ടിക്കറ്റുകൾ ലഭ്യമാവുന്നത്. 25 റിയാൽ മുതൽ 245 റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്. ഗ്രൂപ് റൗണ്ടിൽ ഏറ്റവും മുൻനിര ടിക്കറ്റിന് 195 റിയാലാണ് നിരക്ക്. ഒരാൾക്ക് 10 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം. കാശ് ഓൺലൈൻ വഴി അടക്കുന്നതോടെ ടിക്കറ്റ് കൺഫർമേഷൻ നമ്പർ ലഭ്യമാവും.
ടിക്കറ്റ് വിൽപനയുെട ആദ്യഘട്ടം ആഗസ്റ്റ് മൂന്ന് മുതൽ 17 വരെയായിരുന്നു. റാൻഡം സെലക്ഷൻ ഡ്രോ വഴിയായിരുന്നു വിസ പ്രീ സെയിൽ വഴി ടിക്കറ്റ് ബുക്കിങ്.
ചൊവ്വാഴ്ച ആരംഭിച്ച രണ്ടാം ഘട്ടത്തിൽ ആദ്യമെത്തുന്നയാൾക്ക് ആദ്യം എന്ന നിലയിലാണ് ടിക്കറ്റുകൾ നൽകുന്നത്. ഒക്ടോബർ 12വരെ രണ്ടാം ഘട്ടം തുടരും.
ടിക്കറ്റുകൾ നേടാനുള്ള മൂന്നാം ഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയിൽസ് നവംബർ രണ്ട് മുതൽ ഫൈനൽ ദിനമായ ഡിസംബർ 18വരെ നീണ്ടു നിൽക്കും. മത്സരദിനങ്ങളിലും ഒഴിവനുസരിച്ച് ഇതുവഴി ടിക്കറ്റുകൾ സ്വന്തമാക്കാൻ കഴിയും.
ഫാൻ ഐഡി
ലോകകപ്പിനായി ഖത്തർ തയാറാക്കുന്ന ഫാൻ ഐഡിയുടെ പരീക്ഷണം കൂടിയാണ് അറബ് കപ്പ്. ടിക്കറ്റ് കൺഫർമേഷൻ നമ്പർ ലഭിക്കുന്നതോടെ ആരാധകർക്ക് ഫാൻ ഐഡിക്കായി അപേക്ഷിക്കാം. ചൊവ്വാഴ്ച മുതൽ തന്നെ ഫാൻ ഐഡി അപേക്ഷയും സ്വീകരിച്ചുതുടങ്ങി. FAC21.qa എന്ന എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഒറ്റകാർഡിൽ ഒരുപിടി സൗകര്യങ്ങളാണ് ഇതുപ്രകാരം ആരാധകർക്ക് വാഗ്ദാനം ചെയ്യുന്നത്. ടിക്കറ്റ്, കാലാവധിയുള്ള ഖത്തർ ഐഡി അല്ലെങ്കിൽ പാസ്പോർട്ടുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ അംഗീകരിച്ചാൽ ദോഹ എക്സിബിഷൻ സെൻറർ, ഹമദ് ഇൻറർനാഷനൽ വിമാനത്താവളം എന്നിവിടങ്ങളിൽനിന്ന് സ്മാർട്ട് ഫാൻ ഐഡി കാർഡ് കൈപ്പറ്റണം.
ടൂർണമെൻറ് വേളയിൽ ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റ്, സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം, മെട്രോ- ട്രാമുകളിൽ സൗജന്യയാത്ര, ബസ്-ടാക്സി യാത്ര തുടങ്ങിയവയെല്ലാം ഫാൻ ഐഡി സ്വന്തമാക്കുന്നവർക്ക് ലഭിക്കും. പ്രത്യേക ഫിഫ മൊബൈൽ ആപ്ലിക്കേഷനും അറബ് കപ്പിന് മുന്നോടിയായി പുറത്തിറക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.