സീറ്റ് ബെൽറ്റ് മുറുക്കിക്കോളൂ...
text_fieldsദോഹ: വാഹനയാത്രയിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ നിയമലംഘനം നടത്തുന്നവർക്ക് താക്കീതുമായി ആഭ്യന്തര മന്ത്രാലയം. ഡ്രൈവറും മുൻസീറ്റിലിരിക്കുന്നവരും നിയമലംഘനത്തിൽ ഒരുപോലെ തുല്യരാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുമ്പോൾ ഡ്രൈവറും മുൻസീറ്റിലിരിക്കുന്നവരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഗതാഗത നിയമത്തിലെ ആർട്ടിക്ക്ൾ 54ൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, സീറ്റ് ബെൽറ്റ് അണിയാതെ മുൻസീറ്റിൽ യാത്രചെയ്യുന്ന കേസുകളും ഏറെയാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും നിരീക്ഷിക്കുന്നതിനായി ഏകീകൃത റഡാർ സംവിധാനം ഏർപ്പെടുത്തിയത്.
ഇതോടെ രണ്ട് നിയമലംഘനങ്ങളും പിടികൂടുന്നതോടൊപ്പം നിയമലംഘകർക്ക് പിഴ ചുമത്താനും തുടങ്ങി. നിരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയതിന് ശേഷമായിരുന്നു, നിയമലംഘനത്തിന് പിഴ ഈടാക്കി തുടങ്ങിയത്.
അപകടങ്ങളിലെ തീവ്രത കുറക്കുന്നതിലും അപകടങ്ങളെ തുടർന്നുണ്ടാകുന്ന പരിക്കുകൾ കുറക്കുന്നതിലും ഒരു പരിധിവരെ സുരക്ഷ കൈവരിക്കുന്നതിലും സീറ്റ് ബെൽറ്റിന് നിർണായക പങ്കുണ്ട്. ഇതിന്റെ പ്രാധാന്യം കൂടി കണക്കിലെടുത്താണ് നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. നിയമലംഘനം നടത്തുന്നവർക്ക് 500 റിയാൽ പിഴയാണ് ചുമത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.