ആഫ്രിക്കയിലെ വ്യാപാര സാധ്യതകൾ തേടി കെ.ബി.എഫ് ബിസിനസ് മീറ്റ്
text_fieldsദോഹ: ഖത്തറിലെ പ്രവാസി മലയാളി സംരംഭകർക്ക് ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ പുതിയ മേഖലകളിലേക്ക് വ്യാപാരബന്ധങ്ങളുടെ സാധ്യതകൾ പരിചയപ്പെടുത്തിക്കൊണ്ട് കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റ് ബുധനാഴ്ച. കോവിഡാനന്തര കാലത്ത് വ്യാപര മേഖലയിലെ പുതിയ താവളം തേടുന്നവർക്കായി 'എക്സ്േപ്ലാർ അൺ എക്സ്േപ്ലാർഡ്'എന്ന ആശയവുമായാണ് വിവിധ ആഫ്രിക്കൻ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ പങ്കാളിത്തത്തോടെ കെ.ബി.എഫ് ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നത്. ബുധനാഴ്ച വൈകീട്ട് ആറ് മുതൽ രാത്രി ഒമ്പത് വരെ ദോഹ വെസ്റ്റിൻ ഹോട്ടലിൽ നടക്കുന്ന മീറ്റിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കെനിയ, റുവാണ്ട, താൻസനിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും നയതന്ത്ര ഉദ്യോഗസ്ഥരും അതത് രാജ്യങ്ങളിൽ നിന്നുള്ള ഖത്തറിലെ വ്യാവസായിക പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും.
ലോകത്ത് വിവിധ മേഖലകളിലായി പുതിയ നിക്ഷേപങ്ങൾക്ക് വഴിതുറക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ വ്യാപാര സാധ്യതകളെ കുറിച്ച് അറിയുന്നതിനായുള്ള മീറ്റിൽ 250ഓളം പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ചർച്ചകളിൽ സി.എ. ഗോപാൽ ബാലസുബ്രഹ്മണ്യൻ മോഡറേറ്ററായി പങ്കെടുക്കും.
ആഫ്രിക്കൻ രാജ്യങ്ങളിലെ വ്യാപാര സാധ്യതകൾ തേടുന്ന മലയാളി സംരംഭകർക്ക് ബിസിനസ് മീറ്റിലെ ചർച്ചകളും വിദഗ്ധരുടെ അനുഭവങ്ങളും ഏറെ ഫലപ്രദമാവുമെന്ന് സംഘാടകർ അറിയിച്ചു. മീറ്റിന്റെ ഭാഗമായി ഖത്തർ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റും പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവുമായ ഡോ. മോഹൻ തോമസിനെ ആദരിക്കും.
വാർത്തസമ്മേളനത്തിൽ കെ.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി നിഹാദ് അലി, വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ, ജോ.സെക്രട്ടറിമാരായ കിമി അലക്സാണ്ടർ, നിഷാം ഇസ്മായിൽ, ട്രഷറർ ഗിരീഷ് പിള്ള, അഡ്വൈസറി ബോർഡ് ചെയർമാൻ കെ.ആർ. ജയരാജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.