പ്രായമുള്ളവരെ തേടി വീട്ടിലേക്ക്; ഏജിങ് സർവേക്ക് തുടക്കം
text_fieldsദോഹ: പ്രായമായവരുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നാഷനൽ ഏജിങ് സർവേക്ക് ഖത്തറിൽ തുടക്കമായി. നാഷനൽ പ്ലാനിങ് കൗൺസിൽ, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെ പൊതുജനാരോഗ്യ മന്ത്രാലയം നേതൃത്വത്തിലാണ് നാഷനൽ ഏജിങ് സർവേ നടത്തുന്നത്.
60 വയസ്സിൽ കൂടുതലുള്ള വ്യക്തികളുടെ ആരോഗ്യത്തെയും ആവശ്യങ്ങളടക്കം സമഗ്രവിവരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവേ. സ്വദേശികളും വിദേശികളും ഉൾപ്പെടെ ഈ പ്രായത്തിലുള്ള 1,808 വ്യക്തികളുടെ വിവരങ്ങൾ ഭവനസന്ദർശനത്തിലൂടെ ശേഖരിക്കും.
സർവേ 2025 ജനുവരി 31 വരെ തുടരും. രക്തസമ്മർദം, ഭാരം, കേൾവി, ശ്വാസകോശ പ്രവർത്തന പരിശോധനകൾ, ശാരീരികവും വൈജ്ഞാനികവുമായ കഴിവുകളുടെ പരിശോധനകൾ നടത്തും. സർവേയിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യം, ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള ചോദ്യാവലിയും ഉണ്ടാവും.
ഗൃഹസന്ദർശനത്തിന് അനുയോജ്യമായ സമയം ക്രമീകരിക്കുന്നതിന് സർവേയിൽ പങ്കെടുക്കുന്നവരെ ഫോൺ കാളുകൾ വഴിയും സന്ദേശങ്ങൾ വഴിയും മുൻകൂട്ടി ബന്ധപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പരിചരണം കാരക്ഷ്യമമാക്കുന്നതിനുമുള്ള ശ്രദ്ധേയ ചുവടുവെപ്പാണ് ഏജിങ് സർവേയെന്ന് എച്ച്.എം.സിയിലെ ദീർഘകാല പരിചരണം, പുനരധിവാസം, ജെറിയാട്രിക്സ് കെയർ എന്നിവയുടെ ഡെപ്യൂട്ടി ചീഫും സർവേ പ്രോജക്ട് മേധാവിയുമായ ഡോ. ഹനാദി അൽ ഹമദ് പറഞ്ഞു. സർവേയെ കുറിച്ചും ഫീൽഡ് ടീമിനെയും സംബന്ധിച്ച ഏത് അന്വേഷണത്തിനും പൊതുജനങ്ങൾക്ക് 16000 എന്ന കാൾസെന്റർ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.