ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പു ചൂടിലേക്ക്
text_fieldsദോഹ: ബുധനാഴ്ച മുതൽ ഖത്തർ തെരഞ്ഞെടുപ്പിെൻറ ചൂടിലേക്ക്. ജനാധിപത്യ വോട്ടവകാശത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ശൂറാ കൗൺസിലിെൻറ പ്രചാരണ കോലാഹലങ്ങളുടെ നാളുകളിലേക്ക് ഖത്തർ ഉണരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി, ബുധനാഴ്ച മുതൽ തെരഞ്ഞെുപ്പ് പ്രചാരണ പരിപാടികൾ സജീവമാവും. ഒക്ടോബർ രണ്ടിനാണ് ശൂറാ കൗൺസിലിലെ 30 ഇലക്ടറൽ ജില്ലകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്.
വിവിധ ജില്ലകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമപട്ടിക തെരഞ്ഞെടുപ്പ് ഉന്നാതാധികാര സമിതി ബുധനാഴ്ച പ്രഖ്യാപിക്കും. ഉടൻതന്നെ സ്ഥാനാർഥികൾക്ക് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കാവുന്നതാണ്. ഒക്ടോബർ രണ്ടിന് വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 24 മണിക്കൂർ മുമ്പായി പ്രചാരണങ്ങൾ അവസാനിപ്പിക്കണം. 45 അംഗ ശൂറാ കൗൺസിലിലെ 30 സീറ്റുകളിലേക്കാണ് ജനാധിപത്യ രീതിയിൽ വോട്ടെടുപ്പ് നടക്കുന്നത്. ശേഷിക്കുന്ന 15 അംഗങ്ങളെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ട് നിയമിക്കും.
നിരവധി ഘട്ടങ്ങൾ പൂർത്തിയാക്കിയശേഷമാണ് അന്തിമ സ്ഥാനാർഥി പ്രഖ്യാപനത്തിലെത്തിയിരിക്കുന്നത്. മൂന്നാംഘട്ട പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുടക്കമാവുന്നത്. ആഗസ്റ്റ 30ന് പ്രഖ്യാപിച്ച പ്രാഥമിക പട്ടിക പ്രകാരം 29 സ്ത്രീകൾ ഉൾപ്പെടെ 294 പേർ മത്സര രംഗത്തുണ്ട്. പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരിശോധനകളും പൂർത്തിയാക്കി സൂക്ഷ്മ പരിശോധനയും കഴിഞ്ഞാണ് ഇപ്പോൾ അന്തിമപട്ടിക പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. ആഗസ്റ്റ് 22ന് തുടങ്ങി 26 വരെയായിരുന്നു സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. 30 മുതൽ മൂന്നു ദിവസം പരാതികൾ ഉന്നയിക്കാനും സമയം നൽകി.
പ്രചാരണങ്ങൾക്ക് വിപുല സന്നാഹം
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടെ മേൽേനാട്ടത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രചാരണങ്ങൾക്ക് ചെലവഴിക്കേണ്ട തുക മുതൽ പൊതു ഇടങ്ങളിൽ സ്ഥാപിക്കുന്ന ബോർഡുകൾ സംബന്ധിച്ചും പരിപാടികളുടെ സമയത്തെ കുറിച്ചുമെല്ലാം കൃത്യമായ നിർദേശങ്ങളുണ്ട്. ഖത്തർ മീഡിയ കോർപറേഷനിൽ രജിസ്റ്റർ ചെയ്താണ് പ്രചാരണം നടത്തുന്നത്. ചെലവുകളില്ലാതെതന്നെ പ്രചാരണം നടത്താനായി 14 വേദികൾ തയാറായതായി മാധ്യമവിഭാഗം മേധാവി ബ്രിഗേഡിയർ അബ്ദുല്ല ഖലീഫ അൽ മുഫ്തഹ് പറഞ്ഞു.
സാംസ്കാരിക കായിക മന്ത്രാലയവുമായി സഹകരിച്ച് ഒമ്പത് ക്ലബ് ഹാളുകളും അഞ്ച് യൂത്ത് സെൻററുകളും പൊതുപരിപാടികൾക്കായി തയാറാക്കിയതായി അദ്ദേഹം പറഞ്ഞു. വോട്ടർമാരെ കാണാനും പൊതുയോഗങ്ങളും മറ്റും നടത്താനും സ്ഥാനാർഥികൾക്ക് മീഡിയ കമ്മിറ്റി വഴി ഇവ ബുക്ക് ചെയ്ത് ഉപയോഗിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സര്‍ക്കാര്‍ കെട്ടിടങ്ങൾ, ആരാധന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരസ്യങ്ങളോ പ്രചാരണ ബോര്‍ഡുകളോ സ്ഥാപിക്കാന്‍ പാടുള്ളതല്ല. രാജ്യത്തിെൻറ ഔദ്യോഗിക മുദ്രകളോ പ്രതീകങ്ങളോ പ്രചാരണ പരിപാടിയിൽ ഉപയോഗിക്കാൻ പാടില്ല.
പരസ്പര ബഹുമാനത്തോടെയും രാജ്യത്തിെൻറ പാരമ്പര്യവും ദേശീയതയും ഹനിക്കാതെയുമാവണം പ്രചാരണ പ്രവർത്തനങ്ങൾ. 20 ലക്ഷം റിയാല്‍വരെ സ്ഥാനാർഥിക്ക് പ്രചാരണത്തിനായി ചെലവഴിക്കാം. ഇതില്‍ 35 ശതമാനംവരെ സംഭാവനയായി സ്വീകരിക്കാം. പോസ്റ്റർ, പരസ്യങ്ങൾ തുടങ്ങി എല്ലാ പ്രചാരണ സംവിധാനങ്ങളും തെരഞ്ഞെടുപ്പുകഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളിൽ നീക്കംചെയ്യണം എന്നീ നിർദേശങ്ങളും സ്ഥാനാർഥികൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.