പുകവലിയോട് നോ പറയാൻ ‘ടുബാകോ കൺട്രോൾ സെൻറർ’
text_fieldsദോഹ: പുകവലിച്ചു വലിച്ചു ജീവിതം മുട്ടിയവർക്ക് പുതുജീവിതം പകർന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനു (പി.എച്ച്.സി.സി) കീഴിലെ പുകവലി വിമുക്തകേന്ദ്രം. കൗമാരത്തിലും യുവത്വത്തിനിടെയുമെല്ലാം പുകവലി ശീലമാക്കി, അടിപ്പെട്ടവർ അഭയം തേടിയെത്തുേമ്പാൾ അവരെ പൂർണമായും പുകവലിയിൽനിന്നും മുക്തരാക്കി ടുബാകോ കൺട്രോൾ സെൻറർ ആരോഗ്യകരമായ ജീവിതത്തിലേക്ക് വഴിനടത്തുന്നു. പുകവലി ഉപേക്ഷിക്കാൻ സഹായം തേടി പി.എച്ച്.സി.സി കേന്ദ്രങ്ങളിലെത്തിയവരിൽ ഭൂരിഭാഗം പേരും പുകവലി ശീലം വിജയകരമായി ഉപേക്ഷിച്ചതായി ‘സ്പ്രിംഗർ ലിങ്ക്’ പ്ലാറ്റ്ഫോം പഠനത്തിൽ വെളിപ്പെടുത്തുന്നു.
പുകവലി നിർത്തൽ സേവനങ്ങൾ ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും ഏറെ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നതായി പഠനം കണ്ടെത്തി. ഉയർന്ന വരുമാനവും വിദ്യാഭ്യാസവുമുള്ള യുവാക്കൾ, അറബ് പൗരന്മാർ തുടങ്ങിയവർ പുകവലിയുടെ ഏറ്റവും അപകടസാധ്യതയുള്ള ഗ്രൂപ്പായി പഠനം ചൂണ്ടിക്കാട്ടി. പ്രാദേശികമായ കൂടുതൽ ആളുകളിലേക്ക് സേവനം സംബന്ധിച്ച് പ്രചരിപ്പിക്കാൻ പി.എച്ച്.സി.സി അതിന്റെ സേവനങ്ങൾ വലിയ തോതിൽ പരസ്യപ്പെടുത്തണമെന്ന് പഠനത്തിൽ നിർദേശിക്കുന്നു.
പി.എച്ച്.സി.സി ക്ലിനിക്കൽ റിസർച് വിഭാഗത്തിലെ അബ്ദുൽ ജലീൽ അബ്ദുല്ലത്തീഫ് സൈനൽ, ഹനാൻ അൽ മുജല്ലി, ഹാഫിസ് അഹ്മദ് മുഹമ്മദ്, അഹ്മദ് സമീർ അൽ നുഐമി, മസ്ലിം അബ്ബാസ് സഈദ്, പി.എച്ച്.സി.സി ഓപറേഷൻ വിഭാഗത്തിലെ അമീന ഇബ്റാഹിം ഫഖ്റൂ എന്നിവർ ചേർന്നാണ് പഠനം നടത്തിയത്.
പി.എച്ച്.സി.സി പുകവലി നിർത്തൽ ക്ലിനിക്കുകളിലെത്തിയവരിൽനിന്ന് റാൻഡം സാംപിളിലൂടെ 490 പേരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. തുടക്കത്തിൽ പങ്കെടുത്തവരിൽ 63.5 ശതമാനം പേരും വിജയകരമായി പുകവലി നിർത്തിയതായി പഠനം കണ്ടെത്തി.
നിർത്തിയവരിൽ 23.3 ശതമാനം പേരും പഴയപടിയാകുകയും ആറ് മാസത്തിനുള്ളിൽ പുകവലി ആരംഭിക്കുകയും ചെയ്തതായി പഠനത്തിൽ പറയുന്നു. പഠനമാരംഭിച്ച് 42 മാസം പിന്നിടുമ്പോൾ പങ്കെടുത്തവരിൽ 45 ശതമാനത്തിലധികം പേർ വിജയകരമായി പുകവലി നിർത്തിയതായും പഠനം ചൂണ്ടിക്കാട്ടി.
30-39 വയസ്സിനിടയിലുള്ളവർ 43 ശതമാനവും 28 ശതമാനം പേർ 40-49 വയസ്സിനിടയിലുള്ളവരുമാണ്. 90 ശതമാനത്തിലധികം പേരും പുരുഷന്മാരാണ് പങ്കെടുത്തത്. പത്തു വർഷത്തിലധികമായി പുകവലി ശീലമാക്കിയവരാണധികവും. പങ്കെടുത്തവരിൽ 96.3 ശതമാനം പുകവലി ശീലമാക്കിയവരും 19.85 ശതമാനം ഷിഷ വലിക്കുന്നവരുമാണ്.
പുകയില ഉപയോഗിക്കുന്നവരെ ചികിത്സിക്കുന്നവരിൽ പ്രത്യേക പരിശീലനം ലഭിച്ച ഫിസിഷ്യന്മാരാണ് പി.എച്ച്.സി.സി സ്മോക്കിങ് സെസേഷൻ ക്ലിനിക്കുകൾ നിയന്ത്രിക്കുന്നത്. ഫലപ്രദമായ കൗൺസലിങ്ങും മരുന്നുകളുമാണ് ഇവിടെ ചികിത്സ. ക്ലിനിക്കുകളിലേക്കുള്ള പ്രവേശനം റഫറൽ വഴിയോ അല്ലെങ്കിൽ 107 നമ്പറിൽ വിളിച്ച് നേരിട്ട് അപ്പോയിൻമെന്റ് എടുത്തോ ആകാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.