ഓർമകളിലെ സുവർണ നിമിഷങ്ങൾ സ്ക്രീൻ നിറയുന്നു
text_fieldsദോഹ: ഖത്തർ ലോകകപ്പിന്റെ അവിസ്മരണീയ കാഴ്ചകൾ ഇന്നും മങ്ങിയിട്ടില്ല. ദോഹ കോർണിഷും സൂഖ് വാഖിഫും ലുസൈലും തുടങ്ങി വിവിധ സ്റ്റേഡിയങ്ങളും കളിമൈതാനങ്ങളും സമ്മാനിച്ച ഓർമകൾക്ക് ആറു മാസം തികയുമ്പോൾ ആരാധകരെ തേടിയെത്തുന്നത് അപൂർവ നിമിഷങ്ങൾ ഒപ്പിയെടുത്ത ഒരു ചലച്ചിത്ര കാഴ്ചയാണ്. ഫിഫ ലോകകപ്പിന്റെ ചാരുതയാർന്ന കാഴ്ചകൾ ഉൾപ്പെടുത്തിയുള്ള ഡോക്യുമെന്ററി ആരാധകരിലേക്ക് എത്തുന്നു. മിന മേഖലയിലെ പ്രമുഖ വിനോദ, കായിക സ്ട്രീമിങ് പ്ലാറ്റ്ഫോമായ ടി.ഒ.ഡി ആണ് ലോകകപ്പിനെ ദൃശ്യവത്കരിക്കുന്ന ഡോക്യൂമെന്ററി അവതരിപ്പിക്കുന്നത്.
മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ബാക്ക് സ്റ്റേജ് ഫൂട്ടേജുകൾ, കളിക്കാരുടെ ഇടപെടലുകൾ, സംഘാടകരുടെ എക്സ്ക്ലൂസിവ് അഭിമുഖങ്ങളും സന്ദേശങ്ങളും തുടങ്ങി ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിയ ഖത്തർ ലോകകപ്പിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററി നാല് ഭാഗമായാണ് ഇറക്കിയിരിക്കുന്നത്.
ആകർഷകമായ വിവരണമാണ് ഡോക്യുമെന്ററിയുടെ പ്രധാന സവിശേഷത. ടൂർണമെന്റ് സംഘാടകർ, അറബ് ആരാധകർ, കളിക്കാർ എന്നിവരുടെ കാഴ്ചകളും ഡോക്യുമെന്ററി പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. കൂടാതെ ഖത്തർ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റിയുടെ ഒരു വ്യാഴവട്ടക്കാലം നീണ്ടുനിന്ന തയാറെടുപ്പുകൾ, ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ, തിരശ്ശീലക്ക് പിന്നിലെ കാഴ്ചകൾ എന്നിവയുമായി ബന്ധപ്പെട്ട വ്യത്യസ്ത ദൃശ്യങ്ങളും ചിത്രങ്ങളും വിവരണവും നൽകുന്നതിലൂടെ ടൂർണമെന്റിന്റെ ആവേശമൊട്ടും ചോരാതെയാണ് തയാറാക്കിയിരിക്കുന്നത്.
സംഘാടക സമിതിയിലെ ശ്രദ്ധേയ വ്യക്തികൾ പരമ്പരയുടെ പ്രധാന ഭാഗമാണ്. ഖത്തർ ലോകകപ്പ് 2022 സി.ഇ.ഒ നാസർ അൽ ഖാതിർ, സുപ്രീം കമ്മിറ്റി ഓപറേഷൻ ഓഫിസ് ചെയർമാനും ടെക്നിക്കൽ ഡെലിവറി ഓഫിസ് വൈസ് ചെയർമാനുമായ യാസിർ അൽ ജമാൽ തുടങ്ങിയവർ ഡോക്യുമെന്ററിയിൽ അണിനിരക്കുന്നുണ്ട്.
സംഘാടകർക്ക് പുറമെ, ഫുട്ബാൾ ഇതിഹാസങ്ങൾ, കോച്ചിങ്ങിലൂടെ അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായവർ, വിവിധ ടീമുകളുടെ കോച്ചിങ് സ്റ്റാഫുകൾ, ഫിഫയുടെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും വ്യത്യസ്ത സമയങ്ങളിലായി ഡോക്യുമെന്ററിയിൽ മുഖം കാണിക്കുകയും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ലോകകപ്പിനായുള്ള ടീമുകളുടെ തന്ത്രങ്ങളെക്കുറിച്ചും എതിർ ടീമിനോടുള്ള സമീപനങ്ങളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് നൽകാൻ അഭിമുഖങ്ങൾ സഹായിക്കും. ടൂർണമെന്റിൽ പങ്കെടുത്ത ടീമുകളുടെയും പരിശീലകരുടെയും വിജയങ്ങൾ, ഓരോ കളിയിലെയും ആഘോഷ നിമിഷങ്ങൾ, തോൽവിയുടെ നിരാശകൾ, കണ്ണീർ... അങ്ങനെ നിമിഷങ്ങളൊരോന്നായി ചേർത്തുവെച്ച അപൂർവമായൊരു ലോകകപ്പ് കാഴ്ച. വിജയങ്ങളും വിജയത്തിലേക്കുള്ള പ്രയാണത്തിൽ മറികടന്ന പ്രതിബന്ധങ്ങളും പ്രയാസങ്ങളും ഡോക്യുമെന്റി പ്രത്യേകം പരാമർശിക്കുന്നു.
വിജയകരമായി സമാപിച്ച ഖത്തർ ലോകകപ്പിനെക്കുറിച്ചും ഖത്തർ ലോകകപ്പ് അനുഭവങ്ങളെക്കുറിച്ചും മുൻനിര താരങ്ങളും ഡോക്യുമെന്ററിയിൽ മനസ്സ് തുറക്കുന്നുണ്ട്. ഫിഫ ഗ്ലോബൽ ഫുട്ബാൾ ഡെവലപ്മെന്റ് ചീഫ് ആഴ്സൻ വെംഗർ, മൊറോക്കൻ താരമായ അഷ്റഫ് ഹകീമി, ലോകകപ്പ് നേട്ടത്തിലൂടെ ഫുട്ബാൾ ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് നടന്നുകയറിയ അർജന്റൈൻ താരം ലയണൽ മെസി തുടങ്ങിയവരെല്ലാം ടി.ഒ.ഡി ഡോക്യുമെന്ററിയിൽ പ്രേക്ഷകരോട് തങ്ങളുടെ അനുഭവം പങ്കുവെക്കുന്നു.
ഫിഫ ലോകകപ്പിന്റെ ആറ് മാസത്തെ അനുസ്മരണമാണ് ഡോക്യുമെന്ററിയെന്നും ഫുട്ബാളിലൂടെ രാജ്യങ്ങളെ ഒന്നിപ്പിക്കാനുള്ള കഴിവാണ് ഖത്തറിൽ കണ്ടതെന്നും ടി.ഒ.ഡി മാർക്കറ്റിങ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് ജോൺ പോൾ മകെർലി പറഞ്ഞു. ഫിഫ ലോകകപ്പിന്റെ ആവേശവും നാടകീയതയും നിറഞ്ഞ കാഴ്ചകൾ സ്വന്തം വീടിന്റെ സുഖസൗകര്യങ്ങളിൽനിന്നും നിങ്ങൾക്ക് ഇഷ്ടമുള്ള സ്ക്രീനിൽനിന്നും ഒരിക്കൽ കൂടി കാണാനുള്ള സമാനതകളില്ലാത്ത അവസരമാണ് ഡോക്യുമെന്ററി വാഗ്ദാനം ചെയ്യുന്നതെന്നും മകെർലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.