ഇന്ന് ദേശീയ പരിസ്ഥിതി ദിനം; സംരക്ഷണത്തിന് പ്രോത്സാഹനവുമായി രാജ്യം
text_fieldsദോഹ: എപ്പോഴും പരിസ്ഥിതി ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുന്ന ഖത്തറിന് ശനിയാഴ്ച ദേശീയ പരിസ്ഥിതി ദിനം. ലോകമാകെ പരിസ്ഥിതി സന്ദേശങ്ങൾക്ക് പ്രചാരണം നൽകുന്നതിൽ സജീവ പങ്കുവഹിക്കുന്ന ഖത്തർ പരിസ്ഥിതി ദിനത്തിൽ വിവിധ പദ്ധതികളുമായാണ് പൊതുജനങ്ങളെ ബോധവത്കരിക്കുന്നത്.
പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം, നഗരസഭ മന്ത്രാലയം, ഖത്തർ സർവകലാശാല, ഖത്തർ ഫൗണ്ടേഷൻ എന്നിവയും നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസംതന്നെ തുടക്കം കുറിച്ചിരുന്നു. 'നമ്മുടെ പരിസ്ഥിതി, നമ്മുടെ ഉത്തരവാദിത്തം' (ബിയാത്ന അമാന) എന്ന പ്രമേയവുമായാണ് ഈ വർഷം രാജ്യം പരിസ്ഥിതി ദിനം ആചരിക്കുന്നത്. രാജ്യത്തെ പൊതു-സ്വകാര്യ മേഖലകൾ, വിവിധ പ്രവാസി സമൂഹങ്ങൾ, വിദ്യാർഥികൾ എന്നിവരിലെല്ലാം പരിസ്ഥിതി സംരക്ഷണ ചിന്തകൾ എത്തിക്കുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.
രാജ്യത്തെ സജീവ കണ്ടൽക്കാടുകളും, സംരക്ഷിത പ്രദേശങ്ങളും മറ്റുമായി സർക്കാർ കാത്തുസൂക്ഷിക്കുന്ന ജൈവവൈവിധ്യങ്ങളുടെ സംരക്ഷണത്തിന് പൊതുജനങ്ങളെയും പ്രേരിപ്പിക്കുകയാണ് പ്രഥമ ലക്ഷ്യം. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി രാജ്യ വ്യാപകമായി വിവിധ പരിപാടികൾ മുനിസിപ്പാലിറ്റി മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുണ്ട്.
മരങ്ങൾ നടൽ, സംരക്ഷിത പ്രദേശത്തേക്ക് മൃഗങ്ങളെയും പക്ഷികളെയും തുറന്നുവിടൽ, സീലൈൻ ബീച്ച് ശുചീകരണം എന്നിവയും ഇതിന്റെ ഭാഗമാണ്. ശനിയാഴ്ച കണ്ടൽക്കാടുകളിൽ മത്സ്യക്കുഞ്ഞുകളെ തുറന്നുവിടും. ദേശീയ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വ്യാഴാഴ്ച ഖുർആനിക് ബൊട്ടാണിക് ഗാർഡനിൽ 300ഓളം വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചിരുന്നു.
രാജ്യത്തെ വനവത്കരണ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും മരങ്ങൾ ഒരു ദിവസം വെച്ചു പിടിപ്പിച്ചത്. ഇതിനു പുറമെ, പരിസ്ഥിതി മന്ത്രാലയത്തിന്റെ വനവത്കരണ പരിപാടിയിലേക്കായി 1000 വ്യക്ഷത്തൈകളും സംഭാവന ചെയ്യുമെന്ന് ബൊട്ടാണിക് ഗാർഡൻ ഡയറക്ടർ ഫാതിഅ ൽ ഖുലൈഫി പറഞ്ഞു. പരിസ്ഥിതി ദിനത്തോട് ഐക്യദാർഢ്യവുമായി ഖത്തർ ഫൗണ്ടേഷൻ കാമ്പസിൽ വ്യാഴാഴ്ച കാർബൺ ബഹിർഗമനം കുറക്കുന്നതിനായി കാർഫ്രീ ഡേ ദിനമായി ആചരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.