സുവർണാഭിമാനം
text_fieldsദോഹ: രക്തത്തിൽ കായികാവേശം നിറഞ്ഞവരാണ് ഖത്തരികൾ. മറ്റെന്തിനേക്കാളും കളിയെ പ്രണയിക്കുന്നവർ. 2022 ഫുട്ബാൾ ലോകകപ്പ് വേദി സ്വന്തം മണ്ണിലെത്തിയതും ഏഷ്യൻ ഫുട്ബാൾ കിരീടത്തിൽ മുത്തമിട്ടതും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഫുട്ബാൾ ക്ലബുകൾ സ്വന്തമാക്കിയതും എന്തിനേറെ മികച്ച താരങ്ങളെ സ്കൗട്ട് ചെയ്തെടുത്ത് മിടുക്കരാക്കിയുമെല്ലാം ഖത്തറിെൻറ കായികപ്രേമം ലോകമെങ്ങും ആദരവുനേടി. അതിരില്ലാത്ത ഈ കായികാവേശത്തിനുള്ള തിലകച്ചാർത്താണ് ശനിയാഴ്ച ടോക്യോയിൽ ലഭിച്ച സുവർണപ്പതക്കം.
അതാവട്ടെ, അപ്രതീക്ഷിതമായ നേട്ടവും. റിയോ ഒളിമ്പിക്സിൽ വെള്ളി നേടിയ ഹൈജംപ് താരം മുതാസ് ബർഷിമിലായിരുന്നു ഖത്തറിെൻറയെല്ലാം ഒളിമ്പിക്സ് സ്വപ്നങ്ങൾ. കഴിഞ്ഞ ദിവസം നടന്ന യോഗ്യതാ റൗണ്ടിൽനിന്ന് ഫൈനലിൽ ഇടംനേടിയതും ആഘോഷമായി. എന്നാൽ, ഇതിനിടയിലായിരുന്നു സമ്മർദങ്ങളൊന്നുമില്ലാതെ ഫാരിസ് ഇബ്രാഹീം ഭാരാദ്വഹനത്തിെൻറ പ്ലാറ്റ്ഫോമിലെത്തിയത്. 96 കിലോ വിഭാഗത്തിൽ മത്സരിച്ച ഫാരിസ് 402 കിലോ ഭാരം പുഷ്പംപോലെ ഉയർത്തി ചരിത്രമെഴുതി. 16 അംഗ സംഘവുമായി ടോക്യോയിലേക്ക് പോയ ഖത്തറിന് സമ്മോഹന മുഹൂർത്തം. 1984 ലോസ്ആഞ്ജലസ് മുതൽ ഒളിമ്പിക്സിൽ മാറ്റുരക്കുന്ന രാജ്യത്തിന് 2016 റിയോ വരെ വെങ്കല സ്മരണകൾ മാത്രമാണുണ്ടായിരുന്നത്.
1992 ബാഴ്സലോണയിൽ മുഹമ്മദ് സുലൈമാൻ 1500 മീറ്ററിൽ ആദ്യ വെങ്കലം നേടി. ശേഷം, 2000 സിഡ്നിയിൽ സൈയ്ദ് സെയ്ഫ് അസാദിലുടെ വെയ്റ്റ് ലിഫ്റ്റിങ്ങിൽ വെങ്കലമെത്തി. 2012 ലണ്ടനിൽ മുതാസ് ബർഷിമും ഷൂട്ടിങ്ങിൽ നാസർ അതിയ്യയും വെങ്കലം സമ്മാനിച്ചു. കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ ബർഷിം മെഡലിന് വെള്ളിത്തിളക്കം നൽകിയതായിരുന്നു മഹത്തായ നേട്ടം. ടോക്യോയിൽ ബർഷിം മെഡലിന് തങ്കത്തിളക്കമേകുമെന്ന പ്രതീക്ഷകൾക്കിടെയാണ് ഫാരിസ് ഇബ്രാഹീം എന്ന 23കാരൻ ഖത്തറിെൻറ ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ സ്വർണമെഡൽ നേട്ടക്കാരനായി മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.