ബർഷിം
text_fieldsദോഹ: അക്കൗണ്ട് തുറക്കാനേ വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിയുള്ളൂ. ഒളിമ്പിക്സിന് ടീമിനെ അയച്ചുതുടങ്ങി, 36 വർഷത്തിനുശേഷം ആദ്യ ഒളിമ്പിക്സ് സ്വർണം ശനിയാഴ്ച അക്കൗണ്ടിൽ വീണ് 24 മണിക്കൂറിനകം ഖത്തർ രണ്ടാം സ്വർണവും അണിഞ്ഞു. അതാവട്ടെ, രാജ്യത്തിെൻറ കായിക പ്രതീകമായിമാറിയ ഹൈജംപുകാരൻ മുഅതസ് ഈസ ബർഷിമിലൂടെയും. രണ്ടു തവണ വീതം ലോക ചാമ്പ്യനും ഏഷ്യൻ ചാമ്പ്യനുമായ ബർഷിമിലൂടെ സ്വർണനേട്ടം ഉറപ്പിച്ചാണ് ഖത്തർ ടോക്യോയിലേക്ക് പറന്നത്. 2012ൽ ലണ്ടനിൽ നേടിയ വെങ്കലവും 2016ലെ റിയോ വെള്ളിയും ടോക്യോയിൽ അവൻ സ്വർണമാക്കിമാറ്റുമെന്ന് ഉറപ്പായിരുന്നു. ആ വിശ്വാസമാണ് ഞായറാഴ്ച ടോക്യോയിലെ രാത്രിയിൽ ശരിവെക്കപ്പെട്ടത്.
ഒരു മെഡലിനപ്പുറം സ്പോർട്സ്മാൻ സ്പിരിറ്റിലൂടെയും ബർഷിം ഒളിമ്പിക് മണ്ണിലും ലോകമെങ്ങുമുള്ള ആരാധക മനസ്സിലും ചാമ്പ്യനായി. 2.37 വരെ ആദ്യ ശ്രമത്തിൽതന്നെ ചാടിയശേഷം, 2.39 മീറ്റർ ദൂരത്തിലായിരുന്നു ബർഷിമും ഇറ്റലിയുടെ ജിയാൻമാർകോ ടാംബെറിയും വീണത്. മൂന്നു ശ്രമത്തിലും ഉയരം കടക്കാനാവാതെ പോയതോടെ ഒന്നാം സ്ഥാനത്ത് ഇരുവരും ഒപ്പത്തിനൊപ്പമായി. തുടർന്ന് ജംപ് ഓഫിലൂടെ ടേക്ക്ഓഫിനായി റഫറി വിളിച്ചപ്പോഴാണ് സ്വർണം പങ്കുവെച്ച് പിൻവാങ്ങാമോയെന്ന് ബർഷിം ചോദിച്ചത്. ഒഫീഷ്യൽസ് അനുവദിച്ചതോടെ, കളിക്കളത്തിലെ മനുഷ്യത്വത്തിെൻറ അപാര മാതൃകകൂടി രചിച്ചുകൊണ്ട് ബർഷിം താരമായി.
മൂന്നു ദിവസം മുമ്പ് നടന്ന യോഗ്യതാറൗണ്ടിൽ 2.28 ചാടിയാണ് ബർഷിം ഫൈനലിൽ ഇടംപിടിച്ചത്. ഖത്തർ സമയം ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ഫൈനൽ തുടങ്ങിയതോടെ അനായാസ കുതിപ്പും തുടങ്ങി. 2.19 മീറ്ററിൽ പാസ് വാങ്ങിയ ശേഷം, 2.24 മീറ്ററിലാണ് ജംപ് തുടങ്ങിയത്. 2.37 വരെ ആദ്യ ശ്രമത്തിൽതന്നെ കടന്നു. 2.39 മീറ്ററിൽ മത്സരിച്ച അഞ്ചു പേർക്കും ക്ലിയർ ചെയ്യാൻ കഴിഞ്ഞില്ല. ഒടുവിലായിരുന്നു ഒപ്പത്തിനൊപ്പമായ ബർഷിമും ജിയാൻമാർകോയും ജംപ് ഓഫിൽനിന്നു പിൻവാങ്ങി മെഡൽ പങ്കുവെക്കാൻ തീരുമാനിച്ചത്.സീസണിലെ ഏറ്റവും മികച്ച പ്രകടനവുമായാണ് ബർഷിം ടോക്യോയിൽ പൊന്നായി മാറിയത്.
അച്ഛനും മകനുമായ സ്റ്റാൻലിയും ബർഷിമും
ദോഹയിലെ ഒരു സുഡാനി കുടുംബത്തിൽ 1991 ജൂൺ 24നായിരുന്നു ബർഷിമിെൻറ ജനനം. അഞ്ച് ആൺകുട്ടികളും ഒരു പെൺകുട്ടിയുമടങ്ങുന്ന കുടുംബം. പിതാവ് നല്ലൊരു അത്ലറ്റായിരുന്നു. ഒാട്ടത്തിലും ലോങ്ജംപിലുമായിരുന്നു ബർഷിമിെൻറ ആദ്യകാല മികവ്. ദോഹയിലെ പ്രാദേശിക ക്ലബിൽ പരിശീലകനായ പിതാവിെൻറ ൈകപിടിച്ച് കുട്ടിക്കാലത്തുതന്നെ ബർഷിം തെൻറ മേഖലയും കണ്ടെത്തി.
ദോഹയിലെ അറബിക് സ്കൂളിലാണ് പഠിച്ചത്. അവിെടനിന്ന് ഇംഗ്ലീഷിൽ പ്രാവീണ്യം നേടി. ഹൈജംപ് കൂടുതൽ രസകരമായിതോന്നിയതിനാൽ 15ാം വയസ്സിൽ ഉയരങ്ങളിലേക്ക് കണ്ണയക്കാൻ തുടങ്ങി. ഖത്തറിെൻറ ദേശീയ കായിക പരിശീലന കേന്ദ്രമായ ആസ്പെയർ സോണിൽ ചേർന്നതോടെയാണ് വിജയകഥ തുടങ്ങുന്നത്. 2009ൽ ആസ്പെയറിലെ പരിശീലനം പൂർത്തിയാക്കി, അപ്പോൾ മികച്ച ഉയരം 2.14 മീറ്റർ ആയിരുന്നു. ഇതിനിടെയാണ് നിലവിലെ കോച്ച് സ്റ്റാൻറലിയെ കണ്ടുമുട്ടുന്നത്. പതിറ്റാണ്ടിലേറെ കാലമായി പിതാവിനെയും മകനെയുംപോലെയാണ് പോളണ്ടുകാരനായ സ്റ്റാൻലിയും 30കാരനായ ബർഷിമും. 2009ൽ തുടങ്ങിയ കൂട്ട് ഇന്ന് ടോക്യോയിൽ ബർഷിമിനെ ഒളിമ്പിക് സ്വർണത്തിലെത്തിച്ചും തുടരുന്നു.
'ഞങ്ങൾ തമ്മിലെ ബന്ധം വളരെ വിശേഷപ്പെട്ടതാണ്. തുടക്കത്തിൽ കോച്ചൊരു കഠിനമായ വെല്ലുവിളിയായിരുന്നു. പ്രത്യേകിച്ച് ഒരു പ്രഫഷനൽ കോച്ചും ഒരു കൗമാരക്കാരനുമാകുേമ്പാൾ. എന്നാൽ, ഇപ്പോൾ ഞങ്ങൾ 12 വർഷമായി ഒന്നിച്ചുണ്ട്. അദ്ദേഹം എനിക്ക് പിതൃതുല്യനാണ്' -ടോക്യോയിലേക്ക് പുറപ്പെടും മുമ്പ് കോച്ചിനെക്കുറിച്ച് ബർഷിമിെൻറ വാക്കുകൾ ഇങ്ങനെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.