തക്കാളി ഉൽപാദനം വർധിപ്പിക്കാനുള്ള ഗവേഷണവുമായി ടെക്സസ് എ ആൻഡ് എം യൂനിവേഴ്സിറ്റി
text_fieldsഅൽ ഖോറിന് സമീപമുള്ള അഗ്രികോ ഫാമിലാണ് ഗവേഷണം
ദോഹ: ഖത്തറിൽ തക്കാളി ഉൽപാദനം വർധിപ്പിക്കാനുള്ള ഗവേഷണ പദ്ധതിയുമായി ടെക്സസ് എ ആൻഡ് എം യൂനിവേഴ്സിറ്റി. ഖത്തർ ഫൗണ്ടേഷന്റെ പങ്കാളിത്ത സർവകലാശാലകളിലൊന്നാണിത്. ടെക്സസ് എ ആൻഡ് എം അഗ്രിലൈഫ് റിസർച്, ഖത്തറിലെ ടെക്സസ് എ ആൻഡ് എം യൂനിവേഴ്സിറ്റി, ഖത്തർ നാഷനൽ റിസർച് ഫണ്ട് സ്പോൺസർ ചെയ്യുന്ന അഗ്രികോ എന്നിവർ സംയുക്തമായാണ് ഖത്തറിലെ തക്കാളി വിളവ് വർധിപ്പിക്കുന്നതിനുള്ള പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.
ഖത്തറിൽ തക്കാളിയുടെ ഉൽപാദനക്ഷമത, ഗുണമേന്മ എന്നിവ വർധിപ്പിക്കുന്നതിനുള്ള പദ്ധതി അൽ ഖോറിന് സമീപമുള്ള അഗ്രികോ ഫാമിലാണ് നടത്തുന്നത്. ലോകമെമ്പാടുമുള്ള തക്കാളിയുടെ വിവിധ ജനിതകരൂപങ്ങൾ ഗവേഷകർ വിലയിരുത്തുകയാണ്. ഇവയിൽ ഖത്തറിലെ കഠിനമായ പാരിസ്ഥിതിക സാഹചര്യങ്ങളിൽ ഏതാണ് തഴച്ചുവളരുകയെന്നതാണ് ഗവേഷകർ പരിശോധിക്കുന്നത്. ഗ്രാഫ്റ്റിങ്, ചെടികളുടെ സാന്ദ്രത, കീടനിയന്ത്രണം, തേനീച്ചകളുടെ സഹായത്തോടെയുള്ള പരാഗണം എന്നിവയുടെ സ്വാധീനവും ഗവേഷണ പരിധിയിൽ വരും.
‘ഞങ്ങളുടെ ഹൈഡ്രോപോണിക് തക്കാളി പ്രോജക്റ്റിൽ ശാസ്ത്ര പരിജ്ഞാനത്തിനൊപ്പം കർഷകരുടെ അനുഭവവും സമന്വയിപ്പിക്കും. മികച്ച വിള പരിപാലന രീതികൾക്കായി അഗ്രിക്കോ നൽകുന്ന സൗകര്യങ്ങളും നിരന്തര പിന്തുണയും പിൻബലമാണ്. തക്കാളി ഗ്രാഫ്റ്റിങ് ഫിസിയോളജി മേഖലയിൽ ടെക്സസ് എ ആൻഡ് എം അഗ്രിലൈഫ് റിസർച് നടത്തിയ അനുബന്ധ ഗവേഷണം ഖത്തറിലെ ഈ പ്രോജക്ടിൽ പരീക്ഷിക്കും. ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന് കരുത്തുപകരുന്ന കാര്യക്ഷമവും സുരക്ഷിതവും പ്രതിരോധശേഷിയുള്ളതുമായ ഭക്ഷ്യസംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാൻ ഈ കൂട്ടായ്മയിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’ -ഹോർട്ടികൾചറൽ സയൻസസ് വിഭാഗം പ്രഫസറും ടെക്സസിലെ എ ആൻഡ് എം സെന്റർ ഡയറക്ടറുമായ ഡോ. ഡാനിയൽ ലെസ്കോവർ പറഞ്ഞു.
‘ഖത്തറിലെ ടെക്സസ് എ ആൻഡ് എം യൂനിവേഴ്സിറ്റി ഗവേഷകരെന്ന നിലയിൽ, രാജ്യം നേരിടുന്ന യഥാർഥ വെല്ലുവിളികൾക്ക് പരിഹാരം കാണാനാണ് ഞങ്ങളുടെ ശ്രമം. ഖത്തറിൽ കൃഷി കൂടുതൽ കാര്യക്ഷമമാക്കണമെന്ന ആവശ്യം ഈയിടെയായി ഉയരുന്നുണ്ട്. ഞങ്ങളുടെ പ്രാഥമിക പരീക്ഷണ ഫലങ്ങൾ നിലവിലെ രീതിയെ അപേക്ഷിച്ച് തക്കാളി വിളവിൽ ഗണ്യമായ വർധന കാണിക്കുന്നുണ്ട്. ഉൽപാദനക്ഷമത 25 ശതമാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം നേടാനാവുമെന്ന ശക്തമായ സൂചനയാണുള്ളത്. ഈ ഗവേഷണം നടത്താൻ സൗകര്യമൊരുക്കിയതിന് അഗ്രികോയോട് നന്ദിയുണ്ട്’ -ഖത്തറിലെ ടെക്സസ് എ ആൻഡ് എം യൂനിവേഴ്സിറ്റിയിലെ മെക്കാനിക്കൽ എൻജിനീയറിങ് അസോസിയറ്റ് പ്രഫസർ ഡോ. ബിങ് ഗുവോ പറഞ്ഞു. ഖത്തറിന്റെ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അഗ്രികോ പ്രതിജ്ഞാബദ്ധമാണെന്ന് അഗ്രികോ മാനേജിങ് ഡയറക്ടർ നാസർ അൽ ഖലാഫ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.