നാളെ പെരുന്നാൾ; ഈദിനെ വരവേറ്റ് പ്രവാസം
text_fieldsദോഹ: ആഘോഷങ്ങളോടെ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ഖത്തറിലെ പ്രവാസികൾ ഉൾപ്പെടെയുള്ള വിശ്വാസി സമൂഹം. സ്കൂൾ വേനലവധിയും പെരുന്നാളും ഒന്നിച്ചെത്തിയതിന്റെ ആശ്വാസത്തോടെയാണ് ഹജ്ജ് പെരുന്നാളിനൊരുങ്ങുന്നത്. ജൂലൈ ഒന്നോടെ തന്നെ രാജ്യത്തെ ഇന്ത്യൻ സ്കൂളുകൾക്ക് വേനലവധി ആരംഭിച്ചിരുന്നു.
വലിയൊരു വിഭാഗം വീട്ടുകാർക്കൊപ്പം പെരുന്നാൾ ആഘോഷിക്കാനായി കുടുംബസമേതം കഴിഞ്ഞ ആഴ്ചകളിലായി നാട്ടിലേക്ക് മടങ്ങി. സർക്കാർ ഓഫിസുകളും മന്ത്രാലയങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ഉൾപ്പെടെ വെള്ളിയാഴ്ച മുതൽ അവധിയിലേക്കും പ്രവേശിക്കുകയായി. ശനിയാഴ്ച പെരുന്നാളും കഴിഞ്ഞ് ജൂലൈ 10 ഞായറാഴ്ച മുതലാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. എന്നാൽ, വാരാന്ത്യ അവധി വെള്ളിയാഴ്ച തുടങ്ങുന്നതിനാൽ വ്യാഴാഴ്ച പ്രവൃത്തിദിനം അവസാനിച്ചതോടെ തൊഴിലാളികളും ജീവനക്കാരും ഉൾപ്പെടെയുള്ളവർ പെരുന്നാൾ തിരക്കിലലിഞ്ഞുകഴിഞ്ഞു.
ഷോപ്പിങ്ങിനായി മാളുകൾ, വിവിധ സൂഖുകൾ എന്നിവിടങ്ങളിൽ വലിയ തിരക്കാണ്. പകൽ ചൂട് കൂടിയതിനാൽ രാത്രിയിലാണ് മാളുകളിലും ഹൈപ്പർമാർക്കറ്റുകളിലും ജനം ഒഴുകിയെത്തുന്നത്.
സൂഖുകളിൽ പരമ്പരാഗത ഷോപ്പിങ്ങും സജീവമാണ്. പുതുവസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും മധുര പലഹാരങ്ങളും വാങ്ങാനാണ് തിരക്ക് ഏറെയുള്ളത്. പെരുന്നാളിനെ സ്വഗാതം ചെയ്ത് സൂഖ് വാഖിഫിൽ വിപണി ഒരാഴ്ച മുമ്പുതന്നെ സജീവമായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഊദ്, അത്തറുകൾ ഉൾപ്പെടെ മുന്തിയ ബ്രാൻഡുകളുടെ വിദേശ ഉൽപന്നങ്ങൾ തേടി സ്വദേശികൾ കഴിഞ്ഞദിവസങ്ങളിൽ സജീവമായി ഷോപ്പിങ്ങിനിറങ്ങിയതായി സൂഖ്വാഖിഫിലെ സുഗന്ധദ്രവ്യ വിൽപനക്കാരൻ മുഹമ്മദ് റഷാദ് പറയുന്നു.
പെരുന്നാൾ ഷോപ്പിങ്ങിന്റെ ഭാഗമായി പ്രധാന ഹൈപ്പർമാർക്കറ്റുകൾ ഭക്ഷ്യവസ്തുക്കൾക്ക് മികച്ച ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ബീഫിന് കിലോഗ്രാമിന് 21 റിയാലും ചെമ്മീനിന് 17 റിയാലുമാണ് കഴിഞ്ഞ ദിവസത്തെ വില.
അതേസമയം, കോവിഡ് കെട്ടുപാടുകളെല്ലാം മറന്ന് ജനജീവിതം ആഘോഷപൂർണമായി നീങ്ങവേ കഴിഞ്ഞദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ വീണ്ടും ആശങ്കയായി മാറി. അടച്ചിട്ട പൊതുസ്ഥലങ്ങളിൽ വ്യാഴാഴ്ച മുതൽ മാസ്കുകൾ നിർബന്ധമാക്കി. പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്നതും തിരിച്ചടിയായി. കഴിഞ്ഞ ഒന്നരമാസമായി നിയന്ത്രണം അയഞ്ഞതോടെ ആഘോഷങ്ങളും മറ്റുമായി സജീവമായിരുന്നു വാരാന്ത്യങ്ങളും അവധിയുമെല്ലാം.
ഈദ് നമസ്കാരം 5.05ന്
ദോഹ: ബലിപെരുന്നാൾ നമസ്കാരം ശനിയാഴ്ച രാവിലെ 5.05ന് ആരംഭിക്കുമെന്ന് ഇസ്ലാമിക മതകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈദ് നമസ്കാരം നടക്കുന്ന പള്ളികളുടെയും ഈദ് ഗാഹുകളുടെയും പേരുവിവരങ്ങൾ ഔഖാഫ് വിഭാഗം പുറത്തുവിട്ടു. 588 കേന്ദ്രങ്ങളിലാണ് ഈദ് നമസ്കാരം നടക്കുന്നത്. ദോഹ മുതൽ, ഖത്തറിന്റെ എല്ലാ മേഖലകളിലും നമസ്കാരം നടക്കും. ഇവയുടെ പേരുവിവരങ്ങൾ ഓൺലൈൻ വഴി പുറത്തുവിട്ടു.
സ്വകാര്യ മേഖലയിൽ മൂന്നുദിനം അവധി
ദോഹ: ബലിപെരുന്നാൾ പ്രമാണിച്ച് സ്വകാര്യ മേഖലയിൽ മൂന്നുദിനം അവധി പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം. അതേസമയം, അവധി ദിനങ്ങളിൽ തൊഴിലാളികൾ ജോലി ചെയ്യുകയാണെങ്കിൽ അവർക്ക് ഓവർടൈം ഉൾപ്പെടെയുള്ള അലവൻസുകൾ നൽകണമെന്ന് തൊഴിൽ നിയമ പ്രകാരം അധികൃതർ നിർദേശിച്ചു. രാജ്യത്തെ മുഴുവൻ തൊഴി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.