ആകെ പൊടിപടലം
text_fieldsദോഹ: തുടർച്ചയായ ദിവസങ്ങളിൽ ആഞ്ഞുവീശുന്ന പൊടിക്കാറ്റിൽ ജനജീവിതവും ദുസ്സഹമാവുന്നു. റോഡ് ഗതാഗതവും യാത്രയും വരെ ദുരിതത്തിലാക്കിയാണ് കഴിഞ്ഞ ദിവസങ്ങളിൽ പൊടിക്കാറ്റ് വീശിയടിക്കുന്നത്. ഖത്തർ ഉൾപ്പെടെ ഗൾഫ് മേഖലയിലാകെ ഏതാനും ദിവസങ്ങളിലായി കാലാവസ്ഥാ മാറ്റത്തിന്‍റെ ഭാഗമായി കാറ്റ് വീശുന്നുണ്ട്.
കലാവാസ്ഥാ വിഭാഗം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രവചനങ്ങൾ പൂർണമായും ശരിവെച്ചുകൊണ്ടായിരുന്നു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അന്തരീക്ഷത്തിലെ മാറ്റങ്ങൾ. കാഴ്ചാ പരിധി തീരെ കുറഞ്ഞത് പലയിടങ്ങളിലും ഗതാഗതക്കുരുക്കിനും കാരണമായി. ട്രാഫിക് വിഭാത്തിന്‍റെ നേതൃത്വത്തിൽ വിവിധ റോഡുകളിലെ സൂചനാബോർഡുകളിൽ ഡ്രൈവർമാർക്കും യാത്രക്കാർക്കും ആവർത്തിച്ച് നിർദേശങ്ങളും നൽകുന്നുണ്ട്. കാഴ്ചാ പരിധി കുറഞ്ഞതിനാൽ വേഗത കുറച്ച് സഞ്ചരിക്കണമെന്നും, കാറ്റ് പലമേഖലകളിലും ശക്തമായി വീശുമെന്നും അറിയിച്ചു.
കഴ്ച നാല് മുതൽ എട്ട് കി.മീ വരെയും, രണ്ട് കി.മീറ്റിനും താഴെയായി ചുരുങ്ങുമെന്നും മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ ചൊവ്വാഴ്ച കാഴ്ച പരിധി പൂജ്യത്തിലേക്ക് താഴ്ന്നതായും കാലാവസ്ഥാ വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു.
പൊടിക്കാറ്റിനൊപ്പം ചൂടും വർധിക്കുകയാണ്. ചൊവ്വാഴ്ച പകൽ താപനില 41 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
ഈയാഴ്ച വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാവുന്നതിനാൽ വൈകുന്നേരങ്ങളിലെ കാഴ്ച തീരെകുറയുമെന്ന് കാലാവസ്ഥാ വിഭാഗം ആവർത്തിച്ചു.
തെക്കൻ ഇറാഖിൽ നിന്നാരംഭിക്കുന്ന കാറ്റാണ് കുവൈത്തും ഖത്തറും ഉൾപ്പെടെ ഗൾഫ്രാജ്യങ്ങളിലേക്ക് പൊടിപടലം പടർത്തി ആഞ്ഞു വീശുന്നത്.
പൊടിക്കാറ്റിൽ സൂക്ഷിക്കുക
അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക.
പ്രായമായവരും ശ്വാസകോശ സംബന്ധമായ രോഗമുള്ളവരും പുറത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണം.
മൂക്ക്, കണ്ണ് എന്നിവയ്ക്ക് അടുത്തിടെ ശസ്ത്രക്രിയ നടത്തിയവര്‍ നേരിട്ട് പൊടി തട്ടുന്നത് ഒഴിവാക്കുക.
പൊടിക്കാറ്റ് വീശുമ്പോൾ മാസ്ക് അണിയുക, പതിവായി മുഖം കഴുകുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.