കോർണിഷിന് ചന്തമായി ‘ടൂറിസം കാപിറ്റൽ’ സ്പോട്ട്
text_fieldsദോഹ: ദോഹ കോർണിഷിൽ സഞ്ചാരികൾക്ക് മറ്റൊരു ബ്യൂട്ടി സ്പോട്ടായി പുതിയ ഇൻസ്റ്റലേഷൻ. ദോഹയെ അറബ് ടൂറിസം തലസ്ഥാനമായി തിരഞ്ഞെടുത്തതിന്റെ സന്തോഷം പങ്കുവെച്ച് ഖത്തർ ടൂറിസത്തിന്റെ പുതുമയാർന്ന ഇൻസ്റ്റലേഷനാണ് ദോഹ കോർണിഷിൽ സ്ഥാപിച്ചത്. നീലക്കടലും, ദൗ ബോട്ടുകളും, ആകാശം തൊടുന്ന ബഹുനില കെട്ടിടങ്ങളും ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യ ചിഹ്നവുമെല്ലാമായി ഖത്തറിനെ അടയാളപ്പെടുത്തുന്ന പശ്ചാത്തലമാണ് ഇൻസ്റ്റലേഷന്റെ പ്രത്യേകത.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അറബ് വിനോദസഞ്ചാര തലസ്ഥാനമായി ദോഹയെ അറബ് ലീഗ് ജനറൽസെക്രട്ടറിയേറ്റ് സെഷനിൽ തെരഞ്ഞെടുത്തത്. അറബ് ടൂറിസം മന്ത്രിതല സമിതിയായിരുന്നു ഈ ബഹുമതി ഖത്തറിന് സമ്മാനിച്ചത്.
2022ൽ ഫിഫ ലോകകപ്പിന്റെ ആതിഥേയ നഗരമായതിലൂടെ ഖത്തറിന്റെ തലസ്ഥാന നഗരി ലോകരാജ്യങ്ങൾക്കിടയിൽ ശ്രദ്ധേയമായിരുന്നു. റോഡ്, മെട്രോ റയിൽ ഗതാഗതം, മറ്റും അനുബന്ധ പൊതു ഗതാഗത സേവനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, മ്യൂസിയം, ഹോട്ടൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ, അന്താരാഷ് ട്ര വിമാനത്താവളം തുടങ്ങി വിവിധ മേഖലകളിൽ മികവ് കൈവരിച്ചായിരുന്നു ദോഹ ഗൾഫ് മേഖലയിലെ സുപ്രധാന നഗരമായി മാറിയത്.
ആ നേട്ടം കൂടി അടയാളപ്പെടുത്തുന്നതാണ് ദോഹ കോർണിഷിൽ സ്ഥാപിച്ച ഇൻസ്റ്റലേഷൻ. സന്ദർശകർക്ക് ഓർമയിൽ സൂക്ഷിക്കുന്ന ഫോട്ടോ പകർത്താനുള്ള ഇടം കൂടിയായി ഇത് മാറുമെന്ന് ഖത്തർ ടൂറിസം വാർത്താ കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.