സഞ്ചാരികളെ ഇതിലേ...
text_fieldsദോഹ: രാജ്യത്തെ വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കാൻ ‘ടൂറിസം റോഡ് മാപ്പ്’ തയാറാക്കി ഖത്തർ ടൂറിസം. സാമ്പത്തിക വൈവിധ്യവത്കരണത്തിലും സുസ്ഥിര വികസനത്തിനും വിനോദസഞ്ചാര മേഖല നൽകുന്ന സംഭാവനകൾ ഉയർത്തിക്കാട്ടി സന്ദർശകർക്ക് മികച്ച അനുഭവം നൽകാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള മാർഗരേഖയാണ് പുറത്തിറക്കിയത്.
2030ഓടെ പ്രതിവർഷം ആറ് ദശലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ഈ സംരംഭത്തിലൂടെ ഖത്തർ ടൂറിസം മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ വർഷം 40 ലക്ഷത്തിലധികം സന്ദർശകരെയാണ് ഖത്തർ സ്വാഗതം ചെയ്തത്.
ഫിഫ ലോകകപ്പിന് ശേഷം 26 ശതമാനം വർധന രേഖപ്പെടുത്തിക്കൊണ്ടുള്ള വിനോദസഞ്ചാര മേഖലയിലെ വിജയകരമായ കുതിപ്പിന്റെ ചുവടുപിടിച്ചാണ് പുതിയ മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ചടങ്ങിൽ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽ ഥാനി പങ്കെടുത്തു.
വിനോദസഞ്ചാര മാർഗരേഖ പുറത്തിറക്കുന്നതിലൂടെ രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വളർച്ച കൈവരിക്കാനും അതിലൂടെ ദേശീയ സമ്പദ് വ്യവസ്ഥയുടെ വൈവിധ്യം വർധിപ്പിക്കുന്നതിനും കഴിവുകളും ശേഷിയും പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽ ഥാനി എക്‌സിൽ രേഖപ്പെടുത്തി.
ഫോർമുല വൺ, സാംസ്കാരിക ഉത്സവങ്ങൾ, വെബ് ഉച്ചകോടി, ഫിഫ അറബ് കപ്പ് പോലെയുള്ള അന്താരാഷ്ട്ര പരിപാടികളുൾപ്പെടെ വരാനിരിക്കുന്ന നിരവധി ഇവന്റുകൾ ഉൾപ്പെടുത്തി 600ലധികം പരിപാടികളാണ് റോഡ് മാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഖത്തറിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും വൈവിധ്യമാർന്ന ആകർഷണങ്ങളും പ്രദർശിപ്പിക്കാനും അന്താരാഷ്ട്ര യാത്രക്കാരുടെ പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം മെച്ചപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു. ഖത്തറിന്റെ സാമ്പത്തിക നയത്തിന്റെ ആണിക്കല്ലാണ് വിനോദസഞ്ചാര മേഖലയെന്ന് ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രങ്ങൾ വൈവിധ്യവത്കരിക്കേണ്ടതിന്റെയും കാമ്പയിനുകളിലൂടെ ഖത്തറിനെ ഉയർത്തിക്കാട്ടേണ്ടതിന്റെയും ആവശ്യകത വിസിറ്റ് ഖത്തർ സി.ഇ.ഒ അബ്ദുൽ അസീസ് അൽ മവ്‌ലവി പറഞ്ഞു.
ഒക്ടോബർ മധ്യത്തോടെ ആരംഭിക്കുന്ന ഖത്തർ സ്‌റ്റോപ് ഓവർ കാമ്പയിന്റെ പുതുക്കിയ പതിപ്പിനൊപ്പം, 10 അന്താരാഷ്ട്ര വിപണികളിൽ ആരംഭിച്ച വിസിറ്റ് ഖത്തറിന്റെ സർപ്രൈസ് യുവർസെൽഫ് കാമ്പയിനും പരിപാടിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.