കാമ്പയിൻ വിജയത്തിലേക്ക്: രണ്ട് മില്യൺ ഡോസ് പ്രതിരോധ കുത്തിവെപ്പ് നൽകി
text_fieldsദോഹ: കോവിഡ് വാക്സിനേഷൻ കാമ്പയിൻ വിജയത്തിലേക്ക്. അതിവേഗം പ്രതിരോധ കുത്തിവെപ്പ് പുരോഗമിക്കുകയാണ്. ഇന്നലെയോടെ രണ്ട് മില്യൺ പ്രതിരോധ കുത്തിവെപ്പ് ഡോസുകൾ നൽകിക്കഴിഞ്ഞു. ഇതോടെ, ഈ രംഗത്തെ നിർണായകമായ നാഴികക്കല്ലാണ് രാജ്യം പിന്നിട്ടിരിക്കുന്നത്. കഴിഞ്ഞദിവസം വരെ 20,02,018 ഡോസാണ് ആകെ നൽകിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി 30,000 ആണ് ദിനേന നൽകിക്കൊണ്ടിരിക്കുന്നത്. മുൻഗണനാപട്ടികയിലുള്ള 51.5 ശതമാനം ആളുകൾക്കും ഇതിനകം ഒരു ഡോസ് എങ്കിലും നൽകിക്കഴിഞ്ഞു. 60 വയസ്സിനും അതിനുമുകളിലുമുള്ള 88.3 ശതമാനം പേരും ഒരു ഡോസ് എങ്കിലും സ്വീകരിച്ചുകഴിഞ്ഞതായും ആരോഗ്യമന്ത്രാലയം പറയുന്നു. ഇൗ പ്രായക്കാരിൽ രണ്ട് ഡോസ് പ്രതിരോധ കുത്തിവെപ്പ് എടുത്തവരാകട്ടെ 82.3 ശതമാനവുമാണ്. ഇതിനുപുറമെ പുതിയ രോഗികൾ ദിവസവും കുറഞ്ഞുവരുകയാണ്. വെള്ളിയാഴ്ച ആകെ 244 രോഗികൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ കുത്തിവെപ്പ് നടപടികൾ ഊർജിതമായതും രോഗികളുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്.
കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള മുൻഗണനാപട്ടികയിൽ കഴിഞ്ഞ ദിവസം 30 വയസ്സുള്ളവരെയും ആരോഗ്യമന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനിമുതൽ 30 വയസ്സും അതിന് മുകളിലുമുള്ളവർക്ക് പി.എച്ച്.സി.സികളിൽനിന്ന് വാക്സിൻ എടുക്കാനുള്ള അപ്പോയ്ൻറ്മെൻറുകൾ അയക്കും. ദീർഘകാലരോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ, പ്രധാനമന്ത്രാലയങ്ങളുമായി ബന്ധെപ്പട്ടവർ, സ്കൂൾ അധ്യാപകരും ജീവനക്കാരും എന്നിവരാണ് നിലവിൽ വാക്സിൻ മുൻഗണനപ്പട്ടികയിലുള്ള മറ്റുള്ളവർ.ഇൗ ഗണത്തിലുള്ളവരെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽനിന്ന് നേരിട്ട് ബന്ധപ്പെടും. ഇതിനുശേഷമാണ് അവർ എപ്പോഴാണ് വാക്സിൻ സ്വീകരിക്കാനായി ആശുപത്രിയിൽ എത്തേണ്ടെതന്ന് അറിയിക്കുക. രാജ്യത്തെ പ്രവാസികളടക്കമുള്ള ഭൂരിഭാഗം പേരും 30 വയസ്സിന് മുകളിലുള്ളവരാണ്. ഇവരും മുൻഗണനപ്പട്ടികയിൽ ഉൾെപ്പട്ടതോടെ ഭൂരിഭാഗം ആളുകൾക്കും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാനുള്ള സൗകര്യമാണ് കൈവന്നിരിക്കുന്നത്.
ഖത്തറിൽനിന്ന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർ ഒമ്പത് മാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ വേണ്ട എന്ന ഇളവും കഴിഞ്ഞദിവസം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളിൽനിന്നുള്ള എല്ലാവർക്കും ഖത്തറിൽ പത്തുദിവസം ക്വാറൻറീൻ നിർബന്ധമായതിനാൽ ഇവർക്ക് പുതിയ ഇളവ് ലഭ്യമാകില്ല. ആഗോളതലത്തിൽ വാക്സിനുകളുടെ ഫലപ്രാപ്തിയുടെ കാലയളവുമായി ബന്ധപ്പെട്ട പഠനങ്ങളും നിലവിലെ സാഹചര്യങ്ങളും വിലയിരുത്തിയാണ് ഖത്തർ ആറുമാസമെന്ന കാലയളവ് ഒമ്പതു മാസമാക്കി ദീർഘിപ്പിച്ചിരിക്കുന്നത്. മേയ് 28 മുതൽ കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾകൂടി പിൻവലിക്കുകയാണ്. നാലുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുകയാണ് ചെയ്യുക. ഇതിെൻറ ആദ്യഘട്ടം മേയ് 28 മുതലാണ് നിലവിൽ വരുക.
ഈ ഘട്ടത്തിൽ വാക്സിൻ രണ്ടുഡോസും എടുത്തവർക്ക് കൂടുതൽ ഇളവുകൾ നൽകും. 28 മുതൽ അടച്ചിട്ട സ്ഥലങ്ങളിൽ വാക്സിൻ സ്വീകരിച്ച അഞ്ചുപേർക്ക് ഒത്തുകൂടാം. തുറന്ന സ്ഥലങ്ങളിൽ 10 പേർക്കും. ഇതല്ലാത്ത പരമാവധി അഞ്ചുപേർക്ക് മാത്രമാണ് പുറത്ത് ഒത്തുകൂടാൻ അനുമതിയുണ്ടാകൂ. 50 ശതമാനം ശേഷിയിൽ തൊഴിൽ കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാം. ബിസിനസ് യോഗങ്ങൾ വാക്സിൻ സ്വീകരിച്ച 15 പേരെ വെച്ച് ചേരാം. റെസ്റ്റാറൻറുകൾക്ക് 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. ക്ലീൻ ഖത്തർ സർട്ടിഫിക്കറ്റുള്ള റെസ്റ്റാറൻറുകൾ ആകെ ശേഷിയുടെ 30 ശതമാനത്തിൽ അകത്തിരുത്തി ഭക്ഷണം നൽകാം. എന്നാൽ ഇത് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമായിരിക്കും.
ജിം, സ്പാ: ഹെൽത്ത്, ഫിറ്റ്നസ് ക്ലബുകൾ, സ്പാ എന്നിവക്കും പ്രതിരോധ കുത്തിവെപ്പ് എടുത്ത ഉപഭോക്താക്കൾക്ക് മാത്രം പ്രവേശനം നൽകി പ്രവർത്തിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.