റോഡ് സുരക്ഷ ഉറപ്പാക്കി ട്രാഫിക് വിഭാഗം
text_fieldsദോഹ: ഒന്നരമാസത്തോളം നീണ്ട വേനലവധിയും കഴിഞ്ഞ് സർക്കാർ, സ്വകാര്യ മേഖലയിലെ മുഴുവൻ വിദ്യാലയങ്ങളും ഞായറാഴ്ചയോടെ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ സ്കൂളുകൾ ആഗസ്റ്റ് 16നും ശേഷിച്ച സ്വകാര്യ സ്കൂളുകളും സർക്കാർ സ്കൂളുകളും കഴിഞ്ഞ ദിവസവുമാണ് തുറന്നത്.
വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതിനായി വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച 'ബാക് ടു സ്കൂൾ കാമ്പയിന്' ശനിയാഴ്ച സമാപനമായി. അതേസമയം, പുതിയ അധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നേതൃത്വത്തിൽ ബാക് ടു സ്കൂൾ കാമ്പയിൻ ആരംഭിച്ചു. വിദ്യാർഥികളിലും സ്കൂൾ അധികൃതരിലും ഗതാഗത സുരക്ഷ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ട്രാഫിക് വിഭാഗം സ്കൂളുകളെയും മറ്റും ഉൾപ്പെടുത്തി പ്രചാരണത്തിന് തുടക്കംകുറിച്ചത്.
ട്രാഫിക് പോയന്റുകൾ, വിവിധ സ്ട്രീറ്റുകൾ, ഇന്റർസെക്ഷൻ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കിയതായി ട്രാഫിക് ബോധവത്കരണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് റാദി അൽ ഹജ്രി വിശദീകരിച്ചു. സ്കൂൾ പരിസരങ്ങൾ, സ്കൂളുകളിലേക്കുള്ള വഴികൾ എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കും. അപകടരഹിത അക്കാമിക് വർഷം എന്ന ലക്ഷ്യവുമായാണ് അധികൃതർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
പൊതുജനങ്ങൾ, ഡ്രൈവർ, സ്കൂൾ ജീവനക്കാർ എന്നിവരിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ട്രാഫിക് വിഭാഗത്തിന്റെ ബോധവത്കരണ പ്രവർത്തനങ്ങൾ. വാഹനം പൂർണമായും നിർത്തിയ ശേഷം വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുക, വാഹനങ്ങൾ തമ്മിൽ അകലം സൂക്ഷിക്കുക, വിദ്യാർഥികളുടെ നീക്കം ഡ്രൈവർ ശ്രദ്ധിക്കുക, നിശ്ചയിക്കപ്പെട്ട മേഖലയിലൂടെ മാത്രം റോഡ് മുറിച്ചുകടക്കുക, സ്കൂൾ പരിസരങ്ങളിൽ വാഹനങ്ങൾ ക്രമരഹിതമായി നിർത്തുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവ ബോധവത്കരണത്തിന്റെ ഭാഗമായി ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തും.
സ്കൂൾ പരിസരങ്ങളിലും റോഡുകളിലും നിരീക്ഷണം ശക്തമാക്കിയതായി ട്രാഫിക് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലഫ്. കേണൽ ജാബർ മുഹമ്മദ് ഒദൈബ പറഞ്ഞു. അൽറയ്യാൻ, അൽ മാമൂറ, അൽഹിലാൽ, അൽ ദുഹൈൽ എന്നിവിടങ്ങളിലാണ് കൂടുതൽ സ്കൂളുകൾ ഉള്ളത്. ഇവിടെ ട്രാഫിക് പോയന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ രാവിലെ സ്കൂൾ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും പട്രോളിങ്ങും നടത്തും. ഈ ഭാഗങ്ങളിൽ റോഡ് തടസ്സമോ അപകടങ്ങളോ ഉണ്ടായാൽ ഗതാഗതം സുഗമമാക്കുന്നതിനാണ് പട്രോളിങ് ഏർപ്പെടുത്തിയിരിക്കുന്നത്.-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.