ഇ- സ്കൂട്ടറിനും ഗതാഗത നിയമം ബാധകം
text_fieldsദോഹ: ഖത്തറിൽ ജനപ്രിയ ഗതാഗത സംവിധാനമായി മാറിക്കൊണ്ടിരിക്കുന്ന ഇ സ്കൂട്ടറിനും ഗതാഗത നിയമങ്ങൾ ബാധകമാണെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റിലെ ഗതാഗതബോധവത്കരണ വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് റാദി അൽ ഹജ്രി. യാത്രികരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ കരുതിയാണ് ഇത്.
മോട്ടോർ ബൈക്കുകൾക്ക് ബാധകമായ എല്ലാ ഗതാഗത നിയമങ്ങളും ഇ-സ്കൂട്ടറിനും ആവശ്യമാണ്. മോട്ടോർ ബൈക്കിൽ യാത്രികൻ ഇരുന്നാണ് വാഹനമോടിക്കുന്നതെങ്കിൽ ഇ-സ്കൂട്ടർ റൈഡർ നിന്ന് ഓടിക്കുന്നു എന്നത് മാത്രമാണ് വ്യത്യാസം. അതിനാൽ ഇ-സ്കൂട്ടർ യാത്രക്കാർക്കും ഗതാഗത നിയമങ്ങൾ ബാധകമാണ്. ഖത്തർ റേഡിയോയിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹെൽമറ്റ്, ഇരുട്ടില്‍ പ്രകാശിക്കുന്ന തരത്തിലുള്ള ജാക്കറ്റ് എന്നീ സുരക്ഷാ സംവിധാനങ്ങൾ ധരിച്ച് മാത്രമേ ഇ-സ്കൂട്ടർ ഓടിക്കാവൂ. സൈക്ലിങ്ങിനായി ഒരുക്കിയ പ്രത്യേക ട്രാക്കുകൾതന്നെ സഞ്ചാരത്തിനായി തെരഞ്ഞെടുക്കണം. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിന് കീഴിൽ രാജ്യവ്യാപകമായി റോഡുകളിൽ ദൈർഘ്യമേറിയ പ്രത്യേക സൈക്കിൾ ട്രാക്കുകളുടെ നിർമാണവും പൂർത്തിയാക്കിയിട്ടുണ്ട്.
ഇ-സ്കൂട്ടർ ഓടിക്കാം, മുൻകരുതലെടുത്ത് ശ്രദ്ധയോടെ
രാജ്യത്ത് ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ എണ്ണം ഏറെ കൂടിയിട്ടുണ്ട്. പലരും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണ് വാഹനം ഓടിക്കുന്നത്. വൈദ്യുതിയിൽ ചാർജ് ചെയ്താൽ അഞ്ചുമണിക്കൂർ വരെ ഓടാൻ ഇ-സ്കൂട്ടറിന് കഴിയും. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇ-സ്കൂട്ടർ ഉപയോഗിക്കാൻ നൽകരുതെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) നിർദേശിക്കുന്നുണ്ട്.
ഇ-സ്കൂട്ടർ ൈഡ്രവ് ചെയ്യുന്നതിനിടെ അപകടത്തിൽപെട്ട് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ചെറിയ പരിക്കുകൾ മുതൽ സാരമായ പരിക്കുകളോടെയാണ് അപകടത്തിൽപെട്ടവരെ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത്.
പുതിയ ഉപയോക്താക്കൾ ഇ-സ്കൂട്ടർ ഓടിക്കും മുമ്പ് കൃത്യമായ പരിശീലനം നേടണം. ഹെൽമറ്റ് നിർബന്ധമായും ധരിച്ചിരിക്കണം. രാത്രിയായാലും പകലായാലും സ്കൂട്ടറുകളിലെ ലൈറ്റ് ഉപയോഗിക്കണം. റിഫ്ലക്ടിവ് വസ്ത്രങ്ങൾ ധരിച്ചിരിക്കണം. രാത്രികളിൽ കാഴ്ചാപരിധി കുറഞ്ഞ സമയങ്ങളിൽ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാതിരിക്കുക. എല്ലാ സമയവും രണ്ട് കൈകളും ഹാൻഡിലിൽ ഉപയോഗിക്കണം. ഓടിക്കുേമ്പാൾ സെൽഫി എടുക്കാനോ മെസേജ് ടൈപ് ചെയ്യാനോ പാടില്ല.
കാറിൽ അകംകാഴ്ച മറക്കുന്ന ഫിലിം പതിക്കാൻ അനുമതി വേണം
വാഹനങ്ങളിലെ ഗ്ലാസുകളിൽ അകത്തെ കാഴ്ച മറക്കുന്ന രീതിയിലുള്ള ഫിലിം പതിക്കാൻ പ്രത്യേക അനുമതി വേണമെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റിലെ ഗതാഗതബോധവത്കരണ വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് റാദി അൽ ഹജ്രി പറഞ്ഞു.
അകത്തെ കാഴ്ച മറക്കുന്ന രീതിയിലുള്ള ഫിലിം പതിക്കുന്നതിന് ഗതാഗതവകുപ്പിൽനിന്ന് പ്രത്യേക അനുമതി ആവശ്യമാണ്. മെഡിക്കൽ സംബന്ധമായത് ഉൾപ്പെടെയുള്ള ഇത്തരം അപേക്ഷകളിൽ പ്രത്യേക സമിതി അനുമതി നൽകും.
എന്നാൽ, കഠിനമായ സൂര്യപ്രകാശം തടയാൻ സുതാര്യമായ ഫിലിം ഉപയോഗിക്കാൻ അനുവാദമുണ്ട്.പ്രധാനപാതകളിലൂടെ വാഹനമോടിക്കുമ്പോൾ ഒരേ സമയം ഒന്നിലേറെ വരികളിൽ പ്രവേശിക്കുന്നത് ശിക്ഷാർഹമാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് 500 റിയാൽ പിഴ ചുമത്തും. എന്നാൽ, നിലവിൽ ഇത്തരം കുറ്റകൃത്യങ്ങൾ താരതമ്യേന കുറവാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.