Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹയുടെ ...

ദോഹയുടെ തീവണ്ടിക്കാലം

text_fields
bookmark_border
Doha Metro
cancel
ഇന്ത്യയുടെ പ്ലൂറാലിറ്റി അഥവാ, നാനാതത്വം അറിയണമെങ്കിൽ റെയിൽവേ പ്ലാറ്റ്ഫോമുകളിലേക്ക് പോകണമെന്ന് മേതിൽ രാധാകൃഷ്ണൻ എഴുതിയതായി ഓർക്കുന്നു. ലോകത്തിന്റെ നാനാത്വത്വം കാണണമെങ്കിൽ ദോഹാമെട്രോയിൽ യാത്രചെയ്യണം. ഏഴുവൻകരകളിലെ മനുഷ്യർ മുഖത്തോടുമുഖംനോക്കിയിരുന്ന് സഞ്ചരിക്കുന്ന ഖത്തറിന്റെ യാത്രായാനമാണിത്. ഇതുവരെയും ദോഹാമെട്രോയിൽ കയറാത്ത ചിലരെയെങ്കിലും എനിക്കറിയാം!

തീവണ്ടികളോട് ചെറുപ്പംമുതലേ എനിക്ക് പ്രത്യേക ആരാധനയാണ്. ഏറ്റവുമധികം യാത്രചെയ്തിട്ടുള്ള വാഹനം തീവണ്ടി ആയിരിക്കണം. ഏറ്റവും അധികം പുസ്തകങ്ങൾ വായിച്ചിരിക്കുന്നത് തീവണ്ടി മുറികളിലിരുന്നാണ്. റെയിൽവേ പ്ലാറ്റ്ഫോമുകളിലെ കാത്തിരിപ്പിന് ഒരു പ്രത്യേക ആനന്ദമുണ്ട്. അതുകൊണ്ടുതന്നെ വൈകിയോടുന്ന തീവണ്ടികളോട് അത്ര പരിഭവം തോന്നാറുമില്ല.

തീവണ്ടികളുടെ ആകാരവും രൗദ്രഭാവവും മുരൾച്ചയും തുരുമ്പിന്റെ മണവും, ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ അനന്തതയിലേക്കു നീണ്ടുപോകുന്ന പാളങ്ങളും മിന്നിമറയുന്ന രാത്രിവണ്ടികളുടെ കൊള്ളിയാൻവേഗവും വിവിധ കാലഘട്ടങ്ങളിലെ ജനപദങ്ങൾ ഒഴുകി നീങ്ങുന്നതെന്ന് തോന്നിപ്പിക്കുന്ന സ്റ്റേഷനുകളും വിജനമായ തീവണ്ടി ആപ്പീസുകളും എനിക്കിഷ്ടമാണ്.

എം.ടിയുടെ കൂടല്ലൂരിലെ പാടത്തിനക്കരെ ചൂളംവിളിച്ചുപോകുന്ന തീവണ്ടിയും,കഥാകൃത്ത് വൈശാഖൻ ജോലി ചെയ്ത ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ അപൂർവ മനുഷ്യസ്പർശമുള്ള തീവണ്ടിആപ്പീസുകളും ഒ.വി വിജയന്റെ ‘കടൽത്തീരത്തി’ൽ വെള്ളായിയപ്പൻ യാത്രചെയ്ത തീവണ്ടിയുടെ ചീറ്റലും നടുക്കവും ടി.ഡി. രാമകൃഷ്ണന് ഭീതിതമായ രാത്രിയനുഭവങ്ങൾ സമ്മാനിച്ച ഏകാന്ത തീവണ്ടിയനുഭവങ്ങളും സിയാഫ് അബ്ദുൽ ഖാദർ എന്ന ലോക്കോപൈലറ്റിന്റെ ‘തീവണ്ടി യാത്രകളും’ എനിക്കിഷ്ടമാണ്.

നിരന്തരമായ തീവണ്ടിയാത്രകളുടെ നാട്ടിൽനിന്നുവന്നപ്പോൾ ഖത്തറിലെ തീവണ്ടിയില്ലായ്മകൾ തെല്ലുനിരാശ സമ്മാനിച്ചിരുന്നു. അങ്ങനെയിരിക്കെ ദോഹയിൽ തീവണ്ടി വരുന്നതായി 2010ൽ പ്രഖ്യാപിച്ചു. ദോഹയുടെ നഗരപ്രാന്തങ്ങളിലൂടെ, മരുഭൂമിയുടെ ഏകാന്തവിജനതയിലൂടെ തീവണ്ടിയുടെ ഭീകരാരവം ഞാൻ സ്വപ്നംകണ്ടു. കേട്ടവർ കേട്ടവർ ഭാവനക്കനുസൃതമായി കഥകൾ മെനഞ്ഞു. എല്ലാം മലയാളിക്കഥകൾ. ദോഹാനിരത്തുകളുടെ ഓരം ചേർന്ന് നാട്ടിലെ തീവണ്ടിപാതകൾപോലെ റെയിൽപാളങ്ങൾ വരുമെന്ന് ചിലർ.

കോർണിഷ്കാഴ്ചകൾ ആസ്വദിക്കാനാകുംവിധം തീരംചുറ്റി മെട്രോ വരുമെന്ന് ചില സ്വപ്നാടകർ. നഗരക്കാഴ്ചകൾ കണ്ട് സഞ്ചരിക്കാനാകുംവിധം വലിയ തൂണുകളിൽ ആകാശപാതകളൊരുങ്ങുമെന്ന് മറ്റുചിലർ. ഒടുവിൽ പക്ഷേ, ഇനിയും പിറക്കാനിരിക്കുന്ന രാജ്യാന്തര തീവണ്ടിക്ക് മുന്നോടിയായി വന്നത് മെട്രോ എന്ന കുഞ്ഞുഭൂഗർഭ തീവണ്ടികളായിരുന്നു. അതൊരത്ഭുതമായിരുന്നു. അത്ര പെട്ടെന്നായിരുന്നു. ദോഹാ മെട്രോ ഉടൻ സർവിസ് തുടങ്ങുമെന്ന് അറിയിപ്പ് വന്നുകൊണ്ടേയിരുന്നെങ്കിലും എനിക്കതത്ര വിശ്വാസമായില്ല. നഗരത്തിൽ എവിടെയും ജെ.സി.ബികളും എസ്കവേറ്ററുകളും രാപ്പകൽ മണ്ണുമാന്തുന്നതല്ലാതെ റെയിൽപാളങ്ങളൊന്നും എവിടെയും പ്രത്യക്ഷപ്പെട്ടതേയില്ല.

സിഗ്നൽപോസ്റ്റുകളൊന്നും തലയുയർത്തിക്കണ്ടില്ല. റെയിൽവേ ക്രോസുകളൊന്നും വേലികെട്ടിത്തിരിച്ചില്ല. ഇനിയിപ്പം, എപ്പം വരാനാ! വരുമ്പോൾ വരട്ടെ എന്ന് ഞാൻ ആത്മഗതം ചെയ്തു. വൈകാതെ ഉദ്ഘാടനയാത്രയുടെ തിയതി പ്രഖ്യാപിച്ചു. എന്നിട്ടും എനിക്ക് ബോധ്യം വന്നില്ല. ഉദ്ഘാടനംകഴിഞ്ഞ് ഒരാഴ്ചക്കുശേഷം അതിസുന്ദരമായി നിർമിച്ച മുഷൈരിബ് സെൻട്രൽ സ്റ്റേഷനിൽ, ഭൂനിരപ്പിൽനിന്ന് നൂറടിയോളം താഴ്ചയിലെ പ്ലാറ്റ്ഫോമിൽനിന്ന് ഞാൻ ആദ്യതീവണ്ടി കയറുന്നതുവരെ എനിക്ക് വിശ്വസിക്കാനായിരുന്നില്ല.

ആദ്യയാത്രയിൽ ആളൊഴിഞ്ഞ തീവണ്ടിമുറിയിലെ ഏറ്റവും മുന്നിലെ ബോഗിയിൽ വിൻഡ്ഷീൽഡിന് അഭിമുഖമായി രണ്ടുപേർക്കിരിക്കാവുന്ന സീറ്റിൽ ഞാനിരുന്നു. അടുത്ത സീറ്റിൽ നീണ്ടുമെലിഞ്ഞ സുമുഖനായ ഒരാൾ. അറബിയാണെന്ന് തോന്നുന്നു. ട്രാക്ക്സ്യൂട്ട് ആണ് വേഷം. ഒരു ബാക്ക്പാക്ക് മടിയിലുണ്ട്. വെള്ളനിറത്തിലെ സ്പോർട്സ് ക്യാപ്പ് അണിഞ്ഞിരിക്കുന്നു. ചെവിയിൽ ഇയർപോഡ് തിരുകിയിട്ടുണ്ട്.

തുരങ്കങ്ങൾക്കുള്ളിലൂടെ അതിവേഗംപായുന്ന ആ കുഞ്ഞുതീവണ്ടിയുടെ ഗതിവേഗങ്ങളിൽ, കയറ്റിറക്കങ്ങളിൽ, ഉലയലുകളിൽ, അനന്തതയിലേക്കു നീണ്ടുകിടക്കുന്ന റെയിൽപാളങ്ങളിൽ കണ്ണുപായിച്ചു ഞാനിരിക്കവേ അയാൾ എന്നോട് പേരും നാടും ചോദിച്ചു.തിരികെ പേര് ചോദിച്ചപ്പോൾ ഫഹദ് എന്ന് പറഞ്ഞു. നാട് ചോദിച്ചപ്പോൾ, 'You guess' എന്നായി.

അമേരിക്കൻ ആക്സന്റുള്ള ഇംഗ്ലിഷിലാണ് സംസാരം. കണ്ടിട്ട് അറബിയെപോലെ തോന്നുന്നതിനാൽ ഞാൻ പലപല അറബ് നാടുകളുടെ പേരുപറഞ്ഞു. ഓരോന്നു പറയുമ്പോഴും അയാൾ 'നോ' എന്നു പ്രതിവചിച്ചു. ഒടുക്കം, അയാൾ പറഞ്ഞു:

‘ഞാൻ ഖത്തരിയാണ്’.

അമേരിക്കയിൽ സോഷ്യൽസയൻസിൽ പോസ്റ്റ്ഡോക്ടറൽ ഫെലോഷിപ് ചെയ്യുന്നു. ഒപ്പം, സർവകലാശാലാ വിദ്യാർഥികളുടെ ​പ്രഫസറുമാണ്. അമേരിക്കയിലെയും യൂറോപ്പിലെയും ഭൂഗർഭതീവണ്ടികളെക്കുറിച്ച്, അതിലെ അനുഭവങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം എന്നോട് പറഞ്ഞു. "എന്റെ നാട്ടിൽ മെട്രോ വന്നിട്ട് അതിൽ സഞ്ചരിച്ചില്ലെന്നുപറയരുത്. കഴിഞ്ഞ ആഴ്ചയാണ് അമേരിക്കയിൽനിന്ന് ലീവിനുവന്നത്" -ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.

ഞാൻ ചോദിച്ചു: "എന്തു തോന്നുന്നു?"

അദ്ദേഹം മറുചോദ്യം ഉന്നയിച്ചു: "താങ്കൾക്ക് എന്തു തോന്നുന്നു?"

ഞാൻ പറഞ്ഞു: ‘Truly great experience!’

അപ്പോൾ ഒരു തമാശയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം:

‘ഞാനിപ്പോൾ താമസിക്കുന്നത് ലൂസൈലിലാണ്. അവിടന്നാണ് മെട്രോയിൽ കയറിയത്. ഇനി വക്റയിൽനിന്ന് ഒരു കല്യാണംകൂടികഴിച്ചാലോ എന്ന് ആലോചിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഒരേ ട്രെയിനിൽതന്നെ രണ്ടു ഭാര്യമാരുടെയും വീടുകളിലേക്ക് അങ്ങോട്ടുമിങ്ങോട്ടും പോകാമല്ലോ!’

ഇന്ത്യയുടെ പ്ലൂറാലിറ്റി അഥവാ, നാനാത്വം അറിയണമെങ്കിൽ റെയിൽവേ പ്ലാറ്റ്ഫോമുകളിലേക്ക് പോകണമെന്ന് മേതിൽ രാധാകൃഷ്ണൻ എഴുതിയതായി ഓർക്കുന്നു. ലോകത്തിന്റെ നാനാത്വം കാണണമെങ്കിൽ ദോഹാ മെട്രോയിൽ യാത്രചെയ്യണം. ഏഴുവൻകരകളിലെ മനുഷ്യർ മുഖത്തോടുമുഖംനോക്കിയിരുന്ന് സഞ്ചരിക്കുന്ന ഖത്തറിന്റെ യാത്രായാനമാണിത്.

ലോകകപ്പ് വേളയിൽ ദോഹ മെട്രോയിലെ തിരക്ക്

ഇതുവരെയും ദോഹാമെട്രോയിൽ കയറാത്ത ചിലരെയെങ്കിലും എനിക്കറിയാം! അതിലൊന്ന് ഇറാഖുകാരനായ എന്റെ മാനേജർതന്നെയാണ്. മെട്രോയെകുറിച്ച് പറയുമ്പോഴൊക്കെ അദ്ദേഹം പറയും, ‘ഒരു ദിവസം നമുക്കൊന്നിച്ച് ഒന്നുയാത്രചെയ്യണം!’. ചിലർ ഫുട്ബാൾ കാലത്തുമാത്രം യാത്രചെയ്തവരാണ്. ചിലരാകട്ടെ, ഒരുനുഭവത്തിനുവേണ്ടി ഒരിക്കൽമാത്രം ഒന്നുകയറിയവരും.

സ്വന്തംവാഹനത്തിൽ യാത്രചെയ്യുന്നതിനേക്കാൾ ഞാനിഷ്ടപ്പെടുന്നത്, ദോഹാമെട്രോയിൽ സഞ്ചരിക്കാനാണ്. അൽറിഫാ സ്റ്റേഷനിലിറങ്ങിയാണ് ഓഫിസിലേക്കുള്ള നിത്യയാത്ര. സായാഹ്നങ്ങളിലെ നഗരയാത്രകളിലും മെട്രോയാണ് ആശ്രയം. കുറഞ്ഞദൂരമാണെങ്കിൽപോലും അടക്കത്തോടെ ഇരുന്ന് പുസ്തകംവായിക്കാമെന്നതാണ് ദോഹാമെട്രോയുടെ ആകർഷണങ്ങളിലൊന്ന്. അധികയാത്രികരും മൊബൈൽഫോണിൽ വ്യാപൃതരായിരിക്കുമ്പോഴും പുസ്തകവായനയിൽ മുഴുകിയിരിക്കുന്നവരെ മെട്രോയാത്രകളിലെങ്ങും കാണാം.

എന്റെ സ്ഥിരസഞ്ചാരപാതയായ ഗ്രീൻലൈൻ ട്രെയിനിലാണ് ഏറ്റവുമധികം പുസ്തകവായനക്കാരെ കാണാറുള്ളത്. കാരണം, ഖത്തർനാഷനൽ ലൈബ്രറി സ്റ്റേഷനും, എജുക്കേഷൻസിറ്റി സ്റ്റേഷനും ഗ്രീൻലൈനിലാണുള്ളത്. അവിടങ്ങളിൽ ഇറങ്ങുകയുംകയറുകയും ചെയ്യുന്നവർ, തുറന്നുവെച്ച പുസ്തകങ്ങളുമായാണ് സഞ്ചരിക്കാറ്. ട്രെയിൻ നാഷനൽലൈബ്രറി പിന്നിടുമ്പോൾ, ഇതൊരു പുസ്തകവണ്ടിയാണോ എന്നുതോന്നിപ്പിക്കുമാറ് ഒരു വായനശാലയുടെ പ്രതീതിസൃഷ്ടിക്കുംവിധം പുസ്തകങ്ങൾ മറിച്ചുനോക്കുന്ന നിരവധിപേരെ കാണാം.

സ്ഥിരംയാത്രക്കാരാണെങ്കിലും, പരസ്പരം കണ്ടാലറിയാമെങ്കിലും നാട്ടിലെ തീവണ്ടി യാത്രികരെപോലെ ആരും പരസ്പരം പരിചയപ്പെടുന്നതായി കാണാറില്ല. ഓരോരുത്തരും സ്വന്തം ലോകങ്ങളിൽ അങ്ങനെ യാത്രചെയ്യുന്നു.

ഇവിടെയാരു ലോകകപ്പ് നടക്കുന്നുണ്ടോ എന്നുകൗതുകപ്പെടുത്തുംവിധം പതിവിനേക്കാൾ ശാന്തമായിരുന്നല്ലോ ഫിഫാക്കാലത്തെ ദോഹയുടെ വാഹനപാതകൾ. അപ്പോഴൊക്കെ ഭൂഗർഭ മെട്രോയുടെ അതിവിശാലവഴികളിലൂടെ ലോകജനത അരവം മുഴക്കി സഞ്ചരിക്കുകയായിരുന്നു. ഭൂമിക്കടിയിൽ മുദ്രാവാക്യംമുഴങ്ങിക്കേട്ട കാലം. ആർപ്പുവിളികളുടെയും ആരവങ്ങളുടെയും കാലം. അത്ഭുതം അതല്ല, ഇത്രയും വലിയൊരു ജനസമുദ്രത്തെ വഹിച്ചുകൊണ്ടുപോയിട്ടും, ഇത്രവർഷം പിന്നിട്ടിട്ടും ദോഹാമെട്രോയുടെ കോച്ചുകളും, സ്റ്റേഷനുകളുമൊക്കെ അതേ മോടിയിൽ പുതുമണം മാറാതെ നിലനിൽക്കുന്നു എന്നതാണ്!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsQatar Nationl DayTrain stories
News Summary - Train stories
Next Story