ദോഹ മെട്രോയിൽ യാത്രചെയ്ത് സമ്മാനം നേടാം...
text_fieldsദോഹ: ഖത്തറിന്റെ പൊതുഗതാഗത സംവിധാനങ്ങളുടെ നട്ടെല്ലായി മാറിയ ദോഹ മെട്രോയിൽ ഒരു വർഷ സൗജന്യയാത്ര ഉറപ്പാക്കാൻ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് സുവർണാവസരവുമായി ഖത്തർ റെയിൽ. മെട്രോയുടെ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സൗജന്യ യാത്ര പദ്ധതി പ്രഖ്യാപിച്ചത്.
ഒരു വര്‍ഷം സൗജന്യയാത്ര നടത്താനും ഗോള്‍ഡ് ക്ലബ് ട്രാവല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഐ ഫോണ്‍-13 നേടാനുമാണ് അവസരം.
ഖത്തർ റെയിൽ ആപ്പിലോ, വെബ്സൈറ്റിലോ രജിസ്റ്റർ ചെയ്ത ട്രാവൽ കാർഡ് ഉപയോഗിച്ച് മേയ് 17നും ജൂൺ 17നും ഇടയിൽ യാത്രചെയ്യുന്ന യാത്രക്കാരിൽനിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്കായിരിക്കും സമ്മാനം.
ഗോള്‍ഡ് ക്ലബ് ട്രാവല്‍ കാര്‍ഡ് ഉടമകള്‍ക്കായി നടത്തുന്ന നറുക്കെടുപ്പില്‍ ഐ ഫോണ്‍-13 സമ്മാനമായി ലഭിക്കും. ഖത്തറില്‍ താമസിക്കുന്ന, അംഗീകൃത ഖത്തര്‍ ഐ.ഡിയുള്ളവര്ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാൻ അവസരം.
ഐ.ഡി ഇല്ലാത്തവരാണ് നറുക്കെടുപ്പിൽ വിജയികളായതെങ്കിൽ പരിഗണിക്കില്ല.
തങ്ങളുടെ ട്രാവൽ കാർഡ് ഖത്തര്‍ റെയില്‍ ആപ്പിലോ, അല്ലെങ്കില്‍ www.qr.com.qa/home എന്ന വെബ്സൈറ്റിലോ രജിസ്റ്റർ ചെയ്ത്, നിർദേശിച്ച കാലയളവിനുള്ളിൽ യാത്ര ചെയ്യുമ്പോൾ നറുക്കെടുപ്പിൽ പരിഗണിക്കാൻ അർഹരായി മാറും. വിജയികളാവുന്നവർക്ക് ഒരു വര്‍ഷം മുഴുവന്‍ സൗജന്യ യാത്രചെയ്യാൻ അവസരം ലഭിക്കും.
റാന്‍ഡം നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുകയെന്ന ദോഹ മെട്രോ അധികൃതർ അറിയിച്ചു.
സ്റ്റാന്‍ഡേഡ് ട്രാവല്‍ കാര്‍ഡ് ഉടമകള്‍ക്കായി മൂന്നു തരം വാര്‍ഷിക പാസുകൾ ലഭിക്കും.
2019 മേയ് എട്ടിനായിരുന്നു ദോഹ മെട്രോ ഓടിത്തുടങ്ങിയത്. മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളും അധികൃതർ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.