ഇ ഗേറ്റ് വഴി യാത്ര ഞൊടിയിട വേഗത്തിൽ
text_fieldsദോഹ: പൗരന്മാർക്കും താമസക്കാർക്കും രാജ്യത്തിന് പുറത്തേക്കുള്ള യാത്രക്കും തിരികെ വരുന്നതിനുമുള്ള നടപടികൾ നിമിഷ വേഗത്തിൽ ഹമദ് വിമാനത്താവളത്തിൽ പൂർത്തിയാക്കാം. നിലവിൽ പ്രവർത്തിക്കുന്ന ഇ ഗേറ്റ് ഉപയോഗപ്പെടുത്തി 40 സെക്കൻഡിനുള്ളിൽ യാത്രാ നടപടി പൂർത്തിയാക്കാമെന്ന് എയർപോർട്ട് പാസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥൻ മേജർ മുഹമ്മദ് മുബാറക് അൽ ബുഐനാൻ പറഞ്ഞു. സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സംവിധാനങ്ങൾ ഉപയോഗിച്ച് ഖത്തറിലേക്കുള്ള യാത്ര എളുപ്പം വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഖത്തർ പൗരനോ താമസക്കാരനോ വിസയുള്ളവർക്കോ ഈ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കും. വിമാനത്താവളത്തിലെ ടെർമിനലുകളിൽ ഇ-ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും യാത്രക്കാരുടെ ഇഷ്ടാനുസരണം പുറപ്പെടുമ്പോഴും എത്തിച്ചേരുമ്പോഴും അവ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മേജർ അൽ ബൂഐനാൻ കൂട്ടിച്ചേർത്തു.ഇ-ഗേറ്റ് കൗണ്ടറിൽ 30 മുതൽ 40 സെക്കൻഡ് വരെയാണ് നടപടികൾ പൂർത്തിയാക്കാനെടുക്കുന്ന സമയം.
ഇത് കവിയുകയാണെങ്കിൽ കൂടുതൽ സൂക്ഷ്മ പരിശോധനയോ അധിക വിവരങ്ങളോ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ ടെർമിനലുകളിലും ഇ-ഗേറ്റ് പ്രവർത്തന സജ്ജമാണ്. പാസ്പോർട്ട് ജീവനക്കാരനുമായി നേരിട്ട് ബന്ധപ്പെടാതെ തന്നെ എല്ലാ യാത്രാ നടപടികളും പൂർത്തിയാക്കാൻ ഇത് യാത്രക്കാരെ അനുവദിക്കുന്നതായി മേജർ മുഹമ്മദ് മുബാറസ് പറഞ്ഞു.
ഇ-ഗേറ്റ് ഉപയോഗിക്കുന്നത് യാത്രക്കാരന്റെ സ്വാതന്ത്ര്യമാണെന്നും അവർക്ക് സാധാരണ കൗണ്ടറുകളെയും നടപടികൾക്കായി സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രാ നടപടിക്രമങ്ങൾ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കുന്നതിന് മതിയായ സമയത്തിനുള്ളിൽ വിമാനത്താവളത്തിനുള്ളിൽ എത്തിച്ചേരേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം യാത്രക്കാരെ ഓർമിപ്പിച്ചു.
പതിവായി യാത്രചെയ്യുന്നവരുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനു വേണ്ടിയാണ് ഹമദ് വിമാനത്താവളത്തിൽ ഇ ഗേറ്റ് സംവിധാനമൊരുക്കിയത്. 2016 മുതൽ ആരംഭിച്ച ഇ ഗേറ്റിന് നിരവധി കൗണ്ടറുകളാണ് നിലവിലുള്ളത്.
പാസ്പോർട്ടോ, ഖത്തർ ഐഡിയോ ഉപയോഗിച്ച് യാത്രക്കാർക്ക് ഇ ഗേറ്റ് വഴി കടന്നുപോകാവുന്നതാണ്. വിരലടയാളവും കണ്ണിന്റെ റെറ്റിന സ്കാനുമാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.