ചോരയുണങ്ങാത്ത ഭൂമിയിലേക്കൊരു യാത്ര...
text_fieldsകേരളം, ദുബൈ, ഖത്തർ ഉൾപ്പെടെ നാടുകളിൽ നിന്നായി ഞങ്ങൾ 46 പേരുടെ യാത്രാ സംഘം. പലദിക്കിൽ നിന്നും പറന്നെത്തിയവർ ജോർഡൻ എയർപോർട്ടിൽ വെച്ച് ഒന്നിച്ചു. ഇന്ത്യയിൽ പലനാടുകളും, വിവിധ രാജ്യങ്ങളിലുമെല്ലാം പോയിട്ടുണ്ടെങ്കിലും ഇസ്രായേലും ഫലസ്തീനും സന്ദർശിക്കുകയെന്നത് ഏറെ നാളായുള്ള മോഹമായിരുന്നു. കാത്തിരിപ്പിനൊടുവിൽ അവസരം ഒത്തുവന്നത് ഈ കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നു.
ജോർഡനിൽ സംഘമിച്ച ഞങ്ങളുടെ യാത്രാസംഘം അവിടെ ചരിത്രപ്രാധാന്യമുള്ള ഇടങ്ങളെല്ലാം സന്ദർശിച്ച് മൂന്നാം ദിവസം അതിർത്തി കടന്ന് ഇസ്രായേൽ ഭൂമിയിൽ പ്രവേശിച്ചു. അവിടെ പുരാതനമായ ജെറിക്കോ പട്ടണത്തിലേക്കായിരുന്നു ആദ്യ യാത്ര. മുസ്ലിം, ക്രൈസ്തവ, ജൂത വിശ്വാസികളെല്ലാം സമാധാനത്തോടെ ജീവിക്കുന്ന നഗരം. ഉച്ച ഭക്ഷണം ജെറിക്കോയിൽ ആയിരുന്നു. അവിടെയുള്ള കുറച്ചു സ്ഥലങ്ങളൊക്കെ സന്ദർശിച്ച് രാത്രി താമസിക്കാനുള്ള ഹോട്ടലിൽ എത്തിച്ചേർന്നു. ഫലസ്തീൻ അധീനതയിലുള്ള ഭൂമിയിലാണ് ഞങ്ങൾക്ക് താമസിക്കാനുള്ള ഹോട്ടൽ.
ഏതാനും ദിവസങ്ങൾ മാത്രം അനുവദിക്കപ്പെട്ട സന്ദർശനവിസയുമായി ഈ മണ്ണിലൂടെ സഞ്ചരിക്കുമ്പോൾ ഓർമകളിലേക്ക് പലതും ഓടിയെത്തി. വർഷങ്ങളായ നമ്മൾ വായിച്ചു കേൾക്കുന്ന പോരാട്ടങ്ങളും സംഘർഷവും, സ്വന്തം മണ്ണിലെ സ്വസ്ഥ ജീവിതം നിഷേധിക്കപ്പെട്ട വലിയൊരു സമൂഹത്തിന്റെയുമെല്ലാം കദനങ്ങൾ. പുറത്തെ കാഴ്ചചകളിലോരോന്നിലും കണ്ണുടക്കുമ്പോഴും പുതുമകൾ അനുഭവിച്ചു.
പുഞ്ചിരിയോടെ കൈവീശികാണിച്ച ഒരു കൂട്ടം ഫലസ്തീനി പെൺകുട്ടികളുടെ സുന്ദരമായ കാഴ്ചയിലേക്കായിരുന്നു ഞങ്ങൾ ബസിറങ്ങിയത്. താമസിക്കുന്ന ഹോട്ടലിന്റെ എതിർവശത്ത് താമസിക്കുന്ന കുട്ടികളാണ് അവർ. ബസിറങ്ങിയ ശേഷം അവരുടെ അരികിലെത്തി കുറച്ച് നേരം സംസാരിച്ചു. ഖത്തറിൽ നഴ്സായി ജോലി ചെയ്യുന്ന സുഹൃത്ത് സമീൽ യൂട്യൂബിൽ നിന്നും ഡൗൺലോഡ് ചെയ്ത ‘അന ദമ്മി ഫലസ്തീനി...’ (എന്റെ രക്തം ഫലസ്തീന്റേതാണ്..) എന്ന ഗാനം അവരെ കേൾപ്പിച്ച് അവർക്കൊപ്പം പാടി വീഡിയോ പിടിച്ചു. ഹൃദ്യമായ ആ നിമിഷത്തോടെയായിരുന്നു ഞങ്ങളുടെ യാത്രയുടെ തുടക്കം.
അടുത്ത ദിവസം വെള്ളിയാഴ്ച. മസ്ജിദുൽ അഖ്സയിലെത്തി ജുമുഅ നമസ്കാരം നിർവഹിക്കണമെന്നത് നേരത്തെ ഒപ്പം കൂട്ടിയ സ്വപ്നമായിരുന്നു. രാവിലെ എട്ടു മണിക്ക് തന്നെ എല്ലാവരും തയാറായി. പക്ഷെ ഞങ്ങൾക്കുള്ള ബസ് വന്നില്ല. തലേ ദിവസം രാത്രിയിൽ ഒരു വീട്ടിൽ കയറി ഇസ്രായേലി പട്ടാളം മൂന്ന് ഫലസ്തീനികളെ വെടിവെച്ച് കൊന്നെന്നും, എവിടെയൊക്കെയോ പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്നും, റോഡ് മുഴുവൻ ബ്ലോക്കാണെന്നും പറയുന്നത് കേൾക്കുന്നുണ്ടായിരുന്നു. കുറച്ച് നേരം കാത്തുനിന്നു. സമീലും ഞാനും, മറ്റൊരു സുഹൃത്ത് ഷരീഫും പുറത്തിറങ്ങി.
സ്വന്തം നിലയിൽ മസ്ജിദുൽ അഖ്സയിലെത്തുകയായിരുന്നു ലക്ഷ്യം. അതിനിടയിൽ പലരെയും കണ്ടും സംസാരിച്ചും ആ മണ്ണിന്റെ ജീവിതം ഞങ്ങൾ പരിചയപ്പെട്ടു. ഇസ്രായേൽ അധീനതയിലുള്ള ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന അബു അലിയും കുടുംബവുമായും, ഇസ്രായേൽ പട്ടാളക്കാരുടെ വെടിവെപ്പിൽ രണ്ട് സഹോദരന്മാരെ നഷ്ടപ്പെട്ട ഖാലിദ്, ഒരു ഇസ്രായേലിയുടെ ബേക്കറിയിൽ തൊഴിലെടുക്കുന്ന മൂന്ന് ഫലസ്തീനി സഹോദരങ്ങൾ എന്നിവരുമായെല്ലാം സംസാരിച്ചു. പോക്കറ്റിൽ കരുതിയ കുറച്ചു ചോക്ലേറ്റ് അബു അലിയുടെ മക്കൾക്കും കൊടുത്തു.
10 മണി ആയിട്ടും ബസ്സ് വരുന്നില്ല. അങ്ങനെ ഞങ്ങൾ മൂന്നുപേരും ടാക്സി പിടിച്ച് അഖ്സ പള്ളിയിലേക്ക് നീങ്ങാൻ തീരുമാനിച്ചു. ആദ്യം കണ്ട ടാക്സിക്ക് തന്നെ കൈ കാണിച്ചു. 100 ഡോളർ പറഞ്ഞു. വില പേശി 50 ഡോളർ ഉറപ്പിച്ചു. ബൈത്തുൽ മുഖദസ്സ് വരെ പോകുവാൻ അദ്ദേഹത്തിന്റെ വണ്ടിക്ക് അനുവാദമില്ല. ഒരു ചെക്ക് പോയിന്റിന്റെ അടുത്ത് നിർത്തി, ബൈത്തുൽ മുഖദസ്സ് ഭാഗത്തേക്ക് പോകുന്ന ബസ്സിനെ ഹോൺ അടിച്ചു നിർത്തിച്ചു. ടാക്സിക്കാരന് നന്ദി പറഞ്ഞ് ഞങ്ങൾ ബസിൽ ഓടിക്കയറി.
യാത്ര പാതി വഴി പിന്നിട്ട ശേഷമായിരുന്നു ഗ്രൂപ്പ് അമീറായ ഡോ. അഹദ് മദനിക്ക് ഞങ്ങൾ പള്ളിയിലേക്ക് പോയത് അറിയിച്ച് മെസേജ് അയച്ചത്. തനിച്ച് പോകാൻ അനുവദിക്കില്ലെന്ന് അറിയാവുന്നതിനാൽ ആയിരുന്നു നേരത്തെ മെസേജ് അയക്കാതിരുന്നത്.
പുറപ്പെടും മുമ്പ് നല്ല പേടിയുമുണ്ടായിരുന്നു. എന്താണ് സംഭവിക്കുകയെന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. എവിടെ നോക്കിയാലും മെഷീൻ ഗണ്ണും എ.കെ 47നും പിടിച്ച് നിൽക്കുന്ന ഇസ്രായേലി പട്ടാളക്കാർ. ഈജിപ്ത്, സുഡാൻ രാജ്യങ്ങളിലൊക്കെ സോളോ യാത്ര ചെയ്തു പരിചയമുള്ള സമീൽ ഒപ്പമുള്ളതായിരുന്നു ധൈര്യം. പകുതി ദൂരം എത്തിയപ്പോൾ ബസ് നിർത്തി. എല്ലാവരെയും പുറത്തിറക്കുന്നു. ഇസ്രായേലി പട്ടാളത്തിന്റെ ചെക്കിങ് ആണ്.
എല്ലാവരും പുറത്തിറങ്ങി ക്യു നിന്നു. എന്റെ മുന്നിലുള്ള ഉമ്മയും ചെറിയ രണ്ട് മക്കളും ആശുപത്രിയിലേക്കുള്ള യാത്രയിലാണെന്ന് തോന്നുന്നു. കൈയിൽ മെഡിക്കൽ രേഖകളാണ്. ഒരു നൂറുകുട്ടം ചോദ്യങ്ങളും തീരാത്ത പരിശോധനയും കഴിഞ്ഞാണ് അവരെ വിടുന്നത്. സ്വന്തം രാജ്യത്ത് അവർ ഇതൊക്കെ അനുഭവിക്കുന്നത് കാണുമ്പോൾ ഉൾക്കിടിലത്തോടെയേ കണ്ടു നിൽക്കാനാവൂ.
ഞങ്ങൾ മൂന്നു പേരെയും ഇന്ത്യൻ പാസ്പോർട്ട് കണ്ട ഉടനെ വിട്ടു. വീണ്ടും ബസിൽ കയറി യാത്ര തുടർന്നു. എത്രയും വേഗം അഖ്സ പള്ളിയിൽ എത്തണമേയെന്ന പ്രാർഥനയായിരുന്നു എല്ലാവർക്കും. അല്ലാഹുവിനു സ്തുതി. ജുമുഅക്ക് 20 മിനുട്ടു മുമ്പ് തന്നെ മസ്ജിദുൽ അഖ്സയിൽ എത്തി. നമസ്കാരത്തിൽ പങ്കുചേർന്നു, ശേഷം പള്ളിയോട് ചേർന്ന് ഫലസ്തീനികൾക്കായി ശബ്ദമുയർത്തുന്ന മനുഷ്യർക്കൊപ്പവും ഏതാനും സമയം ചെലവഴിച്ച് മടക്കം. കേട്ടറിഞ്ഞ നാൾ മുതലുള്ള ആഗ്രഹമായിരുന്നു ഈ യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.