അടിയന്തര ചികിത്സ നൽകി ഇൻഡസ്ട്രിയൽ ഏരിയയിലെ സാറ്റലൈറ്റ് എമർജൻസി വകുപ്പ്
text_fieldsദോഹ: ഇൻഡസ്ട്രിയൽ ഏരിയയിൽ ഹമദ് മെഡിക്കൽ കോർപറേഷൻ ഈയിടെ പ്രവർത്തനമാരംഭിച്ച സാറ്റലൈറ്റ് എമർജൻസി വകുപ്പ് ഏരിയയിലെ താമസക്കാർക്കും തൊഴിലാളികൾക്കും നൽകുന്നത് സുക്ഷിതവും കാര്യക്ഷമവുമായ അടിയന്തര മെഡിക്കൽ സേവനം.പുതിയ അടിയന്തര ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കുന്നതിലൂടെ രാജ്യത്തുടനീളം അടിയന്തര സേവന കേന്ദ്രങ്ങൾ വ്യാപിപ്പിക്കുകയും ഹമദ് ജനറൽ ആശുപത്രി പോലെയുള്ള സ്ഥാപനങ്ങളിലെ അടിയന്തര സേവന കേന്ദ്രങ്ങളിലെ തിരക്ക് കുറക്കുകയുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.ചെറിയ പരിക്കുകൾ, നേരിയ ശ്വാസതടസ്സ സംബന്ധമായ പ്രശ്നങ്ങൾ, വയറുവേദന തുടങ്ങി നിസ്സാരമായതും എന്നാൽ അടിയന്തര സേവനം നൽകേണ്ടതുമായ കേസുകൾക്ക് എച്ച്.എം.സിയുടെ സാറ്റലൈറ്റ് എമർജൻസി വകുപ്പ് വലിയ സഹായകമാകും.ഇതാദ്യമായാണ് ഇത്തരത്തിൽ അടിയന്തര ചികിത്സാ കേന്ദ്രം രാജ്യത്ത് സ്ഥാപിക്കുന്നത്. ഹമദ് ജനറൽ ആശുപത്രിപോലുള്ള സ്ഥാപനങ്ങളിലെ അടിയന്തര സേവന വിഭാഗങ്ങളിൽ തിരക്കും ഭാരവും കുറക്കുന്നതിന് ഇത് സഹായകമാകും.
എച്ച്.എം.സി കോർപറേറ്റ് എമർജൻസി വിഭാഗം ഡെപ്യൂട്ടി ചെയർമാൻ ഡോ. അഫ്താബ് മുഹമ്മദ് ആസാദ് പറഞ്ഞു.ജൂലൈ ഒമ്പതിനാണ് എച്ച്.എം.സി ഇൻഡസ്ട്രിയൽ ഏരിയ സാറ്റലൈറ്റ് എമർജൻസി വകുപ്പ് പ്രവർത്തനമാരംഭിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇൻഡസ്ട്രിയൽ ഏരിയ സാറ്റലൈറ്റ് എമർജൻസി വകുപ്പും അതിലെ ജീവനക്കാരെയും എച്ച്.എം.സി സിസ്റ്റം വൈഡ് ഇൻസിഡൻറ് കമാൻഡ് സെൻറർ (എസ്.ഡബ്ല്യൂ.ഐ. സി.സി) മേധാവി ഡോ. സഅദ് അൽ കഅ്ബി സന്ദർശിക്കുകയും സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. പ്രതിദിനം 100 രോഗികൾക്ക് അടിയന്തര ചികിത്സ നൽകാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
സമീപഭാവിയിൽതന്നെ പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ 300 മുതൽ 500 രോഗികൾക്ക് പ്രതിദിനം ചികിത്സ നൽകാനാകും. കോവിഡ്-19 രോഗികൾക്കും രോഗം സംശയിക്കപ്പെടുന്നവർക്കുമായി പ്രത്യേക മേഖലയും ഇവിടെ തയാറാക്കിയിട്ടുണ്ട്. ഇതിന് സമീപത്തായി രോഗ പരിശോധനക്കായി സ്രവം ശേഖരിക്കുന്ന കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ സാറ്റലൈറ്റ് എമർജൻസി കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് ഹമദ് മെഡിക്കൽ കോർപറേഷൻ. റാസ് ലഫാൻ മേഖലയിൽ ഇത്തരത്തിലുള്ള പുതിയ കേന്ദ്രം ആരംഭിക്കുന്നതിനുള്ള ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്ന് എച്ച്.എം.സി വൃത്തങ്ങൾ നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.