തുർക്കിയ, സിറിയ ഭൂകമ്പം; കൈത്താങ്ങും കരുതലുമായി രാജ്യം
text_fieldsദോഹ: തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ഖത്തർ.
ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെയും ഖത്തർ ചാരിറ്റിയുടെയും സഹകരണത്തോടെ ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് (ക്യു.എഫ്.എഫ്.ഡി) അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഖത്തർ അമീരി എയർഫോഴ്സ് എയർ ബ്രിഡ്ജിലൂടെ അടിയന്തര സഹായം എത്തിക്കുന്നത്.
ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകി എയർലിഫ്റ്റ് എയ്ഡ് കാമ്പയിൻ ആരംഭിക്കാനുള്ള അമീറിന്റെ ഉത്തരവിന് അനുസൃതമായാണ് ഖത്തർ സഹായമെത്തിക്കുന്നത്.
2,250 വലിയ പുതപ്പുകൾ, 2,750 ലൈറ്റ് ബ്ലാങ്കറ്റുകൾ, വെള്ളവും മറ്റും ശേഖരിക്കാനുള്ള 1,000 ജെറിക്കാനുകൾ, 3,000 കൊതുക് വലകൾ, 2,000 ടാർപോളിനുകൾ, 500 ഷെൽട്ടർ മെയിന്റനൻസ് കിറ്റുകൾ, 1360 ഫാമിലി ഹൈജീൻ കിറ്റുകൾ എന്നിവയാണ് അടിയന്തര സഹായമായി എത്തിക്കുന്നതെന്ന് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ട്വീറ്റ് ചെയ്തു.
10,000 മൊബൈൽ വീടുകൾ
സിറിയയിലെയും തുർക്കിയയിലെയും ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ച ആളുകളെ സഹായിക്കാനുള്ള ഖത്തറിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഖത്തർ 10,000 മൊബൈൽ വീടുകൾ അനുവദിച്ചു. അവ ഉടൻ ദുരിതബാധിത പ്രദേശങ്ങളിലെത്തിക്കും.
27,000 ഭക്ഷണപ്പൊതി നൽകി ഖത്തർ ചാരിറ്റി
ഭൂകമ്പബാധിതർക്ക് അടിയന്തര സഹായവുമായി ഖത്തർ ചാരിറ്റിയുടെ (ക്യു.സി) ഫീൽഡ് ടീമുകൾ ആരംഭിച്ചു. ഭൂകമ്പത്തിൽ നാശം വിതച്ച പ്രദേശങ്ങളിൽ നാശനഷ്ടം സംഭവിച്ചവർക്ക് ഖത്തർ ചാരിറ്റി അടിയന്തര ദുരിതാശ്വാസ സഹായം നൽകുന്നുണ്ട്. ‘തുർക്കിയയിലെയും വടക്കൻ സിറിയയിലെയും ഭൂകമ്പ ഇരകളെ രക്ഷിക്കുക’എന്ന തലക്കെട്ടിൽ ഖത്തർ ചാരിറ്റി റിലീഫ് കാമ്പയിൻ ആരംഭിക്കുന്നതിനോട് അനുബന്ധിച്ചാണ് അടിയന്തര സഹായമെത്തിച്ചത്.
അടിയന്തര മാനുഷിക ആവശ്യങ്ങൾക്കായി ഖത്തർ ചാരിറ്റി 400,000 ഖത്തർ റിയാൽ വിലയുള്ള 27,000 ഭക്ഷണപ്പൊതികൾ എത്തിച്ചു. കൂടാതെ, ദോഹയിൽ നിന്ന് നാലു കണ്ടെയ്നർ അയച്ചിട്ടുണ്ട്. അതിൽ മെഡിക്കൽ സാമഗ്രികൾ, പ്രഥമ ശുശ്രൂഷാ വസ്തുക്കൾ, വസ്ത്രങ്ങൾ, ഈത്തപ്പഴം, ഭക്ഷ്യവസ്തുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. 30 ദുരിതാശ്വാസ വാഹനവ്യൂഹങ്ങൾ പിന്നാലെ അയക്കും. 51 ലക്ഷം റിയാൽ വിലമതിക്കുന്ന ഭക്ഷ്യ-ഭക്ഷ്യേതര ഇനങ്ങൾ ഉൾപ്പെടെ, ആദ്യ ഘട്ടത്തിൽ മൊത്തം 60 ലക്ഷം റിയാലിലധികം മൂല്യമുള്ള സഹായവസ്തുക്കളെത്തിക്കും. 21.9 മില്യൻ ഖത്തർ റിയാലിന്റെ പദ്ധതികളിൽ 7.3 മില്യൻ ഖത്തർ റിയാലിന്റെ സഹായങ്ങൾ അടിയന്തരമായെത്തിക്കും. 14.6 മില്യൻ റിയാലിന്റെ രക്ഷാപ്രവർത്തനങ്ങളും പുനർനിർമാണ പദ്ധതികളും നടപ്പാക്കും.
സഹായിക്കാം, ദുരന്തബാധിതരെ
ദാരുണ സാഹചര്യം കണക്കിലെടുത്ത് തുർക്കിയയിലെയും സിറിയയിലെയും സഹോദരങ്ങളെ പിന്തുണക്കാൻ ഖത്തർ ചാരിറ്റി രാജ്യത്തെ അഭ്യുദയകാംക്ഷികളോട് അഭ്യർഥിച്ചു. ദുരിതബാധിതരെ സഹായിക്കുന്നതിനും അവരുടെ കഷ്ടപ്പാടുകൾ കുറക്കുന്നതിനും സംഭാവന നൽകുന്നതിനുള്ള കാമ്പയിന്റെ ഭാഗമായാണിത്.
ഖത്തർ ചാരിറ്റിയുടെ വെബ്സൈറ്റിലൂടെയും (https://qch.qa/tsn) ആപ്പിലൂടെയും (qch.qa/q/app)ആളുകൾക്ക് സംഭാവന നൽകാം. സംഭാവന നൽകുന്നതിന് 44290000 ഹോട്ട്ലൈൻ നമ്പറും ഡയൽ ചെയ്യാം. രാജ്യത്തുടനീളമുള്ള ഖത്തർ ചാരിറ്റിയുടെ ശാഖകളിലും കലക്ഷൻ പോയന്റുകളിലും സംഭാവന നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.