ഭൂകമ്പം: 253 ദശലക്ഷം റിയാലിന്റെ അടിയന്തര സഹായവുമായി ഖത്തർ
text_fieldsദോഹ: തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്ക് അടിയന്തര മാനുഷിക സഹായമായി ഖത്തറിന്റെ 253 ദശലക്ഷം റിയാൽ. ഭക്ഷണം, വൈദ്യം, മറ്റു സഹായം എന്നിവയുൾപ്പെടെയാണ് ധനസഹായമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭൂകമ്പത്തിൽ നിന്നും രക്ഷപ്പെട്ടവരുടെ ദുരിതം ലഘൂകരിക്കുന്നതിനും രക്ഷാപ്രവർത്തനത്തെ പിന്തുണക്കുന്നതിനുമായുള്ള ഫീൽഡ് പ്രവർത്തനം തുടരുന്നതിനിടെയാണ് അടിയന്തര സഹായം.
തുർക്കിയയിലെയും വടക്കൻ സിറിയയിലെയും ഭൂകമ്പ ബാധിതരായ സഹോദരങ്ങളോടുള്ള ഖത്തർ ഭരണകൂടത്തിന്റെ സഹായമായി ആദ്യ 10 ദിവസങ്ങളിൽ 85 ദശലക്ഷം റിയാൽ നൽകിയതായി വിദേശകാര്യമന്ത്രിയുടെ ഉപദേഷ്ടാവും മന്ത്രാലയ വക്താവുമായ ഡോ. മാജിദ് മുഹമ്മദ് അൽ അൻസാരി മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഭൂകമ്പ ബാധിതർക്കായി റെഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റബിൾ ആക്ടിവിറ്റീസ് സംഘടിപ്പിച്ച ‘ഔൻ വ സനദ്’അടിയന്തര ദുരിതാശ്വാസ കാമ്പയിനിലൂടെ ഒരു രാത്രി കൊണ്ട് 168 ദശലക്ഷം റിയാൽ സമാഹരിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ 50 ദശലക്ഷം റിയാൽ ഇതിലുൾപ്പെടുമെന്നും ഡോ. അൽ അൻസാരി ചൂണ്ടിക്കാട്ടി.
600 ടണ്ണിലധികം വരുന്ന ഭക്ഷണം, മെഡിക്കൽ വസ്തുക്കൾ, മാനുഷിക സഹായം എന്നിവയുമായുള്ള ഖത്തറിന്റെ എയർ ബ്രിഡ്ജ് വിമാനങ്ങളുടെ എണ്ണം 30 ആയെന്നും 10,000 മൊബൈൽ വീടുകളിൽ 650 മൊബൈൽ വീടുകളുടെ റെഡിമെയ്ഡ് ഹൗസിങ് യൂനിറ്റുകൾ ദുരന്തബാധിത പ്രദേശത്തേക്ക് അയച്ചതായും അവശേഷിക്കുന്നവ ഉടൻ തുർക്കി തുറമുഖത്തേക്കെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറിയൻ സിവിൽ ഡിഫൻസിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനും ദുരിതബാധിതരെ രക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമായി ഖത്തർ ഡെവലപ്മെന്റ് ഫണ്ടിന്റെ സഹായമെത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.