ടർക്കിഷ് കിരീടം ബെസിക്താസിന്
text_fieldsദോഹ: ലോകകപ്പിന്റെ വർഷത്തിൽ ഖത്തർ വേദിയായ ആദ്യ രാജ്യാന്തര ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞ് ടർക്കിഷ് ലീഗ് ചാമ്പ്യന്മാരായ ബെസിക്താസ്. ലോകകപ്പ് വേദിയായ അൽ റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ബെസിക്താസ് അന്റാല്യോസ്പറിനെ വീഴ്ത്തിയത്. തുർക്കി ക്ലബുകളുടെ വീറുറ്റ പോരാട്ടമായി മാറിയ സൂപ്പർ കപ്പ് ഫൈനലിൽ ഇരു ടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞു. 33ാം മിനിറ്റിൽ അതിബ ഹചിൻസണിന്റെ ഗോളിലൂടെ ബെസിക്താസാണ് ആദ്യം സ്കോർ ചെയ്തത്. 74ാം മിനിറ്റിൽ അതിബതന്നെ സെൽഫ് ഗോളിലൂടെ എതിരാളികളെ ഒന്നാമതെത്തിച്ചു. തുടർന്ന് പോരാട്ടം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് വിധിനിർണയം പെനാൽറ്റി ഷൂട്ടൗട്ടിലെത്തിയത്. 20കാരനായ ഗോൾകീപ്പർ എർസിൻ ദെസ്താൻഗ്ല ബെസിക്താസിന് രക്ഷയൊരുക്കി. എതിരാളികളുടെ രണ്ടാം കിക് ഉജ്ജ്വല സേവിലൂടെ തടഞ്ഞിട്ട് മേധാവിത്വം നൽകിയപ്പോൾ, തങ്ങളുടെ നാല് കിക്കും ലക്ഷ്യത്തിലെത്തിച്ച് ബെസിക്താസ് അനായാസം കിരീടം (4-2) ചൂടി.
തുർക്കിയിലെ രണ്ട് ചാമ്പ്യൻ ടീമുകളുടെ പോരാട്ടമായ സൂപ്പർ കപ്പ് ലോകകപ്പിന്റെ ഒരുക്കങ്ങളിൽ ഖത്തറിന്റെ ട്രയൽ ആയാണ് ദോഹയിൽ നടന്നത്. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് മത്സരം നടന്നത്. ഇരു ടീമുകളിലും പ്രധാന താരങ്ങൾക്ക് കോവിഡ് കാരണം മത്സരം നഷ്ടമായി. ബെസിക്താസിൽ 11ഉം, അന്റാല്യോസ്പറിൽ നാല് പേരും ഫൈനലിൽ കളിക്കാനിറങ്ങിയില്ല. ഗാലറിയിൽ 25 ശതമാനം കാണികൾക്കായിരുന്നു പ്രവേശനം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.