രണ്ടുമാസം; നിറയെ പരിപാടികളുമായി എക്സ്പോ
text_fieldsദോഹ: രണ്ടു മാസം പിന്നിട്ട ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ സന്ദർശക ശ്രദ്ധയാകർഷിക്കുന്നു. ഇതിനകം 10 ലക്ഷത്തോളം സന്ദർശകരെ സ്വീകരിച്ചു കഴിഞ്ഞ അൽ ബിദ പാർക്കിലെ എക്സ്പോ വേദിയിൽ രണ്ടു മാസത്തിനിടെ സംഘടിപ്പിച്ചത് 1500ഓളം പരിപാടികൾ. ഹരിത സാങ്കേതികവിദ്യ, സുസ്ഥിര പദ്ധതികൾ, ഹോർട്ടികൾചറിലെ മികച്ച രീതികൾ, സുസ്ഥിര കൃഷി തുടങ്ങിയ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്ന വൈവിധ്യമാർന്ന പരിപാടികളും പ്രവർത്തനങ്ങളുമാണ് രണ്ടുമാസംകൊണ്ട് നടത്തിയതെന്ന് സംഘാടക സമിതി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
പരിസ്ഥിതിയെയും ചുറ്റുപാടിനെയും സംരക്ഷിക്കാനും തങ്ങളുടെ പരിസരങ്ങളെ കൂടുതൽ അറിയാനുമുള്ള അവസരമാണ് എക്സ്പോ സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്നതെന്ന് സംഘാടകർ അറിയിച്ചു. രണ്ട് മാസത്തിനിടെ സന്ദർശിച്ചവരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞതായി എക്സ്പോ സംഘാടകർ അറിയിച്ചു. എക്സ്പോ നേടിയ ആഗോള പ്രസിദ്ധിയുടെയും ആകർഷണത്തിന്റെയും തെളിവാണിത്. പാരിസ്ഥിതിക, സാംസ്കാരിക, വിനോദ പരിപാടികൾ ആസ്വദിക്കുന്നതിനുള്ള ഖത്തറിലെ പ്രമുഖ കേന്ദ്രമായി എക്സ്പോ മാറിയതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സന്ദർശകർക്കുപുറമേ താമസക്കാരും എക്സ്പോയിലെ സ്ഥിരം സന്ദർശകരാണ്. പൊതു-സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികളിൽ നിന്നും വലിയ പ്രതികരണമാണ് ഇതുവരെ ലഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ആറായിരത്തിലധികം വിദ്യാർഥികളാണ് രണ്ട് മാസത്തിനിടെ എക്സ്പോ സന്ദർശിച്ചത്. 200ൽ അധികം സ്കൂൾ ട്രിപ്പുകളാണ് ഇതുവരെ എക്സ്പോയിലേക്ക് പുറപ്പെട്ടത്. വിദ്യാർഥികളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും അറിവ് വിപുലീകരിക്കുന്നതിനും സഹായകമാകുന്ന വിദ്യാഭ്യാസ അനുഭവങ്ങൾ പ്രദാനം ചെയ്യുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ സ്കൂൾ ട്രിപ്പുകൾ പ്രതീക്ഷിക്കുന്നതായി സംഘാടകർ സൂചിപ്പിച്ചു. സാംസ്കാരിക ശിൽപശാലകൾക്ക് പുറമേ കുട്ടികൾക്കായി വിനോദ, സാംസ്കാരിക പ്രവർത്തനങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള വൈവിധ്യമാർന്ന പരിപാടികളും എക്സ്പോ വേദിയിൽ നിത്യകാഴ്ചയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.