അതിജീവനത്തിന്റെ രണ്ടുവർഷം
text_fieldsദോഹ: ഖത്തറിന്റെ വിജയകരമായ കോവിഡ് പോരാട്ടത്തിന് രണ്ട് വർഷം പൂർത്തിയാകുന്നു. വാക്സിനേഷനും രോഗപ്രതിരോധവുമായി രണ്ടുവർഷം പിന്നിടുമ്പോൾ ലോകരാജ്യങ്ങൾക്ക് മാതൃകയാവുകയാണ് ഖത്തറിന്റെ വിജയഗാഥ.
വാക്സിനേഷൻ കാമ്പയിനിലൂടെ രോഗത്തെ പിടിച്ചുകെട്ടുകയും രോഗികളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തതോടെ യാത്രാനിയന്ത്രണങ്ങളിലടക്കമുള്ള വലിയ ഇളവുകൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുകയും ചെയ്തു.
2020 ഫെബ്രുവരി 29നാണ് ഖത്തറിൽ ആദ്യമായി കോവിഡ് പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്തത്. ഇറാനിൽനിന്നെത്തിയ 36കാരനായ ഖത്തർ സ്വദേശിയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് രണ്ട് വർഷം കഴിയുമ്പോഴും കോവിഡിന്റെ വിവിധ വകഭേദങ്ങൾക്കെതിരായ ഖത്തറിന്റെ പോരാട്ടം വിജയപാതയിൽ തന്നെയാണ്.
കോവിഡിന്റെ മൂന്ന് തരംഗത്തെയും അതിജീവിക്കാൻ ഖത്തറിന് സാധിച്ചു. ആരോഗ്യമേഖലയും മറ്റു സർക്കാർ ഏജൻസികളും കോവിഡിനെതിരായ പോരാട്ടത്തിന്റെ മുൻനിരയിൽ അണിനിരന്നു.
ഒന്നാം തരംഗം മുതൽ രാജ്യത്തേർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ രോഗവ്യാപനം കുറക്കുന്നതിലും രോഗവ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിലും മരണനിരക്ക് കുറയുന്നതിലും നിർണായകമായി. ലോകത്തുതന്നെ കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്ന് ഖത്തറാണ്.
വിവിധ റിപ്പോർട്ടുകൾ പ്രകാരം അറബ് ലോകത്ത് കോവിഡ് മഹാമാരിയെ കാര്യക്ഷമതയോടെ കൈകാര്യംചെയ്ത രാജ്യങ്ങളിൽ ഖത്തറാണ് മികച്ചുനിൽക്കുന്നത്. ഡെർ സ്പീഗൽ മാഗസിന്റെ റിപ്പോർട്ടിൽ ആഗോളതലത്തിൽ 15ാമത് എത്തിയപ്പോൾ അറബ് ലോകത്ത് ഈ പട്ടികയിൽ ഇടംനേടിയ ഏകരാജ്യവും ഖത്തറായിരുന്നു.
രാജ്യത്ത് രോഗവ്യാപനം കുറക്കുന്നതിൽ നിർണായകമായത് അധികൃതർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളായിരുന്നു. ഖത്തറിലേക്ക് പ്രവേശിക്കുന്നവർ പാലിക്കേണ്ട ക്വാറൻറീൻ മാനദണ്ഡങ്ങൾ ലോകത്തുതന്നെ ഏറ്റവും കർശനമായിരുന്നുവെന്നാണ് വിലയിരുത്തൽ.
ഇത് രാജ്യത്തേക്ക് പുതിയ വൈറസ് വകഭേദങ്ങൾ എത്തിക്കുന്നത് വൈകിപ്പിച്ചു. ലോകരാജ്യങ്ങൾ പുതിയ വകഭേദങ്ങളുടെ പ്രതിസന്ധിയിൽ മുങ്ങുമ്പോൾ ഖത്തറിൽ വളരെ വൈകിയാണ് ഇവ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇഹ്തിറാസ് എന്ന കവചം
മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നുള്ള ആദ്യ നാളുകളിൽതന്നെ ടെക്നോളജിക്കൽ ഷീൽഡെന്നറിയപ്പെടുന്ന ഇഹ്തിറാസ് ആപ് ഖത്തർ വികസിപ്പിച്ചു. ലോകത്തുതന്നെ ആദ്യമായി ഇത്തരം സംവിധാനം വികസിപ്പിച്ച ചുരുക്കം രാജ്യങ്ങളിലൊന്നും ഖത്തറായിരുന്നു. ഇപ്പോഴും രോഗവ്യാപന വേഗത കുറക്കുന്നതിൽ ഈ ആപ് വലിയ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു. കോവിഡിന്റെ ഡിജിറ്റൽ പാസ്പോർട്ടായും രാജ്യത്തിനകത്ത് പൊതുജനങ്ങളുടെ കോവിഡ് സ്റ്റാറ്റസ് ആയുമെല്ലാം ഇഹ്തിറാസ് ആപ്ലിക്കേഷൻ മാറിയപ്പോൾ സങ്കേതികരംഗം എത്രമാത്രം സഹായകമാണെന്ന് ഒരിക്കൽ കൂടി വ്യക്തമാവുകയായിരുന്നു.
കരുത്തുറ്റ പ്രതിരോധം
ഇതുവരെയായി 3.52 ലക്ഷം പേർ കോവിഡ് മുക്തി നേടിക്കഴിഞ്ഞു. നിലവിൽ 3450 പേർക്ക് മാത്രമാണ് രോഗബാധയുള്ളത്. ആദ്യ തരംഗത്തിൽ 2020 മേയ് 30ന് റിപ്പോർട്ട് ചെയ്ത 2355 പോസിറ്റിവ് കേസുകളാണ് ഒരുദിവസത്തെ ഏറ്റവും ഉയർന്നകണക്ക്. കഴിഞ്ഞ വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിലായി കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 13ന് റിപ്പോർട്ട് ചെയ്ത 981 കേസുകളാണ് ഈ ഘട്ടത്തെ ഒരുദിവസത്തെ ഏറ്റവും ഉയർന്ന കണക്ക്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തന്നെ ഡെൽറ്റ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തപ്പോൾ ഖത്തറിൽ ആഗസ്റ്റിലാണ് ഇത് രേഖപ്പെടുത്തിയത്.
ഒമിക്രോൺ വകഭേദത്തെ തുടർന്ന് മൂന്നാം തരംഗം ഖത്തറിൽ റിപ്പോർട്ട് ചെയ്തു. ഈ വർഷം ജനുവരി 12ന് 4026 കേസുകളാണ് ഖത്തറിൽ രേഖപ്പെടുത്തിയത്. മൂന്നാം തരംഗത്തിലെ ഒരുദിവസത്തെ ഉയർന്നകണക്ക്.
അത്യാധുനിക ടെസ്റ്റിങ് സംവിധാനങ്ങളും ട്രേസിങ് പോളിസിയും രോഗം വേഗത്തിൽ കണ്ടെത്തുന്നതിന് സഹായിക്കുകയും കൃത്യ സമയത്ത് ചികിത്സ നൽകാൻ സാധിക്കുകയും ചെയ്തു. ഇത് മരണനിരക്ക് കുറക്കുന്നതിൽ വലിയ സഹായകമായി. 2020 മാർച്ച് 28ന് ആദ്യ മരണം റിപ്പോർട്ട് ചെയ്തത് മുതൽ ഇതുവരെയായി 668 പേർ കോവിഡിന് കീഴടങ്ങി.
പ്രതിദിനം 5000 മുതൽ 6000 സാമ്പിൾ വരെ ടെസ്റ്റ് ചെയ്യാൻ എച്ച്.എം.സിക്ക് കീഴിലെ ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി വിഭാഗത്തിന് സാധിക്കും. കോവിഡ് റിപ്പോർട്ട് ചെയ്ത് ഇതുവരെ 3372268 പേരെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.
കോവിഡ് പ്രതിരോധമേഖലയിൽ ഏറ്റവും പ്രധാന നേട്ടങ്ങളിലൊന്ന് 2021ലെ മാസ് വാക്സിനേഷൻ കാമ്പയിനായിരുന്നു. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി ഫൈസർ-ബയോൻടെക്, മോഡേണ വാക്സിനുകൾ വിതരണം ചെയ്തു. ജനസംഖ്യാടിസ്ഥാനത്തിൽ വാക്സിനേഷനിൽ ഖത്തർ ആദ്യ 10 രാജ്യങ്ങളുൾപ്പെടുന്ന പട്ടികയിലിടം നേടിയിട്ടുണ്ട്.
ജനസംഖ്യയുടെ 87 ശതമാനം പേരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവർക്ക് മൂന്നാം ഡോസ് വാക്സിനും സ്വീകരിക്കാം.
ഇതുവരെയായി 6306789 ഡോസ് വാക്സിൻ ഖത്തറിൽ വിതരണം ചെയ്തിട്ടുണ്ട്. 2021 സെപ്റ്റംബർ 15ന് ബൂസ്റ്റർ ഡോസ് നൽകാനാരംഭിച്ചത് മുതൽ ഇതുവരെയായി 1215002 ബൂസ്റ്റർ ഡോസും വിതരണം ചെയ്തു. കോവിഡ് കേസുകൾ കുറഞ്ഞുതുടങ്ങിയതോടെ നിയന്ത്രണങ്ങളിൽ അയവ് വരുത്താൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. പുതിയ നിയന്ത്രണങ്ങൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.