കോവിഡ്: യു.എ.ഇയും തുർക്കിയും ഖത്തറിൻെറ റെഡ് ലിസ്റ്റിൽ
text_fieldsദോഹ: കോവിഡ് ബാധിത രാജ്യങ്ങളെ ക്രമീകരിക്കുന്ന പട്ടികയിൽ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം മാറ്റംവരുത്തി. നേരത്തെ ഗ്രീൻ പട്ടികയിൽ ഉണ്ടായിരുന്ന യു.എ.ഇയെയും തുർക്കിയെയും റെഡ് ലിസ്റ്റിലേക്ക് മാറ്റികൊണ്ടാണ് പുതിയ പരിഷ്കാരം. മാറ്റം നവംബർ 15 ഉച്ച 12 മുതൽ പ്രാബല്ല്യത്തിൽ വരും. ഒക്ടോബർ രണ്ടു മുതൽ പ്രാബല്ല്യത്തിലുള്ള നിലവിലെ പട്ടികയിൽ 188 രാജ്യങ്ങളാണെങ്കിൽ പരിഷ്കാരം പ്രാബല്ല്യത്തിൽ വരുേമ്പാൾ രാജ്യങ്ങളുടെ എണ്ണം 181ആയി മാറും. യു.എ.ഇ, തുർക്കി, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ റെഡ് ലിസ്റ്റിലേക്ക് മാറ്റിയാണ് പരിഷ്കാരം.
ഇതു പ്രകാരം, യു.എ.ഇയിൽ നിന്നും സന്ദർശനത്തിന് വരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജി.സി.സി ഇതര പൗരന്മാർക്ക് ഖത്തറിൽ രണ്ടു ദിവസ ക്വാറൻറീൻ നിർബന്ധമായി മാറും. റെഡ് ലിസ്റ്റ് പ്രകാരം ഖത്തർ പൗരന്മാർ, ജി.സി.സി പൗരന്മാർ, ഖത്തർ റസിഡൻറ്സ് എന്നിവർക്ക് ദോഹയിലെത്തുന്നതിന് ക്വാറൻറീൻ ആവശ്യമില്ല. യാത്രക്ക് മുമ്പും, ശേഷവും പി.സി.ആർ പരിശോധന നടത്തി നെഗറ്റീവായാൽ മതിയാവും.
അതേസമയം, ജി.സി.സി ഇതര രാജ്യക്കാർ യു.എ.ഇയിൽ നിന്നും ഖത്തർ സന്ദർശനത്തിനെത്തുേമ്പാൾ വാക്സിൻ എടുത്തവരാണെങ്കിലും രണ്ടു ദിവസ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമായി മാറും. ഇത് പുതുതായി റെഡ് ലിസ്റ്റിൽ ഇടം പിടിച്ച തുർക്കി, റഷ്യ, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും ബാധകമാണ്. യു.എ.ഇ വിസയുള്ള ഇന്ത്യക്കാർക്ക് ഖത്തറിൽ സന്ദർശനം നടത്തണമെങ്കിൽ വാക്സിനേറ്റഡ് ആണെങ്കിലും രണ്ടു ദിന ക്വാറൻറീൻ ബുക്ക് ചെയ്യണം. റെഡ്ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം 18 നിന്നും 21 ആയി ഉയർത്തിയിട്ടുണ്ട്.
ഗ്രീൻ ലിസ്റ്റിൽ നിന്നും വരുന്ന ജി.സി.സിപൗരന്മാർക്കും സന്ദർശകർക്കുമൊന്നും ക്വാറൻറീൻ ആവശ്യമില്ല. അതിതീവ്രവിഭാഗമായ എക്സപ്ഷണൽ റെഡ് ലിസ്റ്റിലുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സ്റ്റാറ്റസിൽ മാറ്റമില്ല. ഈജിപ്തിനെ ഈ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തി. ബംഗ്ലാദേശ്, ഇന്തോനേഷ്യ, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പിൻസ്, ശ്രീലങ്ക, സുഡാൻ, ദക്ഷിണ സുഡാൻ എന്നിവയാണ് ഈ പട്ടികയിലെ മറ്റു രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.