ഉബർ ആപ്പിൽ ഇനി കർവയും വിളിക്കാം
text_fieldsദോഹ: ഖത്തറിലെ പ്രധാന പൊതുഗതാഗത ടാക്സി സർവിസായ കർവ ഇനി ഉബർ ആപ് വഴിയും ബുക്ക് ചെയ്യാം. കർവയുടെ മാതൃക സ്ഥാപനമായ മുവാസലാത്തും ഉബർ ആപ്പും തമ്മിൽ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചതോടെയാണ് ടാക്സി യാത്ര കൂടുതൽ എളുപ്പത്തിൽ പൊതുജനങ്ങൾക്ക് ഉറപ്പാകുന്നത്. ഊബർ ആപ്പിൽ ‘ടാക്സി’ ഒപ്ഷൻ തിരഞ്ഞെടുത്തുകൊണ്ട് യാത്ര ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങളെ തേടി കർവ ടാക്സിയെത്തുകയായി. ഊബർ എക്സിന്റെ ചാർജ് തന്നെയാവും കർവക്കും ഈടാക്കുന്നത്.
രാജ്യത്തെ ഗതാഗത മേഖല കൂടുതൽ അനായാസമാക്കുകയും, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പൊതുഗതാഗതം കാര്യക്ഷമമാക്കുകയും ചെയ്യുകയെന്ന ഖത്തർ ദേശീയ വിഷൻ 2030ലെ ലക്ഷ്യങ്ങളുടെ തുടർച്ച കൂടിയാണ് ഈ നീക്കം. ഖത്തറിന്റെ ഗതാഗത ശൃംഖല കൂടുതൽ കാര്യക്ഷമമാക്കാനും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കാനും പുതിയ നീക്കം കരുത്താകും.
ഉബറുമായുള്ള പങ്കാളിത്തം ഖത്തറിൽ വിപുലമായതും സുസ്ഥിരവുമായ പൊതുഗതാഗത സൗകര്യങ്ങൾ നൽകാനുള്ള സുപ്രധാന നാഴികക്കല്ലാണെന്ന് മുവാസലാത്ത് ലൈറ്റ് ട്രാൻസ്പോർട്ട് സർവിസ് ഡയറക്ടർ നാസർ മംദൂഹ് അൽ ഷമ്മാരി പറഞ്ഞു.പുതിയ സംരംഭം തങ്ങളുടെ സേവന കാര്യക്ഷമതയും സൗകര്യവും മെച്ചപ്പെടുത്തുന്നതോടൊപ്പം വിഷൻ 2030ന്റെ വിശാലമായ ലക്ഷ്യങ്ങൾ നേടാൻ കരുത്താകുമെന്നും അൽ ഷമ്മാരി കൂട്ടിച്ചേർത്തു.മുവാസലാത്ത് കമ്പനിയുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഖത്തറിലെ ആയിരക്കണക്കിന് റൈഡറുകളിലേക്ക് കർവ ടാക്സിയെ എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഊബർ ഖത്തർ-യു.എ.ഇ-ജോർഡൻ ജനറൽ മാനേജർ പിയ എൽ ഹാച്ചം പറഞ്ഞു.
പങ്കാളിത്തത്തിന്റെ ഭാഗമായി 2040ഓടെ ആഗോളാടിസ്ഥാനത്തിൽ എമിഷൻ ഫ്രീ മൊബിലിറ്റി പ്ലാറ്റ്ഫോമായി മാറാനുള്ള ഉബറിന്റെ ശ്രമങ്ങൾക്ക് അനുസൃതമായി കർവ ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം പ്രീമിയം വാഹനങ്ങളും ആപ്പിൽ ഉൾപ്പെടുത്തും. പങ്കാളിത്തം നിലവിൽ വന്നതോടെ പുതിയ സൗകര്യം കഴിഞ്ഞ ദിവസം മുതൽ ആപ്പിൽ പ്രവർത്തനക്ഷമമായിട്ടുണ്ട്. നിലവിലെ കർവ ആപ്പിന് പുറമെയാണ് ഊബർ ആപ്പിലും കർവ ടാക്സികൾ ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.