യുക്രെയ്ൻ, ഛാഡ്: ചർച്ചയുമായി ഖത്തർ-ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാർ
text_fieldsദോഹ: ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ യീവ്സ് ലെ ഡ്രിയാനുമായി പാരിസിൽ കൂടിക്കാഴ്ച നടത്തി.
ഖത്തർ-ഫ്രഞ്ച് നയതന്ത്ര ബന്ധത്തിെൻറ സുവർണ ജൂബിലിയോടനുബന്ധിച്ച് നടന്ന ഇരു വിദേശകാര്യമന്ത്രിമാരുടെയും കൂടിക്കാഴ്ചയിൽ ഖത്തറും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച നടന്നു.
യുക്രെയ്ൻ, ലിബിയ, ആണവ കരാർ, ഛാഡ് സമാധാന ചർച്ചകൾ തുടങ്ങി മേഖലാ, അന്തർദേശീയ വിഷയങ്ങളും പൊതുതാൽപര്യ വിഷയങ്ങളും കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. ഛാഡ് സമാധാന ചർച്ചകൾക്ക് ദോഹയാണ് വേദിയാകുന്നത്.
പ്രതിസന്ധികളും സംഘട്ടനങ്ങളും സമാധാന മാർഗങ്ങളിലൂടെ പരിഹരിക്കുകയെന്ന ഖത്തറിെൻറ നിലപാടുകളുടെ ഭാഗമായാണ് ഛാഡ് സമാധാന ചർച്ചകൾക്ക് ഖത്തർ വേദിയാകുന്നതെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുകയും മേഖലയുടെ സ്ഥിരത കൈവരിക്കുകയുമാണ് ഈ ശ്രമങ്ങളിലൂടെ ഖത്തർ ലക്ഷ്യമിടുന്നത്.
യുക്രെയ്നിലെ സാഹചര്യങ്ങൾ ആശങ്കയോടെയാണ് ഖത്തർ നോക്കിക്കാണുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി സമാധാന ചർച്ചകൾ അനിവാര്യമാണ്.
യുക്രെയ്െൻറ പരമാധികാരവും സ്വാതന്ത്ര്യവും അതിർത്തിയും ചർച്ചകളിൽ മാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ലിബിയയിലെ സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണ്. വിഭജനം അവസാനിപ്പിച്ച് രാഷ്ട്രീയ പരിഹാരത്തിലെത്തണമെന്നും ലിബിയൻ ജനതയുടെ സ്ഥിരത കൈവരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.