മാനുഷിക സഹായ വിതരണം; യു.എന്നും ഖത്തർ എയർവേസും ധാരണപത്രത്തിൽ ഒപ്പുവെച്ചു
text_fieldsദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കും അഭയാർഥികൾക്കും സഹായവസ്തുക്കൾ എത്തിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ പരിശ്രമങ്ങൾക്ക് ഖത്തർ എയർവേസിന്റെ പിന്തുണ. ഇതുമായി ബന്ധപ്പെട്ട് യു.എൻ ഓഫിസ് ഫോർ കോഓഡിനേഷൻ ഓഫ് ഹ്യൂമൻ അഫയേഴ്സുമായി ഖത്തർ എയർവേസ് ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഖത്തർ എയർവേസിന്റെ 170ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കും 70 ചരക്ക് ലക്ഷ്യസ്ഥാനങ്ങളിലേക്കും സഹായവും അടിയന്തര സാമഗ്രികളും എത്തിക്കാൻ ധാരണയായതായി ഖത്തർ എയർവേസ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.
വരുംവർഷങ്ങളിലും മാനുഷിക സേവന മേഖലകളിൽ പങ്കുവഹിക്കാൻ സന്നദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു.എൻ അണ്ടർ സെക്രട്ടറി ജനറൽ ഫോർ ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് ആൻഡ് എമർജൻസി റിലീഫ് കോഓഡിനേറ്റർ മാർട്ടിൻ ഗ്രിഫിത്ത്സ്, ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോൽവ അൽ ഖാതിർ, ഇന്റർനാഷനൽ ഓർഗനൈസേഷൻ വകുപ്പ് ഡയറക്ടർ ശൈഖ ഹനൂഫ് ബിൻത് അബ്ദുറഹ്മാൻ ആൽഥാനി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അഭയാർഥികൾക്കും ദുരിതമനുഭവിക്കുന്നവർക്കും അവശ്യ സഹായസാമഗ്രികൾ എത്തിക്കാൻ സഹായിക്കുന്നതിന് 400 ടൺ സൗജന്യ കാർഗോ സ്പേസ് നൽകി ഖത്തർ എയർവേസ് യു.എൻ അഭയാർഥി ഏജൻസിയുമായുള്ള കരാർ അടുത്തിടെ പുതുക്കിയിരുന്നു. ഖത്തർ എയർവേസ് കാർഗോ വിമാനത്താവളത്തിന് സമീപം വലിയ സൗകര്യം ഇതിനായി ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.