ഫലസ്തീന് പിന്തുണ ആവർത്തിച്ച് ഖത്തർ
text_fieldsദോഹ: ഫലസ്തീനികളെ കൂട്ടത്തോടെ പുറത്താക്കിയതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ നക്ബയുടെ 75 വർഷങ്ങൾ പിന്നിടുമ്പോഴും തുടരുകയാണെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി.
നക്ബ അനുസ്മരണത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രയുടെ പ്രഥമ ഉന്നതതല പരിപാടിയുമായി ബന്ധപ്പെട്ട് യു.എൻ ഉന്നതതല സമിതിക്ക് അയച്ച കത്തിലാണ് അമീറിന്റെ പരാമർശം. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര കൂട്ടായ്മയിൽ ഫലസ്തീന് ഇതുവരെ പൂർണ അംഗത്വം നൽകാൻ യു.എന്നിനായിട്ടില്ല.
നക്ബയുടെ ദുരന്തത്തിൽ നിന്നും ഫലസ്തീനികൾക്ക് കരകയറാനായിട്ടില്ലെന്നും ദശലക്ഷക്കണക്കിന് ഫലസ്തീനികൾ ഇപ്പോഴും ദുരിതത്തിലാണെന്നും കത്തിൽ വ്യക്തമാക്കിയ അമീർ, അഭയാർഥികളുൾപ്പെടെ അന്യായമായി പുറത്താക്കപ്പെട്ടർ തങ്ങളുടെ രാജ്യത്തേക്ക് മടങ്ങാനുള്ള അവകാശത്തെ മുറുകെ പിടിക്കുന്നവരാണെന്നും ചൂണ്ടിക്കാട്ടി.
ആ ദാരുണ സംഭവത്തിലൂടെ ജീവിച്ച 14 ലക്ഷം ഫലസ്തീനികൾക്കും അവരുടെ മാതാപിതാക്കൾക്കും മുത്തശ്ശിമാർക്കും മാത്രമല്ല, എല്ലാ അറബികൾക്കും മുസ്ലിംകൾക്കും ലോകമെമ്പാടുമുള്ള സ്വതന്ത്രരായ ആളുകൾക്കും വേണ്ടി ഫലസ്തീൻ വിഷയത്തിൽ ഈ സന്ദർഭത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നുവെന്നും അമീർ കത്തിൽ വിശദീകരിച്ചു.
75 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഐക്യരാഷ്ട്രസഭ നക്ബ വാർഷികം ആചരിക്കുന്നത്. 1967ൽ വെസ്റ്റ്ബാങ്കിലും ഗസ്സയിലും ഇസ്രായേൽ അധിനിവേശം നടത്തിയിട്ട് 56 വർഷം പിന്നിട്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.