അഫ്ഗാൻ സമാധാന ചർച്ച: ഖത്തറിന് യു.എൻ രക്ഷാസമിതിയുടെ പ്രശംസ
text_fieldsദോഹ: സെപ്റ്റംബർ 12ന് ദോഹയിൽ ആരംഭിച്ച അഫ്ഗാൻ സമാധാന ചർച്ചകൾക്ക് സൗകര്യമൊരുക്കിയ ഖത്തറിന് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ പ്രശംസ. അഫ്ഗാൻ സമാധാന ചർച്ചകൾ ദോഹയിൽ ആരംഭിച്ചത് സ്വാഗതം ചെയ്യുകയാണെന്നും അഫ്ഗാനിസ്താെൻറ പരമാധികാരം, സ്വാതന്ത്ര്യം, ദേശീയ ഐക്യം എന്നിവ ഉറപ്പുവരുത്തുന്നതിന് രക്ഷാസമിതി പ്രതിജ്ഞാബദ്ധമാണെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി.
സമഗ്രവും സുതാര്യവുമായ സമാധാന പ്രക്രിയകളിലൂടെ മാത്രമേ സുസ്ഥിര സമാധാനം പുലരുകയുള്ളൂ. അഫ്ഗാനിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് സ്ഥിരമായതും സമഗ്രവുമായ വെടിനിർത്തലും രാഷ്ട്രീയ ഒത്തുതീർപ്പും അനിവാര്യമാണ്. അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതുൾപ്പെടെയുള്ളവ സ്വീകരിച്ച് സമാധാനം പുലരുന്നത് വരെ എല്ലാ കക്ഷികളും ചർച്ചകളും സംവാദങ്ങളും തുടരണമെന്നും രക്ഷാസമിതി ആഹ്വാനംചെയ്തു.
അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഐക്യരാഷ്ട്രസഭയുടെ പങ്ക് വലുതാണ്. അഫ്ഗാൻ ചർച്ചകൾക്കായി സൗകര്യമൊരുക്കുന്ന എല്ലാ മേഖല-അന്തർദേശീയ കക്ഷികളുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്യുകയാണ്. അഫ്ഗാനിസ്താനിൽ സമാധാനം സ്ഥാപിക്കുന്നതിൽ മധ്യസ്ഥത വഹിക്കുന്ന, അതിന് സൗകര്യം ചെയ്യുന്ന ഖത്തറിന് നന്ദി അറിയിക്കുകയാണെന്നും യു.എൻ രക്ഷാസമിതി അംഗരാജ്യങ്ങൾ വ്യക്തമാക്കി.
2020ലെ 2513ാം നമ്പർ പ്രമേയം നടപ്പാക്കുന്നതിെൻറ പ്രാധാന്യവും സമിതി ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്താനിലെ വിവിധ കക്ഷികൾക്കിടയിൽ ചർച്ചകൾ ആരംഭിക്കുന്നതിനും സംഘട്ടനങ്ങൾ അവസാനിപ്പിക്കുന്നതിനുമായി കഴിഞ്ഞ മാർച്ചിലാണ് പ്രമേയം അവതരിപ്പിച്ചത്.
19 വർഷമായി തുടരുന്ന അഫ്ഗാൻ യുദ്ധം അവസാനിപ്പിച്ച് രാജ്യത്ത് സമാധാനം സ്ഥാപിക്കാനായുള്ള ചരിത്രപ്രധാനമായ ചർച്ചകളാണ് ദോഹയിൽ പുരോഗമിക്കുന്നത്.
അഫ്ഗാൻ സർക്കാറും താലിബാനും തമ്മിൽ ഖത്തറിെൻറ മധ്യസ്ഥതയിൽ ഒരു മേശക്കു ചുറ്റുമിരിക്കുന്ന ചർച്ച ഇതാദ്യമായാണ് നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ഉദ്ഘാടന സെഷനിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, അഫ്ഗാൻ ദേശീയ അനുരഞ്ജന ഉന്നതസമിതി ചെയർപേഴ്സൺ അബ്ദുല്ല അബ്ദുല്ല, താലിബാൻ ഉപനേതാവ് മുല്ലാ അബ്ദുൽ ഗനി ബറാദർ എന്നിവരാണ് പങ്കെടുത്തത്.
ഏതെങ്കിലും പക്ഷം വിജയിക്കുകയോ കീഴടക്കുകയോ ചെയ്യുക എന്നതല്ല ചർച്ചയുടെ സ്വഭാവമെന്നും ശാശ്വതസമാധാനം പുലരുകയാണ് ലക്ഷ്യമെന്നും ഖത്തർ വിദേശകാര്യമന്ത്രി പറഞ്ഞു. അഫ്ഗാനിലെ പ്രശ്നങ്ങൾക്ക് സൈനികമായ പരിഹാരം സാധ്യമല്ലെന്നാണ് ചരിത്രം നമ്മെ പഠിപ്പിച്ചത്. പെട്ടെന്നും ശാശ്വതമായതുമായ വെടിനിർത്തൽ ഉടൻ നിലവിൽ വരണം. ഇതിന് അഫ്ഗാനിലെ എല്ലാ ഗ്രൂപ്പുകളുമായും പാർട്ടികളുമായി ചർച്ചകൾ നടത്തേണ്ടതുണ്ട്. ഇതിനുശേഷം അന്തിമമായ കരാർ സാധ്യമാവും. ആരെങ്കിലും വിജയിക്കുകയോ പരാജയപ്പെടുകയോ എന്നത് അടിസ്ഥാനപ്പെടുത്തിയുള്ള കരാർ ആയിരിക്കില്ല അതെന്നുമാണ് വിദേശകാര്യമന്ത്രി പറഞ്ഞത്.
അഫ്ഗാൻ സമാധാനത്തിനായി നേരത്തേ നിരവധി ചർച്ചകൾ ദോഹയിൽ നടന്നിരുന്നു. യു.എസും താലിബാനും തമ്മിൽ നടന്ന ചർച്ചകളുെട ഫലമായി കഴിഞ്ഞ ഫെബ്രുവരിയിൽ സമാധാന കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ അമേരിക്കയുടെ പാവസർക്കാറാണ് അഫ്ഗൻ ഭരിക്കുന്നതെന്നും ഇതിനാൽ സർക്കാറുമായി ചർച്ചക്കില്ലെന്നുമായിരുന്നു താലിബാൻ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.