ഖത്തർ ഉപരോധം ഉടൻ നീക്കണമെന്ന് യു.എൻ പ്രത്യേക റാപ്പോർട്ടർ
text_fieldsദോഹ: ഖത്തറിനെതിരായ എല്ലാ നിയന്ത്രണങ്ങളും വിലക്കുകളും ഉടൻ നീക്കണമെന്നാവശ്യപ്പെട്ട് യു.എൻ മനുഷ്യാവകാശ പ്രത്യേക റാപ്പോർട്ടർ അലീന ദുഹാൻ. ഖത്തറിനെതിരായ ഉപരോധം ഏർപ്പെടുത്തിയതിലൂടെ ഉപരോധരാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചിരിക്കുകയാണെന്നും ദുഹാൻ ചൂണ്ടിക്കാട്ടി. നവംബർ ഒന്നു മുതൽ 12 വരെ നീണ്ടുനിന്ന ഖത്തർ സന്ദർശനത്തിെൻറ സമാപനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ. ഖത്തർ സന്ദർശനത്തിനിടെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, പാർലമെൻറ് അംഗങ്ങൾ, ജുഡീഷ്യറി അംഗങ്ങൾ, അന്താരാഷ്ട്ര സംഘടന പ്രതിനിധികൾ, നയതന്ത്ര പ്രതിനിധികൾ, സിവിൽ സൊസൈറ്റി, ദേശീയ മനുഷ്യാവകാശ സമിതി പ്രതിനിധികൾ, നിയമവിദഗ്ധർ, ഗവേഷകർ, ആക്ടിവിസ്റ്റുകൾ, ഇരകൾ, കുടുംബങ്ങൾ തുടങ്ങിയവരുമായി അവർ കൂടിക്കാഴ്ച നടത്തി. ഖത്തറിനെതിരെ ഉപരോധമേർപ്പെടുത്തിയിരിക്കുന്ന അയൽരാജ്യങ്ങളുൾപ്പെടെയുള്ള നാല് രാജ്യങ്ങളും എത്രയും വേഗത്തിൽ അത് പിൻവലിക്കണം. അഭിപ്രായസ്വാതന്ത്ര്യം, ഗതാഗതം, സ്വത്ത് കൈകാര്യം ചെയ്യുക, വാണിജ്യം എന്നീ മേഖലകളിലേർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും ഉടൻ നീക്കണമെന്നും അവർ ആവർത്തിച്ചു.
മരുന്നുകളുടെയും മറ്റ് മെഡിക്കൽ സാമഗ്രികളുടെയും ഭക്ഷ്യവസ്തുക്കളുടെയും അവശ്യവസ്തുക്കളുടെയും കൈമാറ്റത്തെ തടയുന്നതിലൂടെ അന്താരാഷ്ട്ര നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഖത്തറിനെതിരായ നിയന്ത്രണങ്ങൾ നീക്കുന്നതിന് നാല് രാജ്യങ്ങളോടും താൻ ആവശ്യപ്പെടുകയാണെന്നും അവർ പറഞ്ഞു.സമാധാനപരമായും അക്രമരഹിതവുമായി നടത്തപ്പെടുന്ന പ്രവർത്തനങ്ങളെ ഞെരുക്കുന്നതിനായി ഭീകരവാദവിരുദ്ധ, ദേശീയ സുരക്ഷാ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിൽനിന്ന് ഉപരോധരാജ്യങ്ങൾ പിന്മാറണം.
2017ൽ ഖത്തറിനെതിരായ ഉപരോധം കാരണം ഖത്തരികളായ വിദ്യാർഥികളടക്കമുള്ള ആളുകൾ കടുത്ത വിവേചനത്തിനാണ് ഇരയാകുന്നത്. ഇവർക്ക് വിവേചനരഹിതമായി മറ്റു രാജ്യങ്ങളിൽ നിയമപീഠത്തെ സമീപിക്കുന്നതിന് സൗകര്യം നൽകണമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.