അണ്ടർ 23 ഏഷ്യൻ കപ്പ്; യൂത്ത് ഫുട്ബാളിൽ ഇന്തോനേഷ്യൻ വിപ്ലവം
text_fieldsദോഹ: ഒരു ജയത്തിനപ്പുറം ഇന്തോനേഷ്യൻ ഫുട്ബാളിനെ കാത്തിരിക്കുന്നത് സ്വപ്ന തുല്യമായ നേട്ടം. ലോകഫുട്ബാളിൽ ഒന്നുമില്ലാത്തവർ എന്ന മേൽവിലാസത്തിൽനിന്നും വമ്പൻ താരങ്ങളും ടീമുകളും മാറ്റുരക്കുന്ന ഒളിമ്പിക്സ് മൈതാനിയിൽ ഒരിടം എന്ന നേട്ടം ഖത്തറിൽ പന്തുതട്ടുന്ന യുവനിരക്ക് സ്വന്തമാകും. അണ്ടർ 23 ഏഷ്യൻകപ്പ് ഫുട്ബാളിന്റെ സെമി ഫൈനലിൽ ഇടം പിടിച്ചതോടെ തന്നെ, ഇന്തോനേഷ്യയുടെ ഒളിമ്പിക്സ് യോഗ്യത സ്വപ്നങ്ങൾക്ക് ചിറകുമുളച്ചു കഴിഞ്ഞു. ആദ്യ മൂന്നിലൊന്നായാൽ ഒളിമ്പിക്സ് ഇടം ഉറപ്പിക്കാം, നാലാമതാണെങ്കിൽ േപ്ലഓഫ് കളിച്ച് ജയിച്ച് മുന്നേറാനും അവസരമുണ്ട്.
ഏഷ്യൻ കപ്പിലെ ആദ്യ റൗണ്ട് മുതൽ മിന്നും പ്രകടനംകൊണ്ട് അതിശയിപ്പിച്ച ഇന്തോനേഷ്യ, ക്വാർട്ടറിൽ കരുത്തരായ ദക്ഷിണ കൊറിയയെ സഡൻ ഡെത്തിൽ അട്ടിമറിച്ചാണ് സെമിയിൽ പ്രവേശിച്ചത്. എ.എഫ്.സി അണ്ടർ-23 ഏഷ്യൻ കപ്പിലേക്ക് ആദ്യമായി യോഗ്യത നേടുമ്പോൾ സെമി-ഫൈനലിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെച്ചിരുന്നില്ലെന്നായിരുന്നു മത്സരശേഷം ഇന്തോനേഷ്യൻ പരിശീലകനായ ഷിൻ ടെ-യോങ് പറഞ്ഞത്. വ്യാഴാഴ്ച സ്വന്തം നാട്ടുകാരായ ദക്ഷിണ കൊറിയക്കെതിരെ തന്റെ കുട്ടികൾ ആവേശകരമായ ക്വാർട്ടർ ഫൈനലും കടന്ന് സെമി ഫൈനലെന്ന തന്റെ ലക്ഷ്യത്തിലെത്തുന്നത് നിറകണ്ണുകളോടെ നോക്കിനിന്ന് ഷിൻ വികാരഭരിതനായിരുന്നു.
‘2019ൽ ഇന്തോനേഷ്യൻ ടീമിന്റെ പരിശീലകനായതു മുതൽ മികച്ച ടീമിനെ കെട്ടിപ്പടുക്കുകയായിരുന്നു ലക്ഷ്യമെന്നും, ആദ്യമായി എ.എഫ്.സി അണ്ടർ-23 ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടുമ്പോൾ അവസാന നാലിലെത്തുമെന്ന് വിശ്വസിച്ചിരുന്നതായും മത്സരശേഷം ഷിൻ പറഞ്ഞു. എർണാണ്ടോ ആരി, റിസ്കി റിദോ, പ്രതമ അർഹാൻ എന്നിവരടങ്ങുന്ന ഒരുസംഘം നാലു വർഷമായി കൂടെയുണ്ട്. അവരെ നന്നായി മനസ്സിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അവരിൽ നല്ല വിശ്വാസമായിരുന്നു. എന്നെ വിശ്വസിക്കാനും എന്നെ പിന്തുടരാനും മാത്രമായിരുന്നു ഞാനവരോട് പറഞ്ഞിരുന്നത്. ഒരുമിച്ച് നമുക്ക് ഫൈനലിലേക്ക് പോകാൻ സാധിക്കും. താരങ്ങൾക്ക് നൽകുന്ന ആത്മവിശ്വാസമാണ് കൈമുതൽ അതാണ് ഞങ്ങളെ ഇത്രയും ദൂരത്തിലേക്കെത്തിച്ചത്’ -ഷിൻ വ്യക്തമാക്കി.
പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ച് ടൂർണമെന്റ് സെമിയിലെത്തുന്ന പത്താമത് ടീമാകാനും ഇന്തോനേഷ്യക്ക് സാധിച്ചു. കൊറിയക്കെതിരെ 2-2ന് അവസാനിച്ച മത്സരം ഷൂട്ടൗട്ടിൽ 11-10 സ്കോറിന് ഇന്തോനേഷ്യ വിജയിക്കുകയുമായിരുന്നു. ഫുട്ബാളിലെ ഇന്തോനേഷ്യയുടെ വളർച്ച അതിവേഗത്തിലാണെന്ന് ഈ പരിശീലകൻ ചൂണ്ടിക്കാട്ടുന്നു. ഏഷ്യയിൽ മറ്റുരാജ്യങ്ങൾക്ക് വെല്ലുവിളിയുയർത്താൻ സാധിക്കുമാറ് രാജ്യം ഏറെ മുന്നേറിയെന്നും എതിരാളികൾ ആരായാലും മത്സരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഇന്തോനേഷ്യൻ ഫുട്ബാളിന് കൈവന്നിരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഒളിമ്പിക് യോഗ്യതക്കുള്ള തയാറെടുപ്പുകൾ ഒരു ഭാഗത്ത് നടക്കുന്നു. വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതയിൽ ജൂണിൽ രണ്ട് മത്സരങ്ങളാണുള്ളത്. അതിൽ വിജയിച്ച് റൗണ്ട് മൂന്നിലേക്ക് മുന്നേറുകയാണ് ലക്ഷ്യം. ഞങ്ങൾ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. ഷിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ യാത്ര തുടരുകയും ചാമ്പ്യന്മാരാകുകയെന്ന ലക്ഷ്യമാണ് അടുത്തതെന്നും പ്രത്യാശയോടെ അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.