ജപ്പാനും പാരിസിലേക്ക്
text_fieldsദോഹ: ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമി ഫൈനലിൽ ഇറാഖിനെ വീഴ്ത്തിയ ജപ്പാനും, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഇന്തോനേഷ്യയെ വീഴ്ത്തിയ ഉസ്ബെകിസ്താനും അണ്ടർ 23 ഏഷ്യൻ കപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടും. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇരു ടീമുകളുടെയും വിജയം. ഫൈനൽ പ്രവേശനത്തോടെ ജപ്പാനും ഉസ്ബെകിസ്താനും ആഗസ്റ്റിൽ പാരിസിൽ നടക്കുന്ന ഒളിമ്പിക്സിന്റെ ഫുട്ബാളിലേക്ക് യോഗ്യത നേടി. വൻകരയിൽ നിന്നുള്ള മൂന്നാമത്തെ ഒളിമ്പിക്സ് ടിക്കറ്റ് വ്യാഴാഴ്ച നടക്കുന്ന ഇറാഖ്-ഇന്തോനേഷ്യ ലൂസേഴ്സ് ഫൈനലിലെ വിജയികൾക്ക് സ്വന്തമാക്കാം. തിങ്കളാഴ്ച രാത്രിയിൽ നടന്ന മത്സരത്തിൽ ഇറാഖിനെതിരെ ആദ്യ പകുതിയിൽ നേടിയ ഗോളുകളിലായിരുന്നു ജപ്പാന്റെ വിജയം. കളിയുടെ 28ാം മിനിറ്റിൽ മോ ഹൊസോയ, 42ാം മിനിറ്റിൽ റ്യോടറോ അറാകി എന്നിവർ ഇറാഖിന്റെ വലകുലുക്കി.
വെള്ളിയാഴ്ച ഖത്തർ സമയം വൈകുന്നേരം 6.30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് വൻകരയുടെ യൂത്ത് ഫുട്ബാൾ മേളയുടെ കലാശപ്പോരാട്ടം. 2016ൽ അണ്ടർ 23 ഏഷ്യൻ കിരീടമണിഞ്ഞ ജപ്പാൻ, അതിനു ശേഷം ആദ്യമായാണ് ഫൈനലിൽ പ്രവേശിക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനക്കാരായിരുന്നു. അതേസമയം, തുടർച്ചയായ എട്ടാം തവണയാണ് ഒളിമ്പിക്സിന് അവർ യോഗ്യത നേടുന്നത്. ഇതുവരെയായി 11 തവണ ജപ്പാൻ ഒളിമ്പിക്സിൽ പന്തുതട്ടിയിട്ടുണ്ട്. അതേസമയം, ഫൈനലിൽ ഇടം നേടിയ ഉസ്ബെകിസ്താന്റെ ആദ്യ ഒളിമ്പിക്സ് യോഗ്യതയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.